അണ്ടര്‍ 19 ഏഷ്യ കപ്പ്: ഇന്ത്യയും പാക്കിസ്ഥാനും സംയുക്ത ജേതാക്കള്‍
ക്വാലാലംപൂര്‍: അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം ഇന്ത്യയും പാക്കിസ്ഥാനും പങ്കുവെച്ചു. ഇന്നലെ നടന്ന ആവേശകരമായ ഫൈനല്‍ മത്സരം ടൈ ആയതോടെയാണ് ഇരു രാജ്യങ്ങളും സംയുക്ത ജേതാക്കളായത്. ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും അന്‍പത് ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന പന്തില്‍ ഒരു റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടിയിരുന്നപ്പോള്‍ ഇന്ത്യന്‍ താരം ആര്‍.ബി. കലേറിയ എഹ്സാന്‍ ആദിലിന്റെ പന്തില്‍ സിയാ ഉള്‍ഹക്കിന് ക്യാച്ച് നല്‍കി പുറത്തായതോടെയാണ് മത്സരം ടൈയില്‍ കലാശിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ സമി അസ്ലമിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ (134) കരുത്തിലാണ് 282 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ ഉന്‍മുക്തും സെഞ്ച്വറി (121) നേടിയെങ്കിലും അവസാന ഓവറിലെ നാലാം പന്തില്‍ പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
എഹ്സാന്‍ ആദില്‍ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴുറണ്‍സായിരുന്നു. ആദ്യ പന്തില്‍ ചന്ദിന് സ്കോര്‍ ചെയ്യാനായില്ല. രണ്ടും മൂന്നും പന്തില്‍ സിംഗിളുകള്‍ നേടി. നാലാം പന്തില്‍ ചന്ദ് പുറത്തായി. എന്നാല്‍ അടുത്ത പന്തില്‍ കലേറിയ ഫോര്‍ നേടിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍വച്ചു. അവസാന പന്തില്‍ കിരീടത്തിലേക്കുള്ള അകലം ഒരുറണ്‍. അവസാനപന്തില്‍ കലേറിയയെ ആദില്‍ പുറത്താക്കിയതോടെ മല്‍സരം ടൈ ആയി. ഇന്ത്യയുടെ ഉന്‍മുക്ത് ചന്ദും പാക്കിസ്ഥാന്റെ സമി അസ്ലവും കളിയിലെ കേമന്‍മാരായി. പാക് താരം സമി അസ്ലമാണ് മാന്‍ ഓഫ് ദി സീരീസും മികച്ച ബാറ്റ്സ്മാനും. ശ്രീലങ്കയുടെ തരിന്ദു കൗശലാണ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച ബൗളര്‍.
നേരത്തെ ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സമി അസ്ലമും ബാബര്‍ അസമും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. സ്കോര്‍ 33-ല്‍ എത്തിയപ്പോള്‍ അസം പുറത്തായി. പിന്നീട് സ്കോര്‍ 62-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത ഇമാം ഉള്‍ ഹഖും പുറത്തായി. പിന്നീട് ഉമര്‍ വഹീദും സമി അസ്ലമും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 100 റണ്‍സാണ് പാക്കിസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 48 റണ്‍സ്നേടിയ ഉള്‍ ഹഖ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് ക്യാപ്റ്റന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. പിന്നീട് ക്രീസിലെത്തിയവര്‍ക്കൊന്നും കാര്യമായി പിന്തുണ നല്‍കാനായില്ല. 23 റണ്‍സെടുത്ത സാദ് അലി മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇതിനിടെ ഉജ്ജ്വലമായി ബാറ്റ് ചെയ്ത പാക് നായകന്‍ സെഞ്ച്വറി പിന്നിട്ടു. 45.2 ഓവറില്‍ സ്കോര്‍ 252-ല്‍ എത്തിച്ചശേഷമാണ് സമി അസ്ലം പവലിയനിലേക്ക് മടങ്ങിയത്. 124 പന്തില്‍ നിന്ന് 13 ബൗണ്ടറിയും മൂന്ന് സിക്സറുമടക്കം 134 റണ്‍സാണ് അസ്ലം അടിച്ചുകൂട്ടിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ 10 ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ കലാറിയയാണ് പാക് മധ്യനിരയെ തകര്‍ത്തെറിഞ്ഞത്.
283 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ 20-ല്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. 11 റണ്‍സെടുത്ത മനന്‍ വോറയാണ് പുറത്തായത്. പിന്നീട് രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റനൊപ്പം അപരാജിത്ത് കൂട്ടുചേര്‍ന്നതോടെ ഇന്ത്യ പിടിമുറുക്കി.
ഇരുവരും ചേര്‍ന്ന് പാക് ബൗളര്‍മാരെ നിഷ്ക്കരുണം പ്രഹരിച്ച് ഇന്ത്യന്‍ സ്കോര്‍ കുത്തനെ ഉയര്‍ത്തി. 175 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 86 പന്തില്‍ നിന്ന് 12 ബൗണ്ടറിയോടെ 90 റണ്‍സെടുത്ത അപരാജിത്ത് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. എന്നാല്‍ ഇതോടെ ഇന്ത്യന്‍ ബാറ്റിങ്ങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. പിന്നീട് ക്യാപ്റ്റന്‍ ചന്ദ് ഒറ്റക്കാണ് ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ചത്. ജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടപ്പോള്‍ നായകനും പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. മലയാളി താരം സഞ്ജു സാംസണും ടീമില്‍ അംഗമായിരുന്നു. ഫൈനലില്‍ ആറ് റണ്‍സാണ് സഞ്ജു നേടിയത്. പാക് ബൗളര്‍മാരില്‍ എഹ്സാന്‍ ആദിലും മുഹമ്മദ് നവാസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Short URL: http://www.janmabhumidaily.com/jnb/?p=62963