വിമര്‍ശനങ്ങളെ വെട്ടിയൊഴിഞ്ഞ് സ്പാനിഷ് തന്ത്രജ്ഞന്‍
സ്വന്തം കുട്ടികള്‍ കിരീടങ്ങള്‍ ഉയര്‍ത്തി ആര്‍ത്തുവിളിക്കുമ്പോള്‍ ആള്‍കൂട്ടത്തിലേക്ക് പിന്‍വലിയുന്നവന്‍…. കിരീട നേട്ടങ്ങളില്‍ കളിക്കാരേക്കാള്‍ മാധ്യമ ശ്രദ്ധ നേടുന്ന മൗറീഞ്ഞോയും ഗ്വാര്‍ഡിയോളയും അരങ്ങു തകര്‍ക്കുന്ന നവ കോച്ചിംഗ് യുഗത്തില്‍ വിന്‍സെന്റ് ഡെല്‍ ബോസ്ക് എന്ന പരിശീലകന്‍ വഴിമാറി നടക്കാന്‍ കൊതിക്കുന്ന ഒരുവനാണ്. ആഹ്ലാദത്തിന്റെ നിമിഷങ