ഡിംപിള്‍ യാദവ്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ലക്നൗ: ഉത്തര്‍പ്രദേശിലെ കനൗജ്‌ ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്ക്‌ വേണ്ടി മത്സരിച്ച മുഖ്യമന്ത്രി അഖിലേഷ്‌ യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സജ്ജു കതിയാര്‍, ദശരഥ്‌ ശഖവാര്‍ എന്നിവര്‍ ഇന്നലെ പത്രിക പിന്‍വലഭിച്ചതോടെയാണ്‌ ഡിംപിള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്‌. പത്രിക പിന്‍വലിക്കുവാനുള്ള അവസാന ദിവസവും ഇന്നലെയായിരുന്നു. 2009 ല്‍ ഫിറോസാബാദില്‍നിന്ന്‌ മത്സരിച്ച്‌ കോണ്‍ഗ്രസിനോട്‌ ഡിംപിള്‍ പരാജയപ്പെട്ടിരുന്നു. ഡിംപിളിന്റെ വിജയം ഔദ്യോഗികമായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം കമ്മീഷന്‍ നടത്തുമെന്ന്‌ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ കനൗജ്‌ സാല്‍വാ കുമാരി ജെ. പറഞ്ഞു. ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം എതിരില്ലാതെ ലോക്സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്ന 44 -ാ‍മത്തെ സ്ഥാനാര്‍ത്ഥിയാണ്‌ 35 വയസ്സുകാരിയായ ഡിംപിള്‍. 1989 നുശേഷം മത്സരത്തിലൂടെയല്ലാതെ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ സ്ഥാനാര്‍ത്ഥിയും ഇവര്‍ തന്നെയാണ്‌.

ശക്തരായ എതിര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാകാതെ എതിര്‍ പാര്‍ട്ടികള്‍ പരാജയപ്പെട്ടത്‌ സമാജ്‌വാദി പാര്‍ട്ടി ആഘോഷിക്കുവാന്‍ തുടങ്ങിയിരിക്കുകയാണ്‌. മുലായം സിംഗ്‌ യാദവിന്റെ മകന്‍ അഖിലേഷ്‌ യാദവ്‌ യുപി മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ ഒഴിവു വന്ന ലോക്സഭാ സീറ്റിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്‌. കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിജെപിയും ബിഎസ്പിയും പത്രിക സമര്‍പ്പിച്ചിരുന്നില്ല. കഴിഞ്ഞ മാര്‍ച്ചിലാണ്‌ അഖിലേഷ്‌ യാദവ്‌ മുഖ്യമന്ത്രിയായി അധികാരമേറ്റത്‌.


Short URL: http://www.janmabhumidaily.com/jnb/?p=58924



Posted by admin on Jun 8 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011