സ്പാനീഷ് മസാല
ഡൊണെറ്റ്സ്ക്: സ്പെയിനിനെ തളക്കാന്‍ പോര്‍ച്ചുഗലിനുമായില്ല. ചരിത്രം കുറിക്കാന്‍ സ്പെയിനിന് ഇനി ഒരു ജയത്തിന്റെ മാത്രം കുറവ്. ഇന്നലെ പുലര്‍ച്ചെ നടന്ന യൂറോ 2012ന്റെ ആദ്യ സെമിഫൈനലില്‍ കരുത്തരായ പോര്‍ച്ചുഗലിനെ പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കി നിലവിലെ ലോക, യൂറോ ചാമ്പ്യന്മാരായ സ്പെയിന്‍ ഫൈനലില്‍ പ്രവേശിച്ചു. ജര്‍മ്മനി-ഇറ്റലി മത്സരവിജയികളാണ് ഫൈനലില്‍ സ്പെയിനിന്റെ എതിരാളികള്‍.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍കഴിയാതിരുന്നതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. സ്പെയിനിന്റെ സാബി അലോണ്‍സോയുടെ ആദ്യ കിക്ക് പോര്‍ച്ചുഗല്‍ ഗോളി റൂയി പാട്രീഷ്യോ തടുത്തു. എന്നാല്‍, പോര്‍ച്ചുഗലിനുവേണ്ടി ആദ്യ കിക്കെടുത്ത ജോവോ മൗട്ടീന്യോയുടെ കിക്ക് സ്പെയിനിന്റെ സൂപ്പര്‍ ഗോളി ഇകര്‍ കസിയസ് തടുത്തതോടെ ആവേശം കനത്തു. പിന്നീട് ആന്ദ്രെ ഇനിയേസ്റ്റ, പിക്വെ, റാമോസ്, ഫാബ്രഗസ് എന്നിവര്‍ സ്പെയിനിന് വേണ്ടി ലക്ഷ്യം കണ്ടു. പോര്‍ച്ചുഗലിനുവേണ്ടി പെപ്പെ, നാനി എന്നിവര്‍ വലകുലുക്കിയപ്പോള്‍ ബ്രൂണോ ആല്വ്സിന്റെ കിക്ക് ക്രോസ്ബാറില്‍ത്തട്ടിത്തെറിച്ചതോടെ ചെമ്പട തുടര്‍ച്ചയായ രണ്ടാം യൂറോകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. 120 മിനിറ്റ് മൈതാനക്കളിയില്‍ ഗോളൊന്നുമില്ലാതിരുന്നിട്ടും മത്സരം ഏറെ ആവേശകരമായി. ആക്രമണ പ്രത്യാക്രമണങ്ങള്‍കൊണ്ട് അത്യാവേശകരമായ മത്സരത്തില്‍ ഇരു ടീമുകളും മൈതാനത്തെ പുല്‍നാമ്പുകളെപ്പോലും തീപിടിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്.
