ചന്ദ്രശേഖരന്‍ വധം: സി.പി.എം നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

വടകര: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.എം ഒഞ്ചിയം ഏര്യാ സെക്രട്ടറി സി.എച്ച്. അശോകനെയും ഏര്യാ കമ്മിറ്റിയംഗം കെ.കെ. കൃഷ്ണനെയും ജൂണ്‍ ഏഴു വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൊലയെക്കുറിച്ച് ഇരുവര്‍ക്കും മുന്‍‌കൂട്ടി അറിയാമായിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചു.

ഇന്നലെ രാത്രിയാണ് അശോകനെയും കൃഷ്ണനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ തന്നെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇതിന്റെ നടപടിക്രമങ്ങള്‍ക്കായി ഇരുവരെയും എസ്.പി ഓഫീസില്‍ എത്തിച്ചപ്പോള്‍ എളമരം കരീമിന്റെ നേതൃത്വത്തില്‍ സി.പി.എം നേതാക്കള്‍ അവിടെയെത്തി അറസ്റ്റിനെ ചോദ്യം ചെയ്തു. എന്നാല്‍ പോലീസ് വഴങ്ങിയില്ല.

ഗൂഢാലോചനയിലും പ്രതികളെ ഒളിപ്പിച്ചതുമാണ്‌ ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. എന്‍.ജി.ഒ യൂണിയന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സി.എച്ച അശോകന്‍ കൃത്യം നടന്ന ദിവസം കൊല്ലത്തെ എന്‍.ജി.ഒ യൂണിയന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഒഞ്ചിയത്ത് നിന്നും പോയിരുന്നു. ഇത് ബോധപൂര്‍വ്വമായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

പോലീസ് കസ്റ്റഡിയിലുള്ള കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി രാമചന്ദ്രനാണ് സി.എച്ച് അശോകന് കൊലയെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് അശോകന്റെയും കൃഷ്ണന്റെയും ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിച്ചിരുന്നു.

അശോകനെയും കൃഷ്ണനെയും കോടതിയില്‍ എത്തിച്ചപ്പോള്‍ പ്രതിഷേധവുമായി സി.പി.എം പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇത് നേരിയ സംഘര്‍ഷത്തിന് കാരണമായി. തടിച്ചു കൂടിയ സി.പി.എം പ്രവര്‍ത്തകരെ പോലീസ് വിരട്ടിയോടിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

Short URL: http://www.janmabhumidaily.com/jnb/?p=56620



Posted by admin on May 24 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011