ജര്‍മ്മന്‍ ട്രാജഡി
വാഴ്സ: പാതിവഴിയില്‍ കലമുടക്കുകയെന്ന പതിവ് ഇക്കുറിയും ജര്‍മ്മനി തെറ്റിച്ചില്ല. ടൂര്‍ണമെന്റ് ഫേവറിറ്റുകളായി വന്ന് ഉജ്ജ്വലമായി മുന്നേറി നിര്‍ണായക കളിയില്‍ തോറ്റു മടങ്ങുകയെന്ന പതിവ് ജര്‍മനി യൂറോ 2012ലും ആവര്‍ത്തിച്ചു. മത്സരത്തില്‍ മുന്‍തൂക്കം നേടിയിട്ടും ജര്‍മ്മനിക്ക് പരാജയം രുചിക്കേണ്ടിവന്നു. 18 തവണ അവര്‍ ഇറ്റാലിയന്‍ ഗോള്‍ മുഖത്തേക്ക് ഷോട്ട് ഉതിര്‍ത്തപ്പോള്‍ ഇറ്റലിക്ക് 11 തവണമാത്രമാണ് ഷോട്ട് പായിക്കാന്‍ കഴിഞ്ഞത്.
ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അസൂറികള്‍ ജര്‍മ്മന്‍ മതില്‍ തകര്‍ത്തത്. വംശീയാധിക്ഷേപങ്ങള്‍ക്കും കിങ് കോങ്ങ് വിളികള്‍ക്കും കളിക്കളത്തിലൂടെ മറുപടി നല്‍കി വെടിയുണ്ട കണക്കെ രണ്ട് ഗോളുകള്‍ നേടിയ മരിയോ ബലോട്ടെല്ലി ഇറ്റലിയുടെ സൂപ്പര്‍താരമായി. 20-ാം മിനിറ്റില്‍ തീയുണ്ടകണക്കെയുള്ള ഹെഡ്ഡറിലൂടെയും 36-ാം മിനിറ്റില്‍ വെടിയുണ്ടപോലൊരു ഷോട്ടിലൂടെയും ബലോട്ടെല്ലി ജര്‍മന്‍ ഫുട്ബോളിന്റെ കഥകഴിച്ചു. ഇന്‍ജുറി ടൈമില്‍ മെസ്യൂട്ട് ഒസില്‍ പെനാല്‍ട്ടിയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും ഇറ്റലിയുടെ കുതിപ്പ് തടയാന്‍ അത് മതിയാകുമായിരുന്നില്ല. 2000നുശേഷം ഇറ്റലിയുടെ ആദ്യ യൂറോ ഫൈനല്‍.
കഴിഞ്ഞ യൂറോയുടെ ഫൈനല്‍ വരെയെത്തിയ ജര്‍മ്മനി ലക്ഷക്കണക്കിന് ആരാധകരെ കരയിച്ചുകൊണ്ടാണ് ഇത്തവണ സെമിയില്‍ പുറത്തായത്. തുടര്‍ച്ചയായി 15 കളികളില്‍ ജയിച്ചു വന്ന ജര്‍മനിയാണ് ഇറ്റലിയുടെ ടീം ഗെയിമിന് മുന്നില്‍ മുട്ടുമടക്കിയത്. ചരിത്രത്തില്‍ ഇതുവരെ ഏഴു മല്‍സരക്കളിയില്‍ ഒന്നില്‍പ്പോലും ജര്‍മനി ഇറ്റലിയെ തോല്‍പിച്ചിട്ടില്ല.
പ്രധാന ടൂര്‍ണമെന്റുകളിലൊന്നും ഇറ്റലിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന കുപ്രസിദ്ധിയെ ഇക്കുറിയും ജര്‍മനിക്ക് അതിജീവിക്കാനായില്ല. ഇന്നലത്തേതടക്കം എട്ടുകളികളില്‍ ഇറ്റലിയുടെ വിജയങ്ങളുടെ എണ്ണം നാലായി. നാല് സമനിലയും. യൂറോയില്‍ ഇതുവരെ കാണാത്ത വേഗവും കരുത്തും ഫിനിഷിങ് പാടവും ആവാഹിച്ചെടുത്താണ് ഇറ്റലി ഏകപക്ഷീയമായ പ്രകടനത്തോടെ ജര്‍മനിയെ നിസ്സാരരാക്കിയത്. 2006 ലോകകപ്പിന്റെ സെമിഫൈനലിലായിരുന്നു ഇറ്റലിയുടെ ജര്‍മനിക്കെതിരായ അവസാന വിജയം.
