സാംഗ്മയും പ്രണബും പത്രിക നല്‍കി

ന്യൂദല്‍ഹി: എന്‍ഡിഎ, യുപിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളായ പ്രണബ്‌ മുഖര്‍ജിയും പി.എ. സാംഗ്മയും നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചു. ജൂലൈ 19 നാണ്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌. രാഷ്ട്രപതി സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം ആദിവാസി ഐക്യത്തിന്റെ വിജയമാണെന്ന്‌ സാംഗ്മ വ്യക്തമാക്കി.

വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറല്‍ വി.കെ. അഗ്നിഹോത്രി മുമ്പാകെയാണ്‌ ഇരുവരും പത്രിക സമര്‍പ്പിച്ചത്‌. ആദിവാസിസമൂഹം എന്നും ഒപ്പം നിന്നിട്ടും കോണ്‍ഗ്രസ്‌ പാര്‍ട്ടി തന്നെ അവഗണിച്ചതിനെ സാംഗ്മ വിമര്‍ശിച്ചു. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയെ കാണാന്‍ തുടര്‍ച്ചയായി മൂന്ന്‌ ദിവസമാണ്‌ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ കാത്തുനിന്നത്‌. എന്നാല്‍ കൂടിക്കാഴ്ചക്ക്‌ അവര്‍ തയ്യാറായില്ല. തുടര്‍ന്ന്‌ മറ്റ്‌ നേതാക്കളുടെ സഹായം തേടുകയായിരുന്നുവെന്ന്‌ പത്രികാ സമര്‍പ്പണത്തിനുശേഷം അദ്ദേഹം വാര്‍ത്താലേഖകരോട്‌ പറഞ്ഞു.

മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, നിതിന്‍ ഗഡ്കരി, സുഷമാസ്വരാജ്‌, അരുണ്‍ ജെറ്റ്ലി, പഞ്ചാബ്‌ മുഖ്യമന്ത്രി പ്രകാശ്സിംഗ്‌ ബാദല്‍, ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്‌, എഐഎഡിഎംകെ നേതാവ്‌ എം. തമ്പിദുരൈ, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തുടങ്ങിയവര്‍ പത്രികാസമര്‍പ്പണവേളയില്‍ സാംഗ്മക്കൊപ്പം സന്നിഹിതരായിരുന്നു.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, യുപിഎ അധ്യക്ഷ സോണിയാഗാന്ധി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിംഗ്‌ യാദവ്‌, ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ്‌ യാദവ്‌, ആര്‍എല്‍ഡി അധ്യക്ഷന്‍ രാംവിലാസ്‌ പാസ്വാന്‍, എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി, കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, ഫാറൂഖ്‌ അബ്ദുള്ള, അജിത്സിംഗ്‌, ഇ. അഹമ്മദ്‌, എ.കെ. ആന്റണി, പവന്‍കുമാര്‍ ബന്‍സല്‍, അശ്വിനികുമാര്‍ തുടങ്ങിയവര്‍ പ്രണബ്‌ മുഖര്‍ജിക്കൊപ്പം എത്തിയിരുന്നു. മുഖര്‍ജിയെ പിന്തുണക്കേണ്ടെന്ന്‌ തീരുമാനിച്ച പ്രമുഖ യുപിഎ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രതിനിധികളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. മുഖര്‍ജിയുടെ അംഗീകൃത പ്രതിനിധിയായി പാര്‍ലമെന്ററികാര്യമന്ത്രി പി.കെ. ബന്‍സലിനെ നിയോഗിച്ചിട്ടുണ്ട്‌. നാല്‌ സെറ്റ്‌ പത്രികകളാണ്‌ മുഖര്‍ജി സമര്‍പ്പിച്ചത്‌. തനിക്ക്‌ പിന്തുണ നല്‍കിയ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെല്ലാം അദ്ദേഹം നന്ദി പറഞ്ഞു.

ഇതിനിടെ, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജനതാദള്‍ (യു) പിന്തുണക്കുന്നത്‌ മുഖര്‍ജിയെയാണെന്ന്‌ പാര്‍ട്ടി അധ്യക്ഷന്‍ ശരത്‌ യാദവ്‌ പറഞ്ഞു. “അടുത്ത രാഷ്ട്രപതിക്കാണ്‌, പിന്തുണ യുപിഎക്കല്ല.” രാജ്യത്തെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്ന യുപിഎ നയങ്ങള്‍ക്ക്‌ എതിരാണ്‌. ദള്‍ (യു) ഈ പ്രശ്നത്തിന്റെ പേരില്‍ പ്രതിപക്ഷത്ത്‌ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും അദ്ദേഹം വാര്‍ത്താലേഖകരോട്‌ പറഞ്ഞു.


Short URL: http://www.janmabhumidaily.com/jnb/?p=62530



Posted by admin on Jun 28 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011