ഫൈനല്‍ ഇന്ന്

ചെന്നൈ: എപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ഇന്ന് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ നേരിടും. അവിശ്വസനീയ വിജയവുമായി പ്ലേ ഓഫ് മറികടന്നെത്തിയ സൂപ്പര്‍ കിംഗ്സും മികച്ച ഫോമിലുള്ള നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്കാവും നെഞ്ചിടിപ്പുയരുക. നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ചെന്നൈയുടെ കഴിവിനെ എതിരാളികള്‍പോലും പുകഴ്ത്തുന്നു. അതുകൊണ്ടുതന്നെ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് നേരിയ സമ്മര്‍ദ്ദമുണ്ടാകും. ഈ സീസണിലെ ആദ്യ മത്സരങ്ങളില്‍ സിഎസ്കെയ്ക്ക് അടി പതറുന്നത് കണ്ടപ്പോഴും ഈ പ്രതീക്ഷയ്ക്കൊന്നും ഒരു മങ്ങലും ഏറ്റിരുന്നില്ല.
കാരണം, അവസാന നിമിഷം ഒരു ഫീനിക്സ് പക്ഷിയെപോലെ ധോണിയും കൂട്ടരും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ ഐപിഎല്‍ സീസണുകളിലെല്ലാം ഈ സിഎസ്കെ മാജിക് എല്ലാവരും കണ്ടതുമാണ്. ഇതു നാലാം തവണയാണ് സിഎസ്കെ ഐപിഎല്‍ ഫൈനല്‍ പ്രവേശം നടത്തുന്നത്. കഴിഞ്ഞ മൂന്നു തവണ ഫൈനലില്‍ എത്തിയപ്പോള്‍ രണ്ട് തവണയും വിജയം ചെന്നൈയ്ക്ക് ഒപ്പം ആയിരുന്നു. 2010ലും, 2011ലും ഐപിഎല്‍ കപ്പ് ഉയര്‍ത്താനുള്ള ഭാഗ്യം ചെന്നൈ സൂപ്പര്‍ കിങ്ങ്സിനായിരുന്നു. ഇത്തവണയും ഇതുതന്നെ സംഭവിക്കും എന്നാണ് ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നത്.
ആദ്യമായി ഐപിഎല്‍ ഫൈനലിലെത്തിയിരിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ചെന്നൈയ്ക്ക് നേരിടേണ്ടി വരിക. ചെന്നൈ ഫൈനലില്‍ എത്തിയാല്‍ കൊല്‍ക്കത്തയുടെ വിജയ പ്രതീക്ഷ തകരും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്ക് നേരത്തെ തന്നെ നല്ല പ്രചാരം ഉണ്ടായിരുന്നു.
സിഎസ്കെയുടെ ഫൈനല്‍ പ്രവേശത്തോടെ തകര്‍ന്നത് കെകെആര്‍ ആരാധകരുടെ ഹൃദയമാണ്. ആഗ്രഹം മറിച്ചാണെങ്കിലും ഇത്തവണയും ചെന്നൈ തന്നെ കപ്പ് കൊണ്ടു പോകും എന്നു തന്നെയാണ് അവരുടെയും മനസ്സ് മന്ത്രിക്കുന്നത്. കഴിഞ്ഞ ദിവസം മുരളി വിജയ്‌യുടെ സെഞ്ച്വറി നേട്ടത്തിലൂടെയാണ് ചെന്നൈ രണ്ടാം ക്വാളിഫയറില്‍ കിടിലന്‍ വിജയം നേടിയെടുത്തത്. 86 റണ്‍സിനാണ് ചെന്നൈ സ്വന്തം മണ്ണില്‍ വെച്ച് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പരാജയപ്പെടുത്തി നാലാം തവണ ഫൈനലില്‍ എത്തിയത്. അപ്രതീക്ഷിതം എന്ന് ഒട്ടും പറയാത്ത ഒരു വിജയമായിരുന്നു ചെന്നൈയുടേത്. എന്നാല്‍ ഇത്രയും വലിയ ഒരു സ്കോര്‍ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടി.
ഈ കൂറ്റല്‍ സ്കോറിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് മുരളി വിജയ് ആണ്. വെറും 58 പന്തുകളില്‍ നിന്നും ആണ് 113 റണ്‍സ് മുരളി അടിച്ചെടുത്തത്. ഇതില്‍ 15 ഫോറും 4 സിക്സും ഉള്‍പ്പെടും. 223 എന്ന കൂറ്റന്‍ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്രീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയായിരുന്ന മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ക്രിക്കറ്റ് ആരാധകരുടെ മുന്നില്‍ അരങ്ങേറിയത്. 16.5 ഓവര്‍ ആയപ്പോഴേക്കും 136 റണ്‍സ് മാത്രം എടുത്ത് ഓള്‍ ഔട്ട് ആവാനായിരുന്നു ഡെയര്‍ ഡെവിള്‍സിന്റെ വിധി.
38 പന്തുകളില്‍ നിന്നും 55 റണ്‍സ് എടുത്ത മഹേല ജയവര്‍ധനെയാണ് ഡല്‍ഹിക്കു വേണ്ടി ഉയര്‍ന്ന സ്കോര്‍ എടുത്തത്. ചെന്നൈയുടെ ബാറ്റിങ് നിരയില്‍ മുരളി വിജയയിനു പുറമെ 12 പന്തില്‍ നിന്നും 33 റണ്‍സ് എടുത്തു പുറത്താവാതെ നിന്ന ഡ്വെയ്ന്‍ ബ്രാവോയും, 17 പന്തില്‍ നിന്നും 27 റണ്ഡസ് എടുത്ത സുരേഷ് റെയ്നയും, 10 പന്തില്‍ നിന്നും 23 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ധോണിയും തിളങ്ങി. ആര്‍ അശ്വിന്‍ ഡല്‍ഹിയുടെ മൂന്ന് വിക്കറ്റുകളാണ് തെറിപ്പിച്ചത്.
Short URL: http://www.janmabhumidaily.com/jnb/?p=57050