ഒരു സ്പാനിഷ് ധീരഗാഥ
പതിനാലാം യൂറോകപ്പില്‍ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിന് സ്പാനിഷ് ചെമ്പട തുടക്കം കുറിച്ചത് ജൂണ്‍ 10ന് ഡാന്‍സ്കിലെ പിജിഇ അരീന സ്റ്റേഡിയത്തില്‍ ഇറ്റലിയെ നേരിട്ടുകൊണ്ടായിരുന്നു. പിന്നീട് ജൂലൈ ഒന്നിന് ചരിത്ര നേട്ടത്തിന് സാക്ഷ്യം വഹിച്ചത് കീവിലെ ഒളിമ്പിക്സ് സ്റ്റേഡിയവും. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമായിരുന്നെങ്കിലും ഗോളുകളുടെ എണ്ണം നോക്കിയാല്‍ തീര്‍ത്തും ഏകപക്ഷീയമെന്ന് തോന്നുന്ന മത്സരമായിരുന്നു ഇത്. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ചെമ്പട ഇറ്റലിയെ തകര്‍ത്ത് ഫുട്ബോളില്‍ ഒരു പുതിയ ചരിത്രം കുറിച്ചത്.
2008 യൂറോയില്‍ തുടങ്ങിയ അശ്വമേഥം, 2010 ലോകകപ്പിലും ഇത്തവണ യൂറോയിലും തുടരുകയായിരുന്നു. ലോക ഫുട്ബോളിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധം എന്ന് പേരുകേട്ട ഇറ്റലി സാവി-ഇനിയേസ്റ്റ-അലോണ്‍സോ സഖ്യത്തിന്റെ കുതിപ്പില്‍ ശിഥിലമാകുന്നത് അത്ഭുതത്തോടെയാണ് നോക്കിനില്‍ക്കേണ്ടിവന്നത്.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം തന്റെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാനാകാതെ വിഷമിച്ച സാവിയായിരുന്നു ഫൈനലില്‍ സ്പെയിനിന്റെ കുന്തമുന. കളംനിറഞ്ഞു കളിച്ച സാവി തുടങ്ങിവെച്ച മുന്നേറ്റങ്ങളെല്ലാം ഇറ്റാലിയന്‍ ബോക്സില്‍ ഭീഷണിവിതച്ചു. 14-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയും 41-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയും 84-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസും 88-ാം മിനിറ്റില്‍ യുവാന്‍ മാട്ടയും നേടിയ ഗോളുകളാണ് സ്പെയിന് യൂറോ കിരീടം സമ്മാനിച്ചത്. യൂറോപ്യന്‍ കിരീടപ്പോരാട്ടത്തില്‍ ഇത്രയധികം ഗോളുകളില്‍ ഒരു ടീം വിജയിക്കുന്നതും ആദ്യമാണ്.
1964-ല്‍ ചാമ്പ്യന്മാരായ സ്പെയിന്‍ 44 വര്‍ഷത്തെ കിരീടവരള്‍ച്ചക്ക് വിരാമമിട്ടാണ് 2008ല്‍ ജേതാക്കളായത്. പിന്നീട് അന്താരാഷ്ട്ര ഫുട്ബോളില്‍ ചോദ്യം ചെയ്യാനാവാത്ത ശക്തികളായി സ്പെയിന്‍ വളരുന്ന കാഴ്ചയായിരുന്നു. 2008 യൂറോയിലും 2010 ലോകകപ്പിലും കിരീടം നേടിയ ടീമിലെ ഭൂരിഭാഗം താരങ്ങളും ഇക്കുറിയും സ്പാനിഷ് ടീമിലുണ്ടായിരുന്നു. ഉജ്ജ്വലമായ സേവുകളിലൂടെ ടീമിനെ കിരീടത്തിലേക്ക് നയിച്ച സ്പാനിഷ് ക്യാപ്റ്റന്‍ ഇകര്‍ കസിയസിന്റെ 100-ാം അന്താരാഷ്ട്ര വിജയം കൂടിയാണിത്. ചരിത്രത്തിലാദ്യമായാണ് ഒരു താരം ദേശീയ ടീമിനൊപ്പം നൂറ് വിജയങ്ങള്‍ സ്വന്തമാക്കുന്നത്.
