ലിയാണ്ടര്‍ ഒളിമ്പിക്സ്‌ ബഹിഷ്കരിക്കുന്നു


ന്യൂദല്‍ഹി: ലിയാണ്ടര്‍ പേസ്‌ ലണ്ടന്‍ ഒളിംപിക്സില്‍ നിന്ന്‌ വിട്ടുനിന്നേക്കും. പുരുഷ വിഭാഗം ഡബിള്‍സില്‍ രണ്ട്‌ ടീമുകളെ അയക്കുമെന്ന്‌ ഓള്‍ ഇന്ത്യ ടെന്നീസ്‌ അസോസിയേഷന്‍ പ്രഖ്യാപിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ പേസ്‌ ഒളിമ്പിക്സില്‍ നിന്ന്‌ വിട്ടുനിന്നേക്കുമെന്ന വാര്‍ത്ത പരന്നത്‌. ഡബിള്‍സില്‍ പേസിന്‌ കൂട്ടാളിയായി 207-ാ‍ം റാങ്കുകാരനായ വിഷ്ണുവര്‍ദ്ധനെയാണ്‌ തീരുമാനിച്ചത്‌. ഇതില്‍ പ്രതിഷേധിച്ചാണ്‌ ഡബിള്‍സ്‌ കളിക്കാന്‍ തയ്യാറല്ലെന്ന്‌ കാണിച്ച്‌ ടെന്നിസ്‌ അസോസിയേഷന്‌ പേസ്‌ കത്ത്‌ നല്‍കിയതായാണ്‌ അറിയുന്നത്‌.
ഒളിമ്പിക്സിന്‌ രണ്ട്‌ ടീമിനെ അയച്ചാല്‍ താന്‍ പിന്മാറുമെന്നറിയിച്ച്‌ പേസ്‌ ഓള്‍ ഇന്ത്യ ടെന്നീസ്‌ അസോസിയേഷന്‌ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. റാങ്കിംഗില്‍ ഏറെ താഴെയുള്ളൊരു താരത്തിനൊപ്പം ഒളിംപിക്സിന്‌ പോകുന്നതിനേക്കാള്‍ കളിക്കാതിരിക്കാനാണ്‌ താത്പര്യമെന്നും പേസ്‌ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മഹേഷ്‌ ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും പേസിനൊപ്പം കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ പേസിനെയും വിഷ്ണുവര്‍ദ്ധനെയും ജോഡിയാക്കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പ്‌ ഫോര്‍മുലയുമായി അസോസിയേഷന്‍ രംഗത്തുവന്നത്‌. എന്നാല്‍ ഈ ഫോര്‍മുലയെ അപ്പോള്‍ തന്നെ പേസിന്റെ പിതാവ്‌ ഡോ. വേസ്‌ പേസ്‌ തള്ളിക്കളഞ്ഞിരുന്നു. ഈ ഫോര്‍മുലക്കെതിരെ കഴിഞ്ഞ ദിവസം ലിയാണ്ടറും അസോസിയേഷന്‌ കത്തയച്ചിരുന്നു.
പേസ്‌-വിഷ്ണുവര്‍ദ്ധന്‍ ടീമിന്‌ പുറമെ മഹേഷ്‌ ഭൂപതി-രോഹന്‍ ബൊപ്പണ്ണ ടീമിനെയും അയക്കാനായിരുന്നു അസോസിയേഷന്റെ തീരുമാനം. ഇതിന്‌ പുറമെ പേസിനെയും സാനിയ മിര്‍സയെയും ജോഡി ചേര്‍ത്ത്‌ മിക്സഡ്‌ ഡബിള്‍സ്‌ ടീമിനെയും ഒളിമ്പിക്സിന്‌ അയക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തില്‍ സാനിയ മിര്‍സയും അതൃപ്തി പ്രകടിപ്പിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. മഹേഷ്‌ ഭൂപതിക്കൊപ്പമാണ്‌ സാനിയ ഈയിടെ ഫ്രഞ്ച്‌ ഓപ്പണില്‍ കിരീടം ചൂടിയത്‌.
എടിപി ലോക ഡബിള്‍സ്‌ റാങ്കിങ്ങില്‍ പേസ്‌ ഏഴാമനും വിഷ്ണുവര്‍ദ്ധന്‍ 207-ാ‍മനുമാണ്‌. എന്നാല്‍ 2010 ഏഷ്യാഡില്‍ പുരുഷ ഡബിള്‍സില്‍ വെങ്കലവും മിക്സഡ്‌ ഡബിള്‍സില്‍ സാനിയ മിര്‍സയ്ക്കൊപ്പം വെള്ളിയും നേടിയിട്ടുണ്ട്‌ വിഷ്ണു. പേസിനൊപ്പം കളിക്കുന്നതില്‍ ഏറെ സന്തോഷവാനാണെന്നായിരുന്നു ടീം പ്രഖ്യാപനത്തിനുശേഷം വിഷ്ണുവിന്റെ പ്രതികരണം.
1996 അറ്റ്ലാന്റ ഒളിംപിക്സില്‍ സിംഗിള്‍സില്‍ വെങ്കലം നേടിയ പേസ്‌ ഇതുവരെയായി അഞ്ച്‌ ഒളിംപക്സില്‍ കോര്‍ട്ടിലിറങ്ങിയിട്ടുണ്ട്‌. ഇത്തവണ കൂടി കളിച്ചാല്‍ ഏറ്റവും കൂടുതല്‍ ഒളിംപിക്സ്‌ കളിച്ചിട്ടുള്ള ടെന്നീസ്‌ താരമെന്ന ബഹുമതി ലിയാണ്ടറിന്‌ സ്വന്തമാകും.

Short URL: http://www.janmabhumidaily.com/jnb/?p=61463



Posted by admin on Jun 21 2012. Filed under KAYIKAM, OTHER SPORTS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011