തൃണമൂല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങി

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസുകാരായ കേന്ദ്രമന്ത്രിമാര്‍ രാജിക്കൊരുങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും കേന്ദ്ര ധനമന്ത്രിയുമായ പ്രണബ്‌ മുഖര്‍ജിയെ യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയതിനോടുള്ള പ്രതിഷേധമായാണ്‌ ആറ്‌ തൃണമൂല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങിയത്‌. രാജിക്കത്തുകള്‍ പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്ക്‌ കൈമാറി. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ മമത തീരുമാനമെടുക്കും.

പുതിയ രാഷ്ട്രപതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്രം ഭരിക്കുന്നത്‌ കോണ്‍ഗ്രസ്‌ ഒറ്റയ്ക്കല്ലെന്ന്‌ ഓര്‍ക്കണമെന്ന മുന്നറിയിപ്പും തൃണമൂല്‍ നല്‍കിയിരിക്കയാണ്‌. മുഖര്‍ജിയുടെ കാര്യത്തില്‍ ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തിയിട്ടും തീരുമാനം മാറ്റാന്‍ കൂട്ടാക്കാത്ത കോണ്‍ഗ്രസ്‌ നടപടിയാണ്‌ തൃണമൂലിനെ പ്രകോപിതരാക്കിയിരിക്കുന്നത്‌. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിനെത്തന്നെയാണ്‌ ഇപ്പോഴും തങ്ങള്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കണക്കാക്കുന്നതെന്നും തൃണമൂല്‍ വ്യക്തമാക്കിയിരിക്കയാണ്‌. താന്‍ മത്സരത്തിനില്ലെന്ന്‌ കലാം ഔദ്യോഗികമായി വ്യക്തമാക്കിയതിന്‌ പിന്നാലെയാണ്‌ തൃണമൂല്‍ ഇത്‌ പറഞ്ഞിരിക്കുന്നത്‌. തെരഞ്ഞെടുപ്പിനെ നേരിടേണ്ടതിന്റെ ആവശ്യകത കലാമിനെ ബോധ്യപ്പെടുത്തുമെന്ന്‌ കൊല്‍ക്കത്തയില്‍ ടിഎംസി നിയമസഭാംഗങ്ങളുടെ യോഗത്തിനുശേഷം പാര്‍ട്ടി എംപി സുദീപ്‌ ബന്ദോപാധ്യായ പറഞ്ഞു.

യുപിഎയുടെ സ്ഥാനാര്‍ത്ഥിയായി മുഖര്‍ജിയുടെ പേര്‌ ഉയര്‍ന്നുകേട്ടപ്പോള്‍ മുതല്‍ മമതക്കും കോണ്‍ഗ്രസിനുമിടയില്‍ ഉരുണ്ടുകൂടിയ അസ്വാരസ്യങ്ങളാണ്‌ ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുന്നത്‌. തര്‍ക്കവിഷയത്തില്‍ ഏകപക്ഷീയ തീരുമാനം പ്രഖ്യാപിച്ച കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയെ മമതാ ബാനര്‍ജിയെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ടിഎംസിക്ക്‌ ലോക്സഭയില്‍ 19 എംപിമാരാണുള്ളത്‌. ആറ്‌ മന്ത്രിമാരും.

സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രണബ്‌ മുഖര്‍ജിയും ഹമീദ്‌ അന്‍സാരിയുമാണ്‌ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെന്ന്‌ പ്രഖ്യാപിച്ച മമതയുടെ നടപടി നേരത്തെ വിവാദമായിരുന്നു.

പിന്നീട്‌ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം യാദവുമായി ചേര്‍ന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഉള്‍പ്പെടെ മൂന്നുപേരെ സ്വന്തം സ്ഥാനാര്‍ത്ഥികളായി അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. സഖ്യരാഷ്ട്രീയ മര്യാദകള്‍ മമത പാലിക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. മുഖര്‍ജി യുപിഎയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായതോടെ മുലായം മലക്കം മറിയുകയും ചെയ്തു. ഇതിനിടെ, പ്രണബ്‌ മുഖര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വം സോണിയാഗാന്ധി പ്രഖ്യാപിച്ച കഴിഞ്ഞ 15ലെ യുപിഎ യോഗം മമത ബഹിഷ്കരിക്കുകയും ചെയ്തു. കളി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പും അവര്‍ കോണ്‍ഗ്രസിന്‌ നല്‍കി. അന്നുമുതല്‍ അവര്‍ കലാമിനുവേണ്ടി പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയായിരുന്നു.

ഒടുവില്‍ കലാം മത്സരിക്കുന്നില്ലെന്ന്‌ പ്രഖ്യാപിച്ചതോടെ മമതയെ സംബന്ധിച്ചിടത്തോളം വിഷയം അഭിമാനപ്രശ്നമായിരിക്കയാണ്‌. ഒന്നുകില്‍ അഭിമാനം ബലികഴിച്ച്‌ യുപിഎയില്‍ തുടരുക, അല്ലെങ്കില്‍ കേന്ദ്രത്തില്‍നിന്ന്‌ പിന്‍വാങ്ങുക എന്ന സ്ഥിതിയില്‍ എത്തിയിരിക്കയാണ്‌. മമത പിന്മാറിയാല്‍ ഇടക്കാല തെരഞ്ഞെടുപ്പിനുള്ള സാധ്യതയേറുമെങ്കിലും മുലായം യുപിഎയില്‍ ചേരാന്‍ തീരുമാനിച്ചാല്‍ കാര്യങ്ങള്‍ പഴയ തുടരുകയും ചെയ്യും. എന്തുവന്നാലും സമ്മര്‍ദ്ദതന്ത്രങ്ങളുമായി മമതാ ബാനര്‍ജി മുന്നോട്ടുപോകാനും സാധ്യത ഏറെയാണ്‌.



Short URL: http://www.janmabhumidaily.com/jnb/?p=61028



Posted by admin on Jun 18 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011