യൂറോ കപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീം, തുടര്‍ച്ചയായി മൂന്ന് മേജര്‍ കിരീടം നേടുന്ന ആദ്യ നായകന്‍ എന്ന ബഹുമതി സ്പെയിനിന്റെ ഇതിഹാസ ഗോളിമാരിലൊരാളായ ഇകര്‍ കസിയസ് സ്വന്തമാക്കി. 2008 യൂറോയിലാണ് കസിയസ് ദേശീയ ടീമിന്റെ ക്യാപ്റ്റനാകുന്നത്. അതിന് ശേഷം 2008ലെ യൂറോ, 2010ലെ ലോകകപ്പ്, 2012ലെ യൂറോ എന്നീ കിരീടങ്ങളാണ് കസിയസ് സ്വന്തമാക്കിയത്. യൂറോ ഫൈനലിലെ ഏറ്റവും മികച്ച വിജയം എന്ന ബഹുമതിയും ഇനി സ്പെയിനിന് സ്വന്തം. 1972-ല്‍ സോവിയറ്റ് യൂണിയനെതിരെ ജര്‍മ്മനി നേടിയ 3-0 വിജയമാണ് ഇന്നലെ പുലര്‍ച്ചെ സ്പെയിനിന്റെ കുതിപ്പില്‍ തകര്‍ന്നടിഞ്ഞത്. തുടര്‍ച്ചയായി രണ്ട് യൂറോ കപ്പും ഒരു ലോകകപ്പും നേടുന്ന രാജ്യമെന്ന ബഹുമതിയാണ് ഇന്നലെ പുലര്‍ച്ചെ നടന്ന ഫൈനലിനൊടുവില്‍ സ്പാനിഷ് ടീമിനെ തേടിയെത്തിയത്.
ടിക്കി ടാക്കയെന്ന പാസ്സിങ് ഗെയിമിന്റെ മികവ് സംശയിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു മത്സരത്തില്‍ സ്പെയിന്‍ പുലര്‍ത്തിയ ആധിപത്യം. സെമി ഫൈനലില്‍ ജര്‍മനിയെ വീഴ്ത്തിയ ആക്രമണ വീര്യം പുറത്തെടുക്കാനാവാതെ ഇറ്റലി പതറുകയായിരുന്നു. 2008 ഫൈനലില്‍ ഗോളടിച്ച ഫെര്‍ണാണ്ടോ ടോറസ് പുതിയൊരു റെക്കോഡിനും അവകാശികളായി. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള അവാര്‍ഡ് സ്പെയിനിന്റെ മിഡ്ഫീല്‍ഡ് മാന്ത്രികന്‍ ആന്ദ്രെ ഇനിയേസ്റ്റ സ്വന്തമാക്കി. ടോപ് സ്കോറര്‍ പട്ടികയില്‍ മൂന്ന് ഗോള്‍ വീതം നേടിയ അഞ്ചുപേരുണ്ടെങ്കിലും ചാമ്പ്യന്മാരുടെ പകരക്കാരന്‍ സ്ട്രൈക്കറായ ഫെര്‍ണാണ്ടോ ടോറസ് ടോപ് സ്കോറര്‍ക്കുള്ള സ്വര്‍ണ്ണപാദുകം സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍), മരിയോ മാന്‍സൂക്കിച്ച് (ക്രൊയേഷ്യ), മരിയോ ബലോട്ടെല്ലി (ഇറ്റലി), അലന്‍ സഗോയേവ് (റഷ്യ), മരിയോ ഗോമസ് (ജര്‍മനി) എന്നിവരാണ് മൂന്നുഗോള്‍ വീതം നേടിയ മറ്റുതാരങ്ങള്‍.
