മുല്ലപ്പെരിയാര്‍: ബോര്‍ഹോളുകള്‍ അടയ്ക്കാന്‍ അനുമതി നല്‍കി
ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുര്‍ക്കി പരിശോധനയ്ക്കായി നിര്‍മിച്ച ബോര്‍ഹോളുകള്‍ അടയ്ക്കാന്‍ തമിഴ്‌നാടിന് കേരളം അനുമതി നല്‍കി. സംസ്ഥാന ജല വിഭവ വകുപ്പാണ് അനുമതി നല്‍കിയത്. ബോര്‍ ഹോളില്‍ ഇനി പരിശോധന നടത്തേണ്ടതില്ല എന്ന തീരുമാനത്തെ തുടര്‍ന്നാണ് അനുമതി.
എന്നാല്‍ ഡാമില്‍ മറ്റ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും ബോര്‍ഹോളുകള്‍ അടയ്ക്കുക. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന് വേണ്ടിയാണ് അണക്കെട്ടില്‍ ബോര്‍ഹോളുകള്‍ നിര്‍മിച്ച് സുര്‍ക്കി മിശ്രിതത്തിന്റെ അളവ് പരിശോധിച്ചത്.
ബോര്‍ഹോളുകള്‍ അടയ്ക്കാന്‍ തമിഴ്‌നാട് നേരത്തെ ശ്രമിച്ചിരുന്നെങ്കിലും കേരളം ഇതിന് അനുവദിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കത്തയയ്ക്കുകയും ചെയ്തിരുന്നു. ബോര്‍ഹോള്‍ അടയ്ക്കാന്‍ തമിഴ് നാട്ടിലെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍ കേരളം തടഞ്ഞിരുന്നു.
ഉന്നതാധികാര സമിതിയുടെ അനുവാദത്തോടെ മാത്രമെ ബോര്‍ഹോള്‍ അടയ്ക്കാന്‍ അനുമതി നല്‍കുവെന്നായിരുന്നു കേരളം വാദിച്ചത്.
Short URL: http://www.janmabhumidaily.com/jnb/?p=57277