പ്രധാന ടൂര്‍ണമെന്റുകളുടെ സെമിയില്‍ 17-ാം തവണയാണ് ജര്‍മനിയെത്തുന്നത്. അതില്‍ പത്തുതവണയും ഫൈനലിലും അവര്‍ ഇടം നേടി. ഇറ്റലിയാകട്ടെ, പത്ത് സെമി ഫൈനല്‍ മത്സരങ്ങളില്‍ എട്ടിലും ഫൈനലിലേക്ക് വഴിതുറന്നിട്ടുണ്ടെന്ന കരുത്തോടെയാണ് കളിക്കാനിറങ്ങിയത്. 1988 യൂറോയുടെ സെമിയില്‍ സോവിയറ്റ് യൂണിയനോടും 1990 ലോകകപ്പില്‍ അര്‍ജന്റീനയോടും മാത്രമാണ് സെമിയില്‍ അവര്‍ തോല്‍വിയറിഞ്ഞത്. ഇക്കുറി യൂറോയില്‍ സെറ്റ് പീസുകളിലൂടെ ഗോള്‍ കണ്ടെത്തുന്നതിലെ മികവാണ് ഇറ്റലിയെ ഫൈനലിലേക്ക് നയിച്ചത്.
മത്സരത്തില്‍ ആദ്യ അവസരം ലഭിച്ചത് ജര്‍മ്മനിക്കായിരുന്നു. അവരുടെ മാറ്റ്സ് ഹമ്മലിന്റെ ശ്രമം ഇറ്റലിയുടെ വിശ്വേത്തര ഗോളി ബഫണിനെ കീഴടക്കിയെങ്കലും ആന്ദ്രെ പിര്‍ലോ പന്ത് രക്ഷപ്പെടുത്തി അപകടം ഒഴിവാക്കി. പിന്നീട് താളം വീണ്ടെടുത്ത ഇറ്റാലിയന്‍ നിര മോണ്ടോലിവോയുടെയും കസാനോയുടെയും ലോങ്ങ്‌റേഞ്ചര്‍ പരീക്ഷണങ്ങള്‍ക്കുശേഷമാണ് ഇറ്റലി ആദ്യ വെടിപൊട്ടിച്ചത്. ബലോട്ടെല്ലിയുടെ ആദ്യഗോള്‍. മധ്യനിരയിലെ കരുത്തനും പ്ലേമേക്കറുമായ ആന്ദ്രേ പിര്‍ലോയില്‍നിന്നായിരുന്നു ഗോള്‍വഴിയുടെ തുടക്കം. പിര്‍ലോ ഇടതുവിങ്ങില്‍ ജോര്‍ജിയോ ചിലെനിക്ക് പന്ത് ഉയര്‍ത്തി നല്‍കി.
ചിലെനി തൊട്ടുമുന്നിലുള്ള അന്റോണിയോ കസാനോയ്ക്ക് നീട്ടി. ജര്‍മന്‍ ഡിഫന്‍ഡര്‍ മാറ്റ് ഹമ്മല്‍സിനെ ഡ്രിബ്ല് ചെയ്ത കസാനോ ജര്‍മന്‍ ഗോള്‍മുഖത്തേക്ക് വിലങ്ങനെ നല്‍കിയ ഉജ്ജ്വലമായ ക്രോസ് ബലോട്ടെലി തല കൊണ്ട് ഗോളിലേക്കു ചെത്തിവിട്ടു. ജര്‍മനി നടുങ്ങിപ്പോയ നിമിഷം (1-0). ഗോള്‍ വഴങ്ങിയതോടെ, ജര്‍മനി തിരിച്ചടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ജെറോം ബോട്ടെങ്ങിന്റെ ക്രോസില്‍ ലൂക്കാസ് പൊഡോള്‍സ്കി സുവര്‍ണാവസരം തുലച്ചതിന് പിന്നാലെ സമി ഖെദീരയുടെ ലോങ്ങ് റേഞ്ചര്‍ ബഫണ്‍ ഉജ്ജ്വലമായി തട്ടിയകറ്റുകയും ചെയ്തു. തൊട്ടുപിന്നാലെ ഇടിമിന്നല്‍പോലെ ബലോട്ടെല്ലിയുടെ രണ്ടാം ഗോള്‍ പിറന്നു. ഒരുഗോളടിച്ചു കഴിഞ്ഞിട്ടും ബലോറ്റെലിയെ പോലെ ഒരു അപകടകാരിയെ മാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കാത്തതിനുള്ള ശിക്ഷയായിരുന്നു അടുത്ത ഗോള്‍. 36-ാം മിനിറ്റിലായിരുന്നു അത്. ഇറ്റാലിയന്‍ ഗോള്‍മേഖലയില്‍നിന്ന് റിക്കാര്‍ഡോ മോണ്ടോലിവോ ജര്‍മന്‍ ഗോള്‍മേഖലയിലേക്ക് പന്ത് ഉയര്‍ത്തിവിടുമ്പോള്‍ അവിടെ ബലോട്ടെല്ലിയും ജര്‍മന്‍ ക്യാപ്റ്റന്‍ ഫിലിപ് ലാമും മാത്രം. ഫിലിപ്പ് ലാമിന്റെ ദുര്‍ബലമായ പ്രതിരോധത്തെ പിന്നിലാക്കി പന്തുമായി മുന്നേറി ബോക്സിനരികില്‍നിന്ന് ബലോട്ടെല്ലി തൊടുത്ത ബുള്ളറ്റ് ഷോട്ട് വലയില്‍ കയറിയ ശേഷമേ ജര്‍മ്മന്‍ ഗോളി ന്യൂയര്‍ അറിഞ്ഞുള്ളൂ. എന്നാല്‍ രണ്ടാം ഗോളും നേടിയതോടെ ബലോട്ടെല്ലിയുടെ ആഹ്ലാദപ്രകടനം അതിരുവിട്ടു.