ലോകത്തിലെ ഏറ്റവും മനോഹരമായ ക്ലബ് ഫുട്ബോളിന്റെ നാട്ടരങ്ങില്‍നിന്നാണ് സ്പെയിന്‍ വന്നത്. സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ സൂപ്പര്‍താരങ്ങള്‍ ദേശീയ ടീം ജഴ്സിയിലും അതേമികവ് പുറത്തെടുത്തു. മാഡ്രിഡിനും ബാഴ്സലോണക്കുമടിയിലെ വംശീയ വിഷാദങ്ങളൊന്നും ദേശീയ ജഴ്സിയില്‍ അവരെ അകറ്റിനിര്‍ത്തിയില്ല. പകരം അവരെല്ലാം ഒറ്റക്കെട്ടായി. മധ്യനിരയില്‍ സാവിയും സാബി അലോന്‍സോയും ബാര്‍സ-റയല്‍ താരങ്ങളെന്ന വേര്‍തിരിവില്ലാതെ ഒരുമിച്ചു കളിച്ചു.
പ്രതിരോധത്തില്‍ റയല്‍ താരം സെര്‍ജിയോ റാമോസിനൊപ്പം ബാര്‍സയുടെ ജെറാര്‍ദ് പിക്കേ കൈകോര്‍ത്തതോടെ ഇറ്റലി മത്സരത്തിലുടനീളം കാഴ്ചക്കാരായി മാറുന്നതാണ് കണ്ടത്. ഇറ്റാലിയന്‍ ആക്രമണങ്ങളുടെ കുന്തമുനയായ ആന്ദ്രെ പിര്‍ലോയെയും സൂപ്പര്‍ സ്ട്രൈക്കര്‍ ബലോട്ടെല്ലിയെയും അനങ്ങാന്‍ വിടാതെ സ്പാനിഷ് താരങ്ങള്‍ മാര്‍ക്ക് ചെയ്തതോടെ അവരുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറച്ചു.
മധ്യനിര രാജാക്കന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ചെമ്പടക്ക് തന്നെയായിരുന്നു മുന്‍തൂക്കം. സാവിയും അലോണ്‍സോയും ഇനിയേസ്റ്റയും ഉള്‍പ്പെട്ട മധ്യനിര എണ്ണയിട്ടയന്ത്രം കണക്കെ അരങ്ങ് വാണതോടെ ഇറ്റാലിയന്‍ പ്രതിരോധത്തിന് അവരെ പിടിച്ചുകെട്ടാന്‍ ഏറെ പണിപ്പെടേണ്ടിവന്നു. എന്നിട്ടും ഇറ്റാലിയന്‍ പ്രതിരോധത്തിന്റെ കത്രികപ്പൂട്ട് പൊട്ടിച്ചെറിഞ്ഞ് സാവിയും ഡേവിഡ് സില്‍വയും ജോര്‍ഡി ആല്‍ബയും ഇറ്റാലിയന്‍ ബോക്സിലേക്ക് ഇരച്ചുകയറിയതോടെ അവരുടെ പ്രതിരോധനിരയുടെ താളം തെറ്റി. ഇൌ അവസരം മുതലെടുത്താണ് ചെമ്പട ഇറ്റലിയുടെ ഇതിഹാസ ഗോളി ബഫണിനെ കാഴ്ചക്കാരനാക്കി നാല് ഗോളുകള്‍ നേടിയത്.
കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഇരുടീമുകളും ഫൈനലില്‍ ടീമുകളെ അണിനിരത്തിയത്. സ്പാനിഷ് ടീമില്‍ (4-6-0) ഫാബ്രഗസ് ആദ്യ ഇലവനില്‍ മടങ്ങിയെത്തിയത് മാത്രമായിരുന്നു മാറ്റം. കസിയസ്, റാമോസ്, ആല്‍ബ, പിക്വെ, അര്‍ബലോവ, ബുസ്കെറ്റ്സ്, സാവി, അലോണ്‍സോ, ഡേവിഡ് സില്‍വ, ഇനിയേസ്റ്റ, ഫാബ്രിഗസ് എന്നിവര്‍ സ്പെയിനുവേണ്ടി അണിനിരന്നു. ബഫണ്‍, അബറ്റ്, ബര്‍സാഗ്ലി, ബൊനൂച്ചി, കില്ലിനി, പിര്‍ലോ, മര്‍ച്ചീസിയോ, ഡി റോസി, മോണ്ടോലിവോ, ബലോട്ടെല്ലി, കസാനോ എന്നിവര്‍ ഇറ്റലിയുടെയും (4-1-3-2) ആദ്യ ഇലവനില്‍ ഇറങ്ങി.