സെസ്ക് ഫാബ്രിഗാസിനെയും ഫെര്‍ണാണ്ടോ ടോറസിനെയും സൈഡ് ബെഞ്ചിലിരുത്തിയാണ് സ്പെയിന്‍ കോച്ച് വിന്‍സന്റ് ഡെല്‍ബോസ്ക് ഇത്തവണ നോ സ്ട്രൈക്കര്‍ പാന്‍ നടപ്പിലാക്കിയത്. പകരം യുവതാരം അല്‍വാരോ നെഗ്രേഡോ സെന്‍ട്രല്‍ ഫോര്‍വേഡായി. സ്പെയിനിന്റെ ടിക്കി ടാക്കയെ അട്ടിമറിക്കാനാണ് പോര്‍ച്ചുഗല്‍ കോച്ച് പാവ്ലോ ബെന്റോ ശ്രമിച്ചത്. സ്പെയിനു പന്തു തട്ടിത്തട്ടി കളം പിടിച്ചെടുക്കാന്‍ ആവശ്യമായ സ്ഥലം നല്‍കാതിരിക്കുന്നതിലായിരുന്നു പോര്‍ച്ചുഗല്‍ ശ്രദ്ധിച്ചത്. ഇതില്‍ ഒരുപരിധിവരെ പറങ്കികള്‍ വിജയിക്കുകയും ചെയ്തു. അതുപോലെ പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അനങ്ങാന്‍ വിടാതെ കുടുക്കിയിടാനാണ് സ്പെയിന്‍ ശ്രമിച്ചത്. കടുത്ത മാര്‍ക്കിങ്ങിന് വിധേയനായിരുന്നപ്പോഴും ക്രിസ്റ്റ്യാനോ ഒറ്റക്ക് നടത്തിയ മിന്നല്‍ക്കുതിപ്പുകള്‍, ഡ്രിബിങ് ഇന്ദ്രജാലങ്ങള്‍, ചിപ്പുകള്‍, ക്രോസുകള്‍ മുതലായവ കാണികള്‍ക്ക് ഹരമായി. അതേസമയം, സ്പെയിന്‍ ടിക്കി ടാക്ക പുറത്തെടുത്തപ്പോഴൊക്കെ ബോറടിച്ച യുക്രെയ്നിലെ കാണികള്‍ അതിനെ കൂവിക്കളിയാക്കുകയും ചെയ്തു. തുടക്കം മുതല്‍ പോര്‍ച്ചുഗലിന്റെ ആക്രമണമായിരുന്നു മത്സരത്തില്‍ ദൃശ്യമായത്. ആദ്യ രണ്ട് മിനിറ്റിനിടെ രണ്ട് കോര്‍ണറുകളാണ് സ്പെയിന്‍ വഴങ്ങിയത്. ഒരു കോര്‍ണര്‍ സ്പാനിഷ് ഗോളി കസിയസ് വളരെ കഷ്ടപ്പെട്ടാണ് രക്ഷപ്പെടുത്തിയത്.
ആദ്യ പകുതിയില്‍ വളരെ കുറച്ചുതവണ മാത്രമാണ് സ്പെയിന് പാസിങ് ഗെയിം പുറത്തെടുക്കാന്‍ അവസരം കിട്ടിയത്. പാസ്സുകളില്‍ ഇടപെട്ട് അത് മുളയിലേ നുള്ളുകയായിരുന്നു പോര്‍ച്ചുഗല്‍ മധ്യനിരയും പ്രതിരോധവും. ക്രിസ്റ്റ്യാനോ മധ്യത്തിലേക്ക് നീങ്ങിയപ്പോള്‍, വിങ്ങുകളിലൂടെയുള്ള ആക്രമണത്തിന് നിയോഗിക്കപ്പെട്ടത് നാനിയും ഫാബിയോ കോണ്‍ട്രാവോയുമായിരുന്നു. ഒമ്പതാം മിനിറ്റില്‍, മികച്ചൊരു പ്രത്യാക്രമണത്തിലൂടെ മത്സരത്തിലെ ആദ്യ അവസരം സ്പെയിന്‍ നേടിയെടുത്തു. ഇനിയേസ്റ്റ വലതുവിങ്ങിലൂടെ ബോക്സിലേക്ക് കയറി നല്‍കിയ പാസ്സില്‍ അല്‍വാരോ അര്‍ബലോവയെടുത്ത കിക്ക് ക്രോസ് ബാറിന് മുകളിലൂടെ മൂളിപ്പറന്നു.
