കസ്റ്റഡി മരണം: കാണാതായ രേഖകള്‍ കണ്ടെത്തി
തൃശൂര്‍: സമ്പത്ത് കസ്റ്റഡി മരണക്കേസിലെ കാണാതായ പോസ്റ്റുമോര്‍ട്ടം രേഖകള്‍ കണ്ടെത്തി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തിലെ ലാബ് അസിസ്റ്റന്റ് ശ്രീദേവിയുടെ മുറിയിലെ അലമാരയില്‍ നിന്നാണ് രേഖകള്‍ കണ്ടെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിന് മുന്‍പ് തയാറാക്കുന്ന വര്‍ക്ക് ബുക്കിലെ രേഖകളാണ് കണ്ടെടുത്തത്.
അലമാരയില്‍ മറ്റ് ഫയലുകളുടെ അടിയിലായിരുന്നു ഈ രേഖകള്‍. ഫോറന്‍സിക് വിഭാഗത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ കണ്ടെടുത്തത്. കുറച്ചുദിവസമായി അവധിയിലായിരുന്ന ശ്രീദേവി തിരികെയെത്തിയ ശേഷം പരിശോധിച്ചപ്പോഴാണ് രേഖകള്‍ കിട്ടിയതെന്നാണ് വിശദീകരണം.
സൗമ്യ വധക്കേസ്, സമ്പത്ത് കസ്റ്റഡി മരണക്കേസ് തുടങ്ങി പന്ത്രണ്ട് കേസുകളുടെ ഫയലുകളാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായത്. ഇതില്‍ സമ്പത്ത് കസ്റ്റഡി മരണക്കേസിലെ രേഖകള്‍ മാത്രമാണ് കണ്ടെത്താനായത്. മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വകുപ്പു മേധാവി ഡോ. ഷേര്‍ളി വാസു കോഴിക്കോട്ടേക്ക് സ്ഥലംമാറിപ്പോയ വേളയില്‍ രേഖകളുടെ കണക്കെടുത്ത് കൈമാറിയപ്പോഴാണ് 12 കേസുകളുടെ ഫയലുകള്‍ ഇല്ലെന്ന് റിപ്പോര്‍ട്ടു ചെയ്തത്.
രേഖകള്‍ കാണാതായതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സംഘം കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വകുപ്പില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.
Short URL: http://www.janmabhumidaily.com/jnb/?p=59974