കടല്‍ക്കൊല : ഇറ്റാലിയന്‍ നാവികര്‍ക്ക് ജാമ്യം

കൊച്ചി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ട് ഇന്ത്യാക്കാരുടെ ആള്‍ ജാമ്യത്തിലും ഒരു കോടി രൂപ കോടതിയില്‍ കെട്ടിവെയ്ക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം. കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണറുടെ അധികാരപരിധി വിട്ടുപോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.

ജസ്റ്റീസ്‌ എന്‍.കെ. ബാലകൃഷ്ണന്‍ ആണ്‌ ജാമ്യാപേക്ഷ പരിഗണിച്ചത്‌. എല്ലാ ദിവസവും രാവിലെ പതിനൊന്ന് മണിക്ക് സിറ്റി പോലീസ് കമ്മിഷണറുടെ മുമ്പാകെ നാവികര്‍ ഹാജരാകണമെന്നും കമ്മിഷണര്‍ ഓഫീസിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കണമെന്നും ഹൈക്കോടതി നാവികരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജാമ്യക്കാരും കേരളം വിട്ടു പോകാന്‍ പാടില്ല. ജാമ്യക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ കോടതിയില്‍ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇരുവരുടെയും പാസ്പോര്‍ട്ട്‌ ഹാജരാക്കണമെന്നും വീസ കാലാവധി നീട്ടിക്കൊടുത്തതിന്‌ ശേഷം മാത്രമേ ഇവരെ വിട്ടയയ്ക്കാവൂവെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. കര്‍ശന ഉപാധികളോടെ മാത്രമേ നാവികര്‍ക്ക്‌ ജാമ്യം അനുവദിക്കാവൂ എന്ന്‌ സംസ്ഥാന സര്‍ക്കാര്‍ രാവിലെ കോടതിയോട്‌ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കൊല്ലം സി.ജെ.എം കോടതിയും ജില്ലാ സെഷന്‍സ്‌ കോടതിയും നാവികരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഇറ്റാലിയന്‍ നാവികരായ ലാത്തോരെ മാസിമിലിയാനോ, സാല്‍വത്തോരെ ജിറോനെ എന്നിവര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്‌. ജാമ്യം നല്‍കിയാല്‍ വിചാരണ വേളയില്‍ പ്രതികളുടെ സാന്നിധ്യം ഉറപ്പിക്കാനാകില്ലെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു കൊല്ലം ജില്ലാ സെഷന്‍സ്‌ കോടതി ജാമ്യാപേക്ഷ തള്ളിയത്‌.

എന്നാല്‍ കോടതി നിര്‍ദേശിക്കുന്ന ഏത്‌ വ്യവസ്ഥയും അംഗീകരിക്കാന്‍ തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നും കഴിഞ്ഞ ദിവസം നാവികര്‍ക്ക്‌ വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചിരുന്നു. നേരത്തെ ജാമ്യം അനുവദിക്കുന്നതിനെ നേരത്തെ ശക്തമായി എതിര്‍ത്തിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഇന്നാണ്‌ കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന നിലപാടിലെത്തിയത്‌.

Short URL: http://www.janmabhumidaily.com/jnb/?p=57601



Posted by admin on May 30 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011