13-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ മാജിക് സ്പാനിഷ് ഗോള്‍മുഖം വിറപ്പിച്ചു. വലേസോയുടെ പാസ് സ്വീകരിച്ച് ഓടിക്കയറിയ ക്രിസ്റ്റ്യാനോ സ്പാനിഷ് പ്രതിരോധനിരയിലെ അര്‍ബലോവയെയും പിക്വെയെയും ഓടിത്തോല്‍പ്പിച്ച് ഹെഡ്ഡറിന് കൃത്യമായി നല്‍കിയ ക്രോസിന് നാനി ഉയര്‍ന്നു ചാടിയെങ്കിലും ഗോളി കസിയസിന്റെ വിശ്വസ്ത കരങ്ങള്‍ സ്പെയിനെ രക്ഷിച്ചു. പോര്‍ച്ചുഗല്‍ അതിവേഗ നീക്കങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയപ്പോള്‍ കാത്തിരുന്ന് തിരിച്ചടിക്കുകയെന്ന തന്ത്രമാണ് സ്പെയിന്‍ പയറ്റിയത്. സാവിയും ഇനിയേസ്റ്റയും സില്‍വയും ചേര്‍ന്ന മുന്നേറ്റങ്ങള്‍ പലവട്ടം പോര്‍ച്ചുഗല്‍ ബോക്സിലെത്തിയെങ്കിലും പോര്‍ച്ചുഗല്‍ പ്രതിരോധം അവയെയെല്ലാം പ്രതിരോധിച്ചുനിന്നു. പോര്‍ച്ചുഗല്‍ പ്രതിരോധനിരയിലെ പെപ്പെയും ബ്രൂണോക്കും ആല്വ്സിനുമൊപ്പം കരുത്തരായ മെയ്‌റാലസും വലേസോയും കൂടി ചേര്‍ന്നതോടെ സ്പാനിഷ് താരങ്ങള്‍ മുന്നേറാന്‍ ശരിക്കും ബുദ്ധിമുട്ടി. രണ്ടാം പകുതിയിലും ഇരുടീമുകളും മാറ്റമില്ലാതെയാണിറങ്ങിയത്. അധികം വൈകാതെ പോര്‍ച്ചുഗലിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എടുത്ത ക്രിക്ക് ക്രോസ്ബാറിന് തൊട്ടുമുകളിലൂടെ പുറത്തേക്ക് പറന്നു. 54-ാം മിനിറ്റില്‍ ഫോമിലേക്കുയരാത്ത അല്‍വാരോ നെഗ്രഡോയെ പിന്‍വലിച്ച് സെസ്ക് ഫാബ്രഗസിനെ ഇറക്കി.
അധികം ശെവകുന്നതിന് മുന്നേ ഡേവിഡ് സില്‍വക്ക് പകരം ജീസസ് നവാസിനെയുമിറക്കി സ്പെയിന്‍ ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. 72-ാം മിനിറ്റില്‍ ബോക്സിന് നേരെ മുന്നില്‍ വച്ച് ലഭിച്ച ഫ്രീക്കിക്ക് ക്രിസ്റ്റ്യാനോ ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും നേരിയ വ്യത്യാസത്തിന് ഉയര്‍ന്നുപോയി. 81-ാം മിനിറ്റില്‍ ഹ്യൂഗോ അല്‍മേഡയെ പിന്‍വലിച്ച് നെല്‍സണ്‍ ഒലിവേരയെ പോര്‍ച്ചുഗലും ഇറക്കി. 83-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോക്ക് വീണ്ടും ബോക്സിന് മുന്നില്‍നിന്ന് ഫ്രീക്കിക്ക് ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 90-ാം മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ലഭിച്ച സുവര്‍ണാവസരം ക്രിസ്റ്റ്യാ പാഴാക്കിയതോടെ നിശ്ചിത സമയം ഗോള്‍രഹിതമായി പിരിഞ്ഞു. തുടര്‍ന്നാണ് എക്സ്ട്രാ ടൈം വേണ്ടിവന്നത്. അധിക സമയത്തിന്റെ ആദ്യപകുതി അവസാനിക്കാന്‍ രണ്ടുമിനിറ്റ് ബാക്കിനില്‍ക്കെ ഇനിയേസ്റ്റയുടെ തകര്‍പ്പന്‍ ഹെഡര്‍ പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ റൂയി പാട്രിഷ്യോ രക്ഷപ്പെടുത്തി. മത്സരത്തില്‍ സ്പെയിനിന് ലഭിച്ച ഏറ്റവും മികച്ച സുവര്‍ണ്ണാവസരവും ഇതായിരുന്നു. 105-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് സെര്‍ജിയോ റാമോസ് ഗോള്‍പോസ്റ്റിന് പുറത്തേക്കടിച്ചു. എക്സ്ട്രാ ടൈമിന്റെ രണ്ടാംപകുതിയില്‍ ഒട്ടേറെ അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും ലഭിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ ഇരു ടീമുകളിലെയും സൂപ്പര്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് അനിവാര്യമായ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.
Short URL: http://www.janmabhumidaily.com/jnb/?p=62535