റോളണ്ട് ഗാരോസ് ഒരുങ്ങി
പാരീസ്: റോളണ്ട് ഗാരോസില്‍ പുതിയ ചാമ്പ്യനെ തേടി മഞ്ഞ പന്തുകള്‍ നാളെ മുതല്‍ പാറിപറക്കും. ഫ്രഞ്ച് ഓപ്പണിലെ കളിമണ്‍ കോര്‍ട്ടിനെ മെരുക്കാന്‍ നാളെ മുതല്‍ 15 ദിവസം ലോകോത്തര താരങ്ങളുടെ പോരാട്ടം തുടങ്ങും. ഈ വര്‍ഷത്തെ രണ്ടാം ഗ്രാന്റ്സ്ലാമിന് അരങ്ങുണരുമ്പോള്‍ വിജയം പ്രവചനാതീതമാണ്. എങ്കിലും ഫ്രഞ്ച് ഓപ്പണ്‍ എന്നാല്‍ ആദ്യം മനസ്സിലേക്കെത്തുക റാഫേല്‍ നദാല്‍ എന്ന സ്പാനീഷ് പേരാണ്. കഴിഞ്ഞ 7 ഫ്രഞ്ച് ഓപ്പണില്‍ 6 തവണയും കിരീടത്തില്‍ മുത്തമിട്ട നദാല്‍ തന്നെയാണ് ഫ്രഞ്ച് ഓപ്പണ്‍ പുരുഷവിഭാഗത്തിലെ മുഖ്യ ആകര്‍ഷണം. എന്നാല്‍ പഴയകാല പ്രകടനത്തിന്റെയും ചരിത്രത്തിന്റെയും ബലത്തില്‍ ഇത്തവണ കിരീടം നേടാമെന്ന വ്യാമോഹമൊന്നും നദാലിനുപോലും ഉണ്ടാവില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നദാലിന്റെയും അപ്രമാദിത്യത്തിന് പലതവണ തിരിച്ചടി ഏറ്റിരുന്നു. ടെന്നീസെന്നാല്‍ നദാലും ഫെഡററും എന്ന പര്യായം മാറിമറിഞ്ഞു. നൊവാക് ഡോകോവിച്ചെന്ന താരത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം ടെന്നിസ് ലോകം നോക്കിക്കണ്ടത്. കഴിഞ്ഞ വര്‍ഷം വിമ്പിള്‍ഡണ്‍, യു.എസ്. ഓപ്പണ്‍ എന്നിവ നേടിയ ഡോകോവിച്ച് ഈ വര്‍ഷം ആദ്യം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിലും കിരീടം നേടിയിരുന്നു. തന്റെ ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് നടന്ന ഓരോ ടൂര്‍ണ്ണമെന്റുകളും. ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ അശ്വമേധത്തിന് വെല്ലുവിളിയുയര്‍ത്താന്‍ ഡോകോവിച്ചിന് സാധിക്കും എന്നുള്ളത് പ്രത്യേകതയാണ്.
പരിക്കാണ് കഴിഞ്ഞ രണ്ട് സീസണുകളിലായി നദാലിന് വില്ലനായത്. മിയാമി ഓപ്പണ്‍ സെമിയില്‍നിന്നും പരിക്കുമൂലം നദാല്‍ പിന്‍മാറിയിരുന്നു. സെമിയില്‍ ആന്‍ഡി മുറെയുമായിട്ടായിരുന്നു സ്പാനിഷ് താരത്തിന്റെ മത്സരം. മിയാമിയില്‍നിന്നും പിന്‍മാറിയതോടെ നദാല്‍ ഫ്രഞ്ച് ഓപ്പണിന് കളിക്കാന്‍ സാധ്യതയില്ലെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം നദാല്‍ ശക്തമായ തിരിച്ചുവരവ് നടത്തി. മോണ്ടികാര്‍ലോ മാസ്റ്റേഴ്സില്‍ മികച്ച പ്രകടനമാണ് നദാല്‍ കാഴ്ചവെച്ചത്. ഡോകോവിച്ചിനെ പരാജയപ്പെടുത്തി കിരീടം നേടിയ നദാല്‍ തന്റെ ഫോമും നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു. പിന്നീട് ബാഴ്സലോണ ഓപ്പണില്‍ ഡേവിഡ് ഫെഡററെ പരാജയപ്പെടുത്തി ചാമ്പ്യനുമായി. കളിമണ്‍ കോര്‍ട്ടില്‍ ഇതുവരെ മികച്ച പ്രകടനമൊന്നും ഡോകോവിച്ചിന് അവകാശപ്പെടാനില്ലാത്തതും നദാലിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഒന്നാം റാങ്കിലുള്ള ഡോകോവിച്ചിനും പിന്നീട് നദാലിനുംശേഷം ഒരു പേരുകൂടി ഇവിടെ ചേര്‍ത്തുവെയ്ക്കേണ്ടതുണ്ട്. സ്വിസ് താരം റോജര്‍ ഫെഡറര്‍. ഗ്രാസ് കോര്‍ട്ടുകളിലെ രാജകുമാരനാണ് ഫെഡറര്‍. എന്നാല്‍ എവിടെയും കിരീടം നേടാന്‍ തനിക്ക് കഴിയുമെന്ന് ഫെഡറര്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫെഡററിന് ഒരു തിരിച്ചുവരവിനുള്ള അവസരമാണ് ഒരുക്കുന്നത്. ഏറെകാലത്തെ ടെന്നീസിലെ ഫെഡറര്‍യുഗം അവസാനിച്ചു എന്ന സൂചനയാണ് കുറച്ചുനാളുകളായി കണ്ടുവരുന്നത്. തിരിച്ചടികളില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഫെഡറര്‍ക്ക് എത്രത്തോളം മുന്നേറാനാവും എന്നതിന് ഫ്രഞ്ച് ഓപ്പണ്‍ ഉത്തരം നല്‍കും.
റോബിന്‍ സോഡര്‍ലിങ്ങാണ് ടൂര്‍ണ്ണമെന്റിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം നദാലിനെ റോളണ്ട് ഗാരോസില്‍ പരാജയപ്പെടുത്തിയ താരമാണ് സ്വീഡിഷ്കാരനായ സോഡര്‍ലിങ്. ഫെഡറര്‍ക്കെതിരെയും മികച്ച പ്രകടനം കാഴ്ചവെച്ച ചരിത്രവുമുണ്ട്. ബ്രിട്ടന്റെ ആന്‍ഡി മുറെയാണ് മുന്‍നിരയിലെ മറ്റൊരു പ്രധാനി. ജോ വില്‍ഫ്രഡ് സോംഗ, ആന്‍ഡി റോഡിക്, ജോണ്‍ ഇസ്നര്‍ തുടങ്ങിയവരും ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് കരുതപ്പെടുന്നു. അട്ടിമറികള്‍ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന ക്ലേ കോര്‍ട്ടില്‍ താരോദയം കണ്ടുതന്നെ അറിയണം.
മരിയ ഷറപ്പോവയെയും സെറീന വില്ല്യംസിനെയും ഒഴിവാക്കിക്കൊണ്ട് ടെന്നീസിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. ഇരുവര്‍ക്കും തങ്ങളുടെ ആധിപത്യം നിലനിര്‍ത്തേണ്ടതിനാല്‍ റോളണ്ട് ഗാരോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചേ മതിയാകു. മികച്ച ഫോം പുലര്‍ത്തുന്ന മരിയ ഷറപ്പോവ അവസാന ഘട്ടത്തിലാണ് പലപ്പോഴും അടി പതറുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണിലും തുടര്‍ന്നുള്ള ടൂര്‍ണ്ണമെന്റുകളിലും ആരാധകര്‍ ഇത് കണ്ടതാണ്. ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസാരങ്കയ്ക്കു മുന്നില്‍ പലതവണ കിരീടം അഴിച്ചുവെയ്ക്കേണ്ട സ്ഥിതി ഷറപ്പോവയ്ക്കുണ്ടായി. എന്നാല്‍ റോമില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ അസാരങ്കയെ പരാജയപ്പെടുത്തി കിരീടം നേടിയ ഷറപ്പോവയ്ക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ട്. ഫ്രഞ്ച് ഓപ്പണിന് മുന്നോടിയായുള്ള തയ്യാറെടുപ്പായാണ് ഈ മത്സരത്തെ റഷ്യന്‍താരം കണ്ടത്. 