ബിഇഎംഎല്‍ മേധാവിയെ സസ്പെന്റ്‌ ചെയ്തു


ന്യൂദല്‍ഹി: ടട്ര ട്രക്ക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ തനിക്ക്‌ 14 കോടി രൂപ കോഴ വാഗ്ദാനം നല്‍കിയെന്ന മുന്‍ കരസേനാ മേധാവി വി.കെ.സിംഗിന്റെ ആരോപണത്തെത്തുടര്‍ന്ന്‌ സിബിഐയുടെ ശുപാര്‍ശയില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം ബിഇഎംഎല്‍ മേധാവി വിആര്‍എസ്‌ നടരാജനെ ജോലിയില്‍നിന്നും സസ്പെന്റ്‌ ചെയ്തു.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി കൂടാതെ ജനറല്‍ വി.കെ.സിംഗിനെതിരെ മാനനഷ്ടക്കേസിന്‌ നോട്ടീസയച്ചതിന്‌ നടരാജനോട്‌ വിശദീകരണം ആവശ്യപ്പെട്ട്‌ പ്രതിരോധമന്ത്രാലയം നോട്ടീസയച്ചതിന്‌ തൊട്ടു പിന്നാലെയാണ്‌ പുതിയ നടപടി.
കൃത്യമായ കേസന്വേഷണത്തിന്‌ സിബിഐയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ്‌ സര്‍ക്കാര്‍ ബിഇഎംഎല്‍ മേധാവിയെ സസ്പെന്റ്‌ ചെയ്തത്‌. നടരാജനെതിരെയുള്ള പല കേസുകളും സിബിഐ അന്വേഷിച്ചുവരികയാണെന്ന്‌ പ്രതിരോധമന്ത്രാലയം വക്താവ്‌ ശീതാന്‍ഷുകര്‍ അറിയിച്ചു. അതേസമയം സര്‍ക്കാരിന്റെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നതായും കേസില്‍നിന്നൊക്കെ മുക്തനായി തിരിച്ചുവരുമെന്നും നടരാജന്‍ പറഞ്ഞു.
ബിഇഎംഎല്ലിന്റെ മുതിര്‍ന്ന ഫങ്ങ്ഷണല്‍ ഡയറക്ടറായ പി.ദ്വാരക നാഥനായിരിക്കും ഇനി ബിഎംഎല്ലിന്റെ പുതിയ തലവന്‍.
ടട്ര ട്രക്ക്‌ ഇടപാടുമയി ബന്ധപ്പെട്ട്‌ തനിക്കെതിരെ ഉയര്‍ത്തിയ തെറ്റായ ആരോപണങ്ങള്‍ക്ക്‌ മാപ്പ്‌ പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസിന്‌ വക്കീല്‍ നോട്ടീസ്‌ അയക്കുമെന്ന്‌ മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗിനെതിരെ ബിഇഎംഎല്‍ മേധാവി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞതിനെത്തുടര്‍ന്ന്‌ ജൂണ്‍ ആറിന്‌ അദ്ദേഹത്തോട്‌ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
മാധ്യമങ്ങളില്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതിന്‌ നടരാജനോട്‌ പ്രതിരോധ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ ഗീതാന്‍ഷുകര്‍ പറഞ്ഞു.
ബിഇഎംഎല്‍ നിന്നുള്ള 600 ടട്ര ട്രക്കുകളുടെ ഇടപാടുമായി ബന്ധപ്പെട്ട്‌ ഒരു മുന്‍ സൈനികോദ്യോഗസ്ഥന്‍ 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തതായി മെയ്‌ 31 ന്‌ വിരമിച്ച ജനറല്‍ സിംഗ്‌ ആരോപണം ഉയര്‍ത്തിയിരുന്നു.
ജൂണ്‍ ഒന്നിനാണ്‌ നടരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ സിംഗിനെതിരെ മാനനഷ്ടക്കേസിന്‌ നോട്ടീസയക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌. എന്നാല്‍ ഇതിനെതിരെ മാപ്പ്‌ പറയില്ലെന്നും മുന്‍ കരസേനാ മേധാവി അറിയിച്ചിരുന്നു.

Short URL: http://www.janmabhumidaily.com/jnb/?p=59352



Posted by admin on Jun 11 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011