മാധവന്‍ നായര്‍ക്കെതിരേ സിഎജി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: ആന്‍ഡ്രിക്സ്- ദേവാസ് ഇടപാടു സംബന്ധിച്ചു ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ക്കെതിരേ സിഎജി റിപ്പോര്‍ട്ട്. ഇടപാടു സംബന്ധിച്ചു മാധവന്‍ നായര്‍ കേന്ദ്രമന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും നിര്‍ണായക വിവരങ്ങള്‍ മറച്ചുവച്ചെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചു. ആന്‍ഡ്രിക്സ്- ദേവാസ് കരാറില്‍ മാധവന്‍ നായര്‍ വിശ്വാസ വഞ്ചന കാണിച്ചുവെന്നും പൊതുസ്വത്തു സ്വകാര്യ കമ്പനിക്കു നേട്ടം ഉണ്ടാക്കുന്നതിനു നല്‍കുകയൂം ലാഭത്തിനു വേണ്ടി ചില വിട്ടുവീഴ്ചകള്‍ ചെയ്തതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

2008 ജനുവരിയിലാണു ബംഗളൂരു ആസ്ഥാനമായ ദേവാസ് മള്‍ട്ടി മീഡിയയും ഐഎസ്ആര്‍ഒ വാണിജ്യ വിഭാഗം ആന്‍ഡ്രിക്സ് കോര്‍പ്പറേഷനും തമ്മില്‍ കരാര്‍ ഒപ്പിട്ടത്. ആന്‍ഡ്രിക്സ് വിക്ഷേപിക്കുന്ന രണ്ട് ഉപഗ്രഹങ്ങളില്‍ നിന്നുളള എസ് ബാന്‍ഡ് സ്പെക്ട്രം നല്‍കുന്നതിനു വേണ്ടിയുളള കരാറായിരുന്നു ഇത്. ഇതുപ്രകാരം ദേവാസിന് 90 ശതമാനം ബാന്‍ഡും ലഭിക്കുമായിരുന്നു. ഈ വാര്‍ത്ത പുറത്തു വരികയും വിവാദമാകുകയും ചെയ്തതോടെ ഐഎസ്ആര്‍ഒ ഇടപാടില്‍ നിന്നു സ്വയം പിന്മാറി.

തുടര്‍ന്നു മാധവന്‍ നായരെ സര്‍ക്കാര്‍ ജോലികളില്‍ വിലക്കി കൊണ്ടു കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹം പറ്റ്ന ഐഐടി ഒഫ് ഗവര്‍ണേഴ്സ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയും ചെയ്തു. മാത്രമല്ല തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്നും വിവാദ ഇടപാടു സംബന്ധിച്ച എല്ലാ രേഖകളും കൈമാറണമെന്നും പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു പ്രധാനമന്ത്രിയുടെ ഓഫിസിനു കത്തയച്ചു. ഇതിനിടെയാണു മാധവന്‍ നായരെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുളള സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത്.

Short URL: http://www.janmabhumidaily.com/jnb/?p=55508



Posted by admin on May 15 2012. Filed under BREAKING NEWS, DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011