പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക്‌


ഗാലേ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക്‌. 510 റണ്‍സ്‌ വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 3 വിക്കറ്റ്‌ നഷ്ടത്തില്‍ 36 റണ്‍സ്‌ എന്ന നിലയിലാണ്‌. രണ്ട്‌ ദിവസത്തെ കളി ബാക്കി നില്‍ക്കെ 7 വിക്കറ്റുകള്‍ മാത്രമാണ്‌ പാക്കിസ്ഥാനുള്ളത്‌. യൂനിസ്‌ ഖാനും സയിദ്‌ അജ്മലുമാണ്‌ ക്രീസില്‍.
നേരത്തെ ശ്രീലങ്കയുടെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ്‌ സ്കോറിനെതിരെ ബാറ്റിംഗ്‌ ആരംഭിച്ച പാക്കിസ്ഥാന്‍ 100 റണ്‍സിന്‌ എല്ലാവരും പുറത്തായി. മൂന്നുപേര്‍ മാത്രമാണ്‌ പാക്ക്‌ നിരയില്‍ മൂന്നക്കം കണ്ടത്‌. 5 വിക്കറ്റ്‌ നഷ്ടത്തില്‍ 48 റണ്‍സ്‌ എന്ന നിലയില്‍ കളി പുനരാരംഭിച്ച പാക്കിസ്ഥാന്‌ ഏറെ മുന്നോട്ട്‌ പോകാനായില്ല. സ്കോര്‍ 65 ല്‍ എത്തിയപ്പോള്‍ മികച്ച പ്രകടനം നടത്തുമെന്ന്‌ കരുതിയിരുന്ന യൂനിസ്‌ ഖാനെ ഹെറാത്ത്‌ എല്‍ബിയില്‍ കുടുക്കി. 29 റണ്‍സാണ്‌ യൂനിസ്‌ ഖാന്‍ കൂട്ടിച്ചേര്‍ത്തത്‌. പിന്നീട്‌ മുഹമ്മദ്‌ അയൂബ്‌ മാത്രമാണ്‌ പാക്ക്‌ നിരയില്‍ രണ്ടക്കം കണ്ടത്‌. 103 പന്തുകളില്‍നിന്നും 25 റണ്‍സാണ്‌ അയൂബ്‌ കൂട്ടിച്ചേര്‍ത്തത്‌. അയൂബിനെയും പുറത്താക്കിയത്‌ ഹെറാത്ത്‌ തന്നെയാണ്‌. ഇല്ലാത്ത റണ്ണിനോടി അഡ്നാന്‍ അക്മല്‍ റണ്ണൗട്ടായപ്പോള്‍ തുടര്‍ന്നെത്തിയവര്‍ ലങ്കന്‍ സ്പിന്‍ പന്തുകള്‍ക്കു മുന്‍പില്‍ മുട്ടുകുത്തി. 100 റണ്‍സിലെത്തിയപ്പോള്‍ പാക്കിസ്ഥാന്റെ ആദ്യ ഇന്നിംഗ്സിന്‌ തിരശീലവീണു. ശ്രീലങ്കയ്ക്കുവേണ്ടി സൂരജ്‌ രണ്‍ദീവ്‌ നാലും രംഗണ ഹെറാത്ത്‌ മൂന്നും വിക്കറ്റുകള്‍ വീതം വീഴ്ത്തി.
372 റണ്‍സിന്റെ ലീഡ്‌ നേടിയിട്ടും ലങ്ക രണ്ടാം ഇന്നിംഗ്സിന്‌ ഇറങ്ങി. ലീഡ്‌ വര്‍ദ്ധിപ്പിച്ച്‌ പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു ലങ്കയുടെ തന്ത്രം. ഇതിനനുസരിച്ചുള്ള പ്രകടനമായിരുന്നു ദില്‍ഷന്‍ പുറത്തെടുത്തത്‌. പരണവിതാന പ്രതിരോധത്തിലൂന്നിയ കളി പുറത്തെടുത്തപ്പോള്‍ ദില്‍ഷന്‍ സ്കോറിന്റെ വേഗത കൂട്ടി. സ്കോര്‍ 81 ല്‍ എത്തിയ ശേഷമാണ്‌ ഈ കൂട്ടുക്കെട്ടിനെ പിരിക്കാന്‍ പാക്കിസ്ഥാനായത്‌. 25 റണ്‍സെടുത്ത പരണവിതാന സയിദ്‌ അജ്മലിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങകയായിരുന്നു. നാല്‌ റണ്‍സ്കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ദില്‍ഷനെയും ലങ്കയ്ക്ക്‌ നഷ്ടമായി. 58 പന്തില്‍നിന്നും 56 റണ്‍സാണ്‌ ദില്‍ഷന്‍ അടിച്ചുകൂട്ടിയത്‌. ആദ്യ ഇന്നിംഗ്സില്‍ 199 റണ്‍സ്‌ നേടി മികച്ച പ്രകടനം കാഴ്ചവെച്ച സംഗക്കാരയ്ക്ക്‌ രണ്ടാം ഇന്നിംഗ്സില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒരു റണ്‍ നേടിയ മുന്‍നായകന്‍ അജ്മലിന്റെ പന്തില്‍ തൗഫിക്‌ ഉമറിന്‌ പിടിനല്‍കി മടങ്ങി. ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയും (14), സമരവീരയും (15) ചെറുത്തു നില്‍പ്പിന്‌ ശ്രമിച്ചെങ്കിലും ഇരുവരും ജുനൈദ്‌ ഖാന്റെ പന്തുകള്‍ക്ക്‌ മുന്‍പില്‍ കീഴടങ്ങി. മാത്യൂസും (7), പ്രസന്ന ജയവര്‍ധനെയും (9) റണ്‍സ്‌ കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ ലങ്ക ഇന്നിംഗ്സ്‌ ഡിക്ലയര്‍ ചെയ്തു.
510 റണ്‍സ്‌ വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‌ തുടക്കത്തില്‍തന്നെ മുഹമ്മദ്‌ ഹഫീസിനെ നഷ്ടമായി. സ്കോര്‍ 8 ല്‍ എത്തിയപ്പോള്‍ 4 റണ്‍സെടുത്ത ഹഫീസിനെ കുലശേഖരയുടെ പന്തില്‍ ജയവര്‍ധനെ പിടിച്ചു പുറത്താക്കുകയായിരുന്നു. തൗഫിക്‌ ഉമറും അസര്‍ അലിയും ഒത്തുചേര്‍ന്നെങ്കിലും കൂറ്റന്‍ ലക്ഷ്യത്തിനു മുന്‍പില്‍ ഇവരും പതറി. സ്കോര്‍ 21 ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത അസര്‍ അലിയെ ഹെറാത്ത്‌ പുറത്താക്കി. 4 റണ്‍സ്കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ തൗഫിക്‌ ഒമറിനെ (10) കുലശേഖര ക്ലീന്‍ ബൗള്‍ ചെയ്തു. ഇതോടെ പാക്ക്‌ നിര സമ്മര്‍ദ്ദത്തിലായി മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ റണ്ണൊന്നും എടുക്കാതെ യൂനിസ്‌ ഖാനും സയിദ്‌ അജ്മലും (11) ആണ്‌ ക്രീസില്‍.

Short URL: http://www.janmabhumidaily.com/jnb/?p=62040



Posted by admin on Jun 25 2012. Filed under CRICKET, KAYIKAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011