വാംഖഡേ സ്റ്റേഡിയത്തില്‍ സച്ചിന്റെ പ്രതിമ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പ്രതിമ വാംഖഡേ സ്റ്റേഡിയത്തില്‍ സ്ഥാപിക്കാന്‍ നീക്കം. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറു സെഞ്ച്വറി നേട്ടം, ക്രിക്കറ്റിലുള്ള സംഭാവന എന്നിവയ്ക്കുള്ള അംഗീകാരമായാണ് പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സച്ചിന്റെ പ്രതിമ വാംഖഡേ സ്റ്റേഡിയത്തില്‍ സ്ഥാപിക്കണോ എന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം ആയിട്ടില്ല. ചര്‍ച്ച കാര്യക്ഷമമായി നടന്നുകൊണ്ടിരിക്കുകയാണ്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബംഗ്ലാദേശില്‍ നടന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ആണ് തന്റെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറി എന്ന ചരിത്ര നേട്ടം കൈവരിച്ചത്. ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു സച്ചിന്‍ ഈ അപൂര്‍വ്വ റെക്കോര്‍ഡിന് ഉടമയായത്. സച്ചിന്റെ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനത്തിന് കാരണമാണ് എങ്കിലും സച്ചിന്റെ സ്വന്തം മണ്ണായ മുംബൈകാര്‍ക്ക് ഒരു പടി കൂടുതല്‍ അഭിമാനിക്കാന്‍ അവകാശമുണ്ട് എന്നതിനാല്‍ ആണ് മുംബൈയിലെ വാംഖഡേ സ്റ്റേഡിയത്തില്‍ സച്ചിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ കുറിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ആലോചിക്കുന്നത്.
ഇപ്പോള്‍ തന്നെ സ്ഥല പരിമിതി അനുഭവപ്പെടുന്ന വാംഖഡേ സ്റ്റേഡിയത്തില്‍ ഇനി ഒരു പ്രതിമ സ്ഥാപിക്കാന്‍ സ്ഥലമില്ല എന്നാണ് പ്രതിമ വേണ്ട എന്നു വാദിക്കുന്നവരില്‍ ഒരു കൂട്ടരുടെ വാദം. അതേസമയം തിക്കിലും തിരക്കിലും പെട്ട് പ്രതിമയ്ക്ക് കേടുപാടു സംഭവിക്കും എന്നാണ് വേറൊരു കൂട്ടര്‍ എതിര്‍പ്പിന് കാരണമായി പറയുന്നത്. 28 ലക്ഷം രൂപ വില വരുന്ന നൂറു സ്വര്‍ണ്ണ നാണയം നല്‍കി സച്ചിനെ ആദരിക്കും എന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഇതിനകം നൂറു സ്വര്‍ണ്ണ നാണയങ്ങള്‍ നല്‍കി സച്ചിനെ ആദരിച്ചു കഴിഞ്ഞു.
Short URL: http://www.janmabhumidaily.com/jnb/?p=61697