എയര്‍ ഇന്ത്യ സമരം: ഒത്തുതീര്‍പ്പിന് സാധ്യത; ചര്‍ച്ച അടുത്തയാഴ്ച
ന്യൂദല്‍ഹി:എയര്‍ ഇന്ത്യയിലെ വിവിധ സംഘടനകളുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്ന് വ്യോമയാനമന്ത്രി അജിത് സിംഗ്. ജീവനക്കാരുടെ ജോലി സാഹചര്യം, ഉദ്യോഗക്കയറ്റം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് വ്യോമയാനമന്ത്രി പറഞ്ഞു. എയര്‍ ഇന്ത്യ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ധര്‍മ്മാധികാരി സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുക തുടങ്ങിയവയായിരിക്കും പ്രധാനചര്‍ച്ചാവിഷയങ്ങള്‍. എന്നാല്‍ ഔദ്യോഗികസംഘടനകളുമായി മാത്രമാണ് അടുത്തയാഴ്ച ചര്‍ച്ച നടക്കുന്നത്. സമരം തുടരുന്ന ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡിന്റെ അംഗീകാരം റദ്ദാക്കിയ സാഹചര്യത്തില്‍ ഐപിജിയിലെ അംഗങ്ങള്‍ ചര്‍ച്ചക്കെത്തുമോ എന്ന് വ്യക്തമല്ല.
ഇതിനിടെ സമരം നിയമവിരുദ്ധമാണെന്ന ഉത്തരവിനെതിരെയുള്ള ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡിന്റെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. പെയിലറ്റുമാരുടെ സമരം പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കീല്‍, രാജീവ് ഷാക്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. സമരം നിയവിരുദ്ധമാണെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഐപിജി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
അതേസമയം, പൈലറ്റുമാര്‍ എയര്‍ ഇന്ത്യക്ക് വന്‍ സാമ്പത്തികനഷ്ടമുണ്ടാക്കിയതായി വ്യോമയാനമന്ത്രി പാര്‍ലമെന്റില്‍ ആരോപിച്ചു. ക്രമക്കേടുകളെക്കുറിച്ചുള്ള 161 കേസുകള്‍ വിജിലന്‍സ് വിഭാഗം അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികപ്രതിസന്ധിയില്‍പ്പെട്ട് എയര്‍ ഇന്ത്യ വലയുമ്പോള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ താമസം ഉള്‍പ്പെടെ പൈലറ്റുമാര്‍ നിയമവിരുദ്ധമായി പല ആനുകൂല്യങ്ങളും നേടിയെടുത്തതായും അജിത് സിംഗ് ചൂണ്ടിക്കാട്ടി.
സമരത്തിലായിരുന്ന പൈലറ്റുമാരില്‍ ചിലര്‍ ജോലിയില്‍ പ്രവേശിച്ചു തുടങ്ങിയതായി എയര്‍ ഇന്ത്യ അവകാശപ്പെട്ടു. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഹാജരാകുമെന്നാണ് പ്രതീക്ഷയെന്നും എയര്‍ ഇന്ത്യ അറിയിച്ചു. എന്നാല്‍ ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡ് ഇത് നിഷേധിച്ചു. തങ്ങളുടെ സമരം തുടരുകയാണെന്ന് ഐപിജി വ്യക്തമാക്കി.
പൈലറ്റുമാരുടെ സമരം പത്താംദിവസം പിന്നിടുമ്പോള്‍ എയര്‍ ഇന്ത്യക്ക് 188 കോടി രുപയുടെ നഷ്ടമുണ്ടായെന്നാണ് മാനേജ്മെന്റ് അധികൃതര്‍ വിലയിരുത്തുന്നത്. ടിക്കറ്റ് റദ്ദാക്കിയതിലൂടെയാണ് കൂടുതല്‍ നഷ്ടം. എയര്‍ ഇന്ത്യയുടെ 17 ബോയിംഗ് 777 വിമാനങ്ങളില്‍ 8 എണ്ണം മാത്രമാണ് സര്‍വീസ് നടത്തുന്നത്. സമരം നടത്തുന്ന ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡിലെ പെയിലറ്റുമാരായിരുന്നു ഈ വിമാനങ്ങള്‍ ഓടിച്ചിരുന്നത്. അവധിക്കാലാഘോഷങ്ങള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത നൂറ് കണക്കിന് യാത്രക്കാരുടെ പരാതി ദിവസവും കേള്‍ക്കേണ്ടിവരുന്നുണ്ടെന്നും എയര്‍ ഇന്ത്യ മാനേജമെന്റ് ചൂണ്ടിക്കാട്ടി.
Short URL: http://www.janmabhumidaily.com/jnb/?p=55752