രണ്ടാം ഗോള്‍ ബലോട്ടെല്ലി ആഘോഷിച്ചത് തന്നെ അധിക്ഷേപിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ പത്രം ഡെല്ല ഗസറ്റോ തന്നെ കിങ് കോങ്ങിനോട് ഉപമിച്ചതിന് പ്രതികാരമായി, ജഴ്സിയൂരി മസില്‍പെരുപ്പിച്ച് തന്റെ വിശ്വരൂപം ബലോട്ടെല്ലി പ്രദര്‍ശിപ്പിച്ചു. നിറത്തിന്റെ പ്രതിഭയെ അവഹേളിക്കുന്നവര്‍ക്ക്, തകര്‍പ്പന്‍ ഗോളുകളിലൂടെ ബലോട്ടെല്ലിയുടെ മറുപടി. ഉടുപ്പൂരിയ ആഹ്ലാദപ്രകടനത്തിന് മഞ്ഞക്കാര്‍ഡ് നേടിയെങ്കിലും, ബലോട്ടെല്ലിയുടെ ആകാശം മുട്ടെയുള്ള ആഹ്ലാദത്തിന് അതൊന്നും വിഘാതമായില്ല. ആദ്യപകുതിയില്‍ ഇറ്റലി 2-0ന് മുന്നില്‍.
രണ്ട് ഗോളുകള്‍ വീണതോടെ ജര്‍മ്മനിയുടെ താരനിര തളര്‍ന്നുപോയി. ഇത് ശരിവെക്കുന്നരീതിയിലായിരുന്നു പിന്നീടുള്ള അവരുടെ മുന്നേറ്റങ്ങള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സ്ട്രൈക്കര്‍ മരിയോ ഗോമസിന് പകരം മിറോസ്ലാവ് ക്ലോസെയെയും ലൂക്കാസ് പൊഡോള്‍സ്കിക്ക് പകരം മാര്‍ക്കോ റൂസിനെയും ഇറക്കിയ ജര്‍മന്‍ കോച്ച് ജോക്കിം ലോ ഊര്‍ജസ്വലമായ ആക്രമണങ്ങളാണ് ലക്ഷ്യമിട്ടത്. ഇതോടെ മികച്ച ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ ജര്‍മനിക്കായെങ്കിലും ഇറ്റാലിയന്‍ പ്രതിരോധം പതറാതെ നിലയുറപ്പിച്ചു. 62-ാം മിനിറ്റില്‍ ബോക്സിനുമുന്നില്‍നിന്ന് മാര്‍ക്കോ റയസ് എടുത്ത കനത്ത ഫ്രീക്കിക്ക് ബഫണ്‍ തട്ടിയകറ്റുകയും ചെയ്തു.
70-ാം മിനിറ്റില്‍ ബലോട്ടെല്ലിയെ പിന്‍വലിച്ച് ഇറ്റലി അന്റോണിയോ ഡി നതാലിനെ മുന്നേറ്റനിരയില്‍ കൊണ്ടുവന്നു. തൊട്ടുപിന്നാലെ ജര്‍മ്മനി പ്രതിരോധനിര താരം ജെറോം ബോട്ടെങ്ങിനെ പിന്‍വലിച്ച് മുള്ളറെ ഇറക്കിജര്‍മനി ആക്രമണത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. എന്നാല്‍, ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനോടൊപ്പം വേഗതയേറിയ പ്രത്യാക്രമണങ്ങള്‍ നടത്താനും ഇറ്റലി കച്ചകെട്ടിയിറങ്ങി. നിരവധി അവസരങ്ങളാണ് ഇറ്റലിക്ക് ഈ ഘട്ടത്തില്‍ ലഭിച്ചത്. 75-ാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ ലഭിച്ച സുവര്‍ണാവസരം മര്‍ച്ചീസിയോ പാഴാക്കി. 82-ാം മിനിറ്റില്‍ തുറന്ന പോസ്റ്റ് ലഭിച്ചിട്ടും നതാലിന് ലക്ഷ്യം പിഴച്ചു. പിന്നീട് ഇഞ്ചുറി സമയത്താണ് ജര്‍മ്മനിയുടെ ആശ്വാസ ഗോള്‍പിറന്നത്. ഇന്‍ജുറി ടൈമിന്റെ ആദ്യമിനിറ്റില്‍ ബോക്സിനുള്ളില്‍ ബയസരേട്ടിയുടെ കയ്യില്‍ പന്തു തട്ടിയതിന് ലഭിച്ച പെനല്‍റ്റി മെസൂട് സില്‍ വലയിലാക്കി. ജര്‍മനിയുടെ ആശ്വാസഗോള്‍ (2-1).
Short URL: http://www.janmabhumidaily.com/jnb/?p=62670