ഷറപ്പോവ സെമിയില്‍
പാരീസ്: മരിയ ഷറപ്പോവ ഫ്രഞ്ച് ഓപ്പണിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. എസ്റ്റോണിയ കനേപിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് ഷറപ്പോവ മുന്നേറിയത്. മൂന്നാം തവണയാണ് റഷ്യന്‍താരം ഫ്രഞ്ച് ഓപ്പണിന്റെ അവസാന നാലില്‍ ഇടം പിടിക്കുന്നത്. സ്കോര്‍ 6-2, 6-3.
2007 ലും 2011ലുമാണ് ഇതിന് മുന്‍പ് റോളാങ്ങ് ഗാരോവില്‍ ഷറപ്പോവ സെമിയിലെത്തിയത്. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഷറപ്പോവയ്ക്കുതന്നെയാണ് ഇവിടെ കിരീടസാധ്യത കല്‍പിക്കപ്പെടുന്നത്. ലോക രണ്ടാം നമ്പര്‍ താരത്തിനെതിരെ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ എസ്റ്റോണിയന്‍ താരത്തിന് കഴിഞ്ഞില്ല. സെമിയിലെത്താന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടയാണെന്ന് ഷറപ്പോവ മത്സരശേഷം പറഞ്ഞു. ഇതിന് മുന്‍പ് റോമില്‍ നടന്ന ടൂര്‍ണമെന്റില്‍ ഷറപ്പോവ കിരീടം നേടുകയും ചെയ്തിരുന്നു. ഇത് റോളാങ്ങ് ഗാരോവില്‍ റഷ്യന്‍ താരത്തിന് മികച്ച ആത്മവിശ്വാസം പകര്‍ന്നു.
സെമിയില്‍ ഷറപ്പോവ വിമ്പിംള്‍ഡണ്‍ ചാമ്പ്യനായ പെട്രാ കിറ്റോവയെ നേരിടും. യാരോസ്ലാവ ഷെഡോവയെ വാശിയേറിയ മത്സരത്തിലൂടെ മറികടന്നാണ് കിറ്റോവ ഗ്ലാന്റ് സ്ലാം ടൂര്‍ണമെന്റിന്റെ സെമിയില്‍ ഇടംപിടിച്ചത്. സ്കോര്‍ 3-6, 6-2, 6-4. ആദ്യ സെറ്റ് നഷ്ടപ്പെട്ട കിറ്റോവ തുടര്‍ന്ന് ഉജ്ജ്വലമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം സെറ്റില്‍ കസാഖ് താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. എന്നാല്‍ നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ പൊരുതിയ ശേഷമാണ് യാരോസ്ലാവ കീഴടങ്ങിയത്. കഴിഞ്ഞ വര്‍ഷം വിംമ്പിള്‍ഡണില്‍ മരിയ ഷറപ്പോവയെ പരാജയപ്പെടുത്തിയാണ് കിറ്റോവ കിരീടം നേടിയിരുന്നത്. ഇപ്പോള്‍ കിറ്റോവയെ മറികടന്ന് കലാശപോരാട്ടത്തിന് യോഗ്യത നേടാനുള്ള അസുലഭ അവസരമാണ് റഷ്യന്‍താരത്തിന് കൈവന്നിരിക്കുന്നത്.
മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-മഹേഷ് ഭൂപതി സഖ്യം ഫൈനലില്‍ കടന്നു. കസാഖ് -ഇറ്റാലിയന്‍ സഖ്യമായ ഗ്യാലിന-ബ്രാസിയാലി കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്. സ്കോര്‍ 6-3, 6-2. മത്സരം ഒരു മണിക്കൂര്‍ 10 മിനിറ്റ് നീണ്ടുനിന്നു. ഇത് മൂന്നാം തവണയാണ് ഒരു ഗ്ലാന്റ് സ്ലാം ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ഈ ഇന്ത്യന്‍ ജോഡികല്‍ എത്തുന്നത്. 2009 ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഡബിള്‍ കിരീടം നേടി ഈ കൂട്ടുകെട്ട് 2008 ല്‍ റണ്ണറപ്പായിരുന്നു.
വനിതാ വിഭാഗം ഡബിള്‍സില്‍ സാറ എറാനി-റോബര്‍ട്ടാ വിന്‍സി സഖ്യം ഫൈനലില്‍ കടന്നു. സ്പാനീഷ് ജോഡിയായ മരിയ ജോസ് മാര്‍ട്ടിനസ് – നൂറിയ വൈവ്സ് സംഖ്യത്തെയാണ് ഇറ്റാലിയന്‍ ജോഡി പരാജയപ്പെടുത്തിയത്. സ്കോര്‍ 6-4, 6-2. കഴിഞ്ഞ ദിവസം വൈകി നടന്ന മത്സരത്തില്‍ നൊവാക് ഡോകോവിച്ചും റോജര്‍ ഫെഡററും പുരുഷ വിഭാഗം സിംഗിള്‍സ് സെമിയില്‍ കടന്നിരുന്നു. ജോ-വില്‍ഫ്രഡ് സോംഗയെ വാശിയേറിയ മത്സരത്തിലൂടെ മറികടന്നാണ് ഡോകോവിച്ച് അവസാന നാലില്‍ ഇടംകണ്ടത്. സ്കോര്‍ 6-1, 6-1, 5-7, 5-7, 7-6 (8/6). ആദ്യ രണ്ട് സെറ്റുകള്‍ ഡോകോവിച്ച് നേടിയപ്പോള്‍ തുടര്‍ന്നുള്ള രണ്ട് സെറ്റുകള്‍ ഉജ്ജ്വലപോരാട്ടത്തിലൂടെ സോംഗ പിടിച്ചെടുത്തത്. അവസാന സെറ്റ് നിര്‍ണ്ണായകമായപ്പോള്‍ ടൈബ്രേക്കര്‍ വേണ്ടിവന്നു വിജയിയെ നിശ്ചയിക്കാന്‍. മറ്റൊരു മത്സരത്തില്‍ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ 5 സെറ്റുകള്‍ നീണ്ട മത്സരത്തിനൊടുവില്‍ ഫെഡറര്‍ പരാജയപ്പെടുത്തി. സ്കോര്‍ 6-3, 3-6, 6-7 (4/7), 6-2, 6-0.
Short URL: http://www.janmabhumidaily.com/jnb/?p=58655