17-ാം വയസ്സില്‍ കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം നേടി ചരിത്രം സൃഷ്ടിച്ച താരമാണ് ഷറപ്പോവ. വനിതാ ടെന്നീസില്‍ അന്നത്തെ അവസാന വാക്കായിരുന്ന സെറീന വില്ല്യംസിനെ തോല്‍പ്പിച്ച് വിമ്പിള്‍ഡണ്‍ കരസ്ഥമാക്കിയായിരുന്നു മരിയയുടെ രംഗപ്രവേശം. ഇക്കുറി റോളണ്ട് ഗാരോസില്‍ ഈ റഷ്യന്‍താരത്തെ ആര്‍ക്കും എഴുതിതള്ളാനാവില്ല. പിന്നീട് മികച്ച വിജയങ്ങള്‍ പലതും കരസ്ഥമാക്കി ഒന്നാം നമ്പര്‍ പദവിയില്‍ എത്താന്‍ കഴിഞ്ഞെങ്കിലും പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ പലപ്പോഴും റഷ്യന്‍താരത്തിന് കഴിഞ്ഞില്ല. മങ്ങിയ ഫോമിനൊപ്പം പരിക്കും ഷറപ്പോവയെ പിടികൂടിയപ്പോള്‍ പല യുവ താരങ്ങളും റഷ്യന്‍താരത്തെ പിന്‍തള്ളി. സമാനമാണ് സെറീനയുടെയും അവസ്ഥ. പ്രതാപകാലം ഓര്‍മ്മയായി മാത്രം അവശേഷിപ്പിക്കാതിരിക്കാന്‍ ഉള്ള ബാധ്യത ഇരുതാരങ്ങള്‍ക്കുമുണ്ട്.
ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസാരങ്കയാണ് റോളണ്ട് ഗാരോസില്‍ ഏവര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നത്. ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടുകകൂടി ചെയ്തതോടെ മികച്ച ഫോമിലാണെന്ന് ബലാറസ് സുന്ദരി തെളിയിച്ചു. തുടര്‍ന്ന് ഇങ്ങോട്ട് നടന്ന വിവിധ ടൂര്‍ണ്ണമെന്റുകളില്‍ അസാരങ്ക തന്റെ മികവ് തെളിയിച്ചു. നിലവിലുള്ള ചാമ്പ്യനായ ചൈനീസ് താരം ലീ നായാണ് കരുതിയിരിക്കേണ്ട മറ്റൊരു താരം. കഴിഞ്ഞതവണ അട്ടിമറിയിലൂടെ ഫ്രഞ്ച് ഓപ്പണ്‍ നേടിയ ലീ നാ ഏഷ്യയില്‍നിന്നുള്ള ആദ്യ ഗ്രാന്റ്സ്ലാം ചാമ്പ്യനായിരുന്നു. ഈ അഭിമാനവുമായാവും ലീ കളത്തിലിറങ്ങുക. കരോളിന്‍ വോസ്നിയാക്കി, മരിയന്‍ ബര്‍ട്ടോളി, പെട്രാ കിറ്റോവ, റാഡ്‌വാന്‍സ്കാ എന്നിവരും തങ്ങളുടെതായ ദിവസങ്ങളില്‍ ചരിത്രം രചിക്കാന്‍ ശേഷിയുള്ള താരങ്ങളാണ്.
കളിമണ്‍ കോര്‍ട്ടില്‍ നടക്കുന്ന ഏക ഗ്രാന്റ് സ്ലാം ടൂര്‍ണ്ണമെന്റെന്നതാണ് ഫ്രഞ്ച്‌ഓപ്പണിന്റെ പ്രത്യേകത. പന്തുകള്‍ അതിവേഗത്തിലെത്തുന്ന ഹാര്‍ഡ് കോര്‍ട്ടുകളില്‍നിന്ന് വിത്യസ്തമായി വേഗം കുറഞ്ഞ ബൗണ്‍സ് കൂടിയ രീതിയിലാണ് പന്തുകള്‍ കളിമണ്‍ കോര്‍ട്ടില്‍ പറക്കുക. അതുകൊണ്ട്തന്നെ മറ്റ് ഗ്രാന്റ്സ്ലാമുകളില്‍ കിരീടം നേടിയ പലര്‍ക്കും റോളണ്ട് ഗാരോസില്‍ തിളങ്ങാനായിട്ടില്ല. റോളണ്ട് ഗാരോസിലെ പുതിയ ചാമ്പ്യന്‍ ആരെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഒരു പുതിയ താരോദയം ഫ്രഞ്ച് ഓപ്പണില്‍ ഉണ്ടാകുമോ എന്ന് ഇനി കാത്തിരുന്നു കാണാം.
Short URL: http://www.janmabhumidaily.com/jnb/?p=56886