റഫീഖ്‌ അറസ്റ്റില്‍ ടി.കെ.രജീഷിനെ കസ്റ്റഡിയില്‍വിട്ടു

കോഴിക്കോട്‌: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ മുഖ്യപ്രതി ടി.കെ രജീഷിനെ ഈ മാസം 20 വരെ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ജില്ലാ ജയിലില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന രജീഷിനെ തിരിച്ചറിയല്‍ പരേഡിന്‌ ശേഷം ഇന്നലെ കാലത്താണ്‌ വടകര ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയത്‌. മുംബൈയില്‍ നിന്ന്‌ പിടികൂടിയ പോലീസ്‌ തന്നെ വടകരയില്‍ എത്തിക്കുന്നതുവരെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന്‌ രജീഷ്‌ കോടതിയില്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനക്ക്‌ വിധേയനാക്കി. ഇതിന്‍ശേഷം ഉച്ചയ്ക്ക്‌ ഒരുമണിയോടെ രജീഷിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി.
വൈദ്യപരിശോധന റിപ്പോര്‍ട്ടില്‍ കുഴപ്പങ്ങളൊന്നും ഇല്ലാത്തതിന്റെ അടിസ്ഥാനത്തില്‍ കോടതി പോലീസ്‌ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കഴിഞ്ഞ മൂന്ന്‌ ദിവസങ്ങളിലായി രജീഷ്‌ ജില്ലാ ജയിലില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നെന്നും അറസ്റ്റ്‌ രേഖപ്പെടുത്തിയ രജീഷിനെ അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മര്‍ദ്ദനത്തെകുറിച്ച്‌ ഒന്നും പറയാത്ത ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡി കഴിഞ്ഞ്‌ പോലീസ്‌ മര്‍ദ്ദനത്തെകുറിച്ച്‌ പറയുന്നത്‌ തീര്‍ത്തും കളവാണെന്നും സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഉദയ കോടതിയെ ബോധിപ്പിച്ചു.
കൊലയാളി സംഘത്തിന്‌ ഇന്നോവ കാര്‍ വാടകയ്ക്ക്‌ എടുത്ത്‌ കൊടുത്ത വായ്പടച്ചി റഫീഖിന്റെ അറസ്റ്റ്‌ ഇന്നലെ പ്രത്യേക അന്വേഷണം രേഖപ്പെടുത്തി. ഗൂഢാലോചനക്കുറ്റമാണ്‌ റഫീഖിന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്‌. ഇയാളെ ഇന്ന്‌ വടകര കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊലയാളി സംഘാംഗം എം.സി. അനൂപിന്‌ തിരിച്ചറിയല്‍ പരേഡ്‌ നടത്തണമെന്ന്‌ അന്വേഷണസംഘം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 26 വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ടി.പി. വധക്കേസില്‍ മുഖ്യപ്രതിയായ രജീഷിനെ കാണണമെന്നും പോലീസ്‌ ചോദ്യംചെയ്യല്‍ വക്കീലിന്റെ സാന്നിധ്യത്തിലാകണമെന്നും ആവശ്യപ്പെട്ട്‌ അമ്മ പ്രഭാസിനി നല്‍കിയ ഹരജി കോടതി വ്യാഴാഴ്ച പരിഗണിക്കും.
ടി.പി. വധക്കേസില്‍ ഇന്നലെ നാല്‌ പേരെകൂടി അന്വേഷണസംഘം അറസ്റ്റ്ചെയ്തു. കൊലയാളി സംഘം സഞ്ചരിച്ച ഇന്നോവ കാറിന്റെ ചില്ലില്‍ പതിച്ച അറബിയിലെഴുതിയ സ്റ്റിക്കര്‍ നിര്‍മ്മിച്ച അഴിയൂര്‍ സ്വദേശി അശ്വന്ത്‌, കൊലയാളികള്‍ക്ക്‌ താമസിക്കാന്‍ സഹായം ചെയ്ത്‌ കൊടുത്ത ചൊക്ലി സ്വദേശികളായ ഷാജി, സന്തോഷ്‌, ബാബൂട്ടി എന്നിവരാണ്‌ അറസ്റ്റിലായത്‌. പാര്‍ട്ടി നേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ചാണ്‌ തങ്ങള്‍ കൊലയാളികള്‍ക്ക്‌ താമസിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയതെന്ന്‌ അറസ്റ്റിലായവര്‍ മൊഴിനല്‍കിയതായാണ്‌ സൂചന.

Short URL: http://www.janmabhumidaily.com/jnb/?p=59538



Posted by admin on Jun 12 2012. Filed under KERALAM, NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011