വിഎസിന്റെ മകനെതിരെ വിജിലന്‍സ്‌ അന്വേഷണം

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്‌.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണം. ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ സെക്രട്ടറിയാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ അരുണ്‍കുമാറിനെ ഐടിസി അക്കാദമി ഡയറക്ടറാക്കാന്‍ നടത്തിയ ശ്രമവും ഐഎച്ച്‌ആര്‍ഡിയിലെ സ്ഥാനക്കയറ്റം സംബന്ധിച്ച ആരോപണങ്ങളുമാണ്‌ വിജിലന്‍സ്‌ അന്വേഷിക്കുക.
ആരോപണം സംബന്ധിച്ച നിയമസഭാസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌. കഴിഞ്ഞ മാര്‍ച്ച്‌ എട്ടിനാണ്‌ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. വി.ഡി.സതീശന്‍ അധ്യക്ഷനായ നിയമസഭാ സമിതിയാണ്‌ അന്വേഷണം നടത്തിയത്‌.
അരുണ്‍കുമാറിന്‌ അനധികൃത നിയമനമാണ്‌ നല്‍കിയതെന്ന്‌ പി.സി.വിഷ്ണുനാഥ്‌ എംഎല്‍എ നിയമസഭയില്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ്‌ വി.എ.അരുണ്‍കുമാറിനെതിരെ അന്വേഷണം ആരംഭിക്കുന്നത്‌. അന്വേഷണത്തില്‍ ആരോപണം തെറ്റാണെന്ന്‌ തെളിഞ്ഞാല്‍ വിഷ്ണുനാഥ്‌ മാപ്പ്‌ പറയണമെന്ന്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ്‌ സ്പീക്കര്‍ അന്വേഷണം പ്രഖ്യാപിച്ചത്‌.
ഐഎച്ച്‌ആര്‍ഡിയിലെ അനധികൃത സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട്‌ വി.എ.അരുണ്‍കുമാര്‍ കുറ്റക്കാരനാണെന്ന്‌ നേരത്തെ നിയമസഭാ സമിതി കണ്ടെത്തിയിരുന്നു. ഐഎച്ച്‌ആര്‍ഡി അസിസ്റ്റന്റ്‌ ഡയറക്ടര്‍, ഐസിടി അഡീഷണല്‍ ഡയറക്ടര്‍ എന്നീ നിയമനങ്ങള്‍ ക്രമവിരുദ്ധമാണെന്ന്‌ സമിതി കണ്ടെത്തിയിട്ടുണ്ട്‌. ഫണ്ട്‌ തിരിമറി സംബന്ധിച്ച്‌ തെളിവില്ലെന്നുമായിരുന്നു സമിതിയുടെ അന്നത്തെ വിലയിരുത്തല്‍.
നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്‌ ഐഎച്ച്‌ആര്‍ഡിയില്‍ അസിസ്റ്റന്റ്‌ ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിക്കുന്നത്‌. 18 അപേക്ഷകര്‍ ഉണ്ടായിരുന്നെങ്കിലും ഒന്നാംറാങ്ക്‌ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ജോലി ലഭിച്ചത്‌. എം.സി.എയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവുമായിരുന്നു യോഗ്യതയായി നിശ്ചയിച്ചിരുന്നത്‌. ഒരു വര്‍ഷത്തെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ്‌ കയര്‍ഫെഡ്‌ എംഡിയായി നിയമിതനായി. രണ്ടു വര്‍ഷത്തിനുശേഷം ഐ.എച്ച്‌.ആര്‍.ഡിയുടെ കട്ടപ്പനയിലെ കോളേജില്‍ പ്രിന്‍സിപ്പലായി നിയമിക്കുകയും ചെയ്തു.
സ്വന്തം ലേഖകന്‍

Short URL: http://www.janmabhumidaily.com/jnb/?p=55990



Posted by admin on May 19 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011