നോക്കൗട്ട് മത്സരങ്ങളില്‍ ഒരുഗോള്‍ പോലും വഴങ്ങാതെ 900 മിനിറ്റ് തികച്ചാണ് സ്പെയിന്‍ ഫൈനലിനിറങ്ങിയത്. 2008 യൂറോയുടെ നോക്കൗട്ടില്‍ തുടങ്ങിയ ക്ലീന്‍ ഷീറ്റ് മുന്നേറ്റം. നാല് ഫൈനലുകള്‍ കളിച്ചതില്‍ മൂന്നിലും ജയിച്ചെന്ന മുന്‍തൂക്കവും സ്പാനിഷ് ടീമിനുണ്ടായിരുന്നു. ഇറ്റലിയുടെ ഒമ്പതാം പ്രധാന ഫൈനലായിരുന്നു ഇത്. യൂറോ കാപ്പില്‍ മൂന്നാം തവണ. ആറ് ലോകകപ്പ് ഫൈനലുകളും ഇറ്റലി കളിച്ചു.
ഫൈനലില്‍ ഗോളിലേക്ക് സ്പെയിന്‍ ഉതിര്‍ത്ത ഷോട്ടുകളുടെ എണ്ണം മാത്രം മതി അവരുടെ മികവറിയാന്‍. 14 ഷോട്ടുകളില്‍ നാലും ലക്ഷ്യം കണ്ടപ്പോള്‍ രണ്ടെണ്ണം മാത്രം ഗോളി ബഫണിന്റെ കൈകളിലൊതുങ്ങി.
ഗ്രൂപ്പ് സിയില്‍ നിന്നാണ് സ്പെയിന്‍ യൂറോ 2012ന്റെ കിരീടത്തിലേക്കുള്ള പടയോട്ടം തുടങ്ങിയത്. ആദ്യ മത്സരത്തില്‍ ഇറ്റലിക്കെതിരെ 1-1 സമനില പാലിക്കേണ്ടിവന്നു. രണ്ടാമത്തെ മത്സരത്തില്‍ അയര്‍ലന്റിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് കീഴടക്കിയ അവര്‍ മൂന്നാമത്തെയും അവസാനത്തെയും പോരാട്ടത്തില്‍ ക്രൊയേഷ്യയെ 1-0നും കീഴടക്കിയാണ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ക്വാര്‍ട്ടറിലാണ് സ്പെയിന്‍ യഥാര്‍ത്ഥ കാളക്കൂറ്റന്മാരായത്. കരുത്തരായ ഫ്രാന്‍സിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സെമിയിലേക്ക്. സെമിയില്‍ ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിനെതിരെ ഷൂട്ടൗട്ടില്‍ വിജയിച്ച് ഫൈനലില്‍. ഒടുവില്‍ ഫൈനലിലെ ഗംഭീര വിജയം, ഒപ്പം കിരീടവും. തികച്ചും അര്‍ഹതപ്പെട്ട വിജയം തന്നെയായിരുന്നു അത്. എന്നാല്‍ ഇറ്റലിയാകട്ടെ സെമിയില്‍ ജര്‍മ്മനിയെ തകര്‍ത്തെറിഞ്ഞതിന്റെ നിഴലിലായിരുന്നു. ആ പ്രകടനത്തിന്റെ അടുത്തെങ്ങും എത്താന്‍ അവര്‍ക്കായില്ല. ഇതുതന്നെയാണ് അവരുടെ ശാപവും.
ലോകകപ്പിനൊപ്പം വയ്ക്കാന്‍ യൂറോ കിരീടവുമായി നാട്ടിലേക്ക് മടങ്ങുന്ന സ്പെയിന്‍ ലോകഫുട്ബോളിനു നല്‍കുന്ന മുന്നറിയിപ്പും കൂടിയാണിത്. രണ്ടു വര്‍ഷത്തിനു ശേഷം ബ്രസീലില്‍ ലോകകപ്പ് ഫുട്ബോളിന് കൊടിയുയരുമ്പോള്‍ ഞങ്ങളുണ്ടാകും ഇതുപോലെത്തന്നെ.
സ്പോര്‍ട്സ് ലേഖകന്‍
Short URL: http://www.janmabhumidaily.com/jnb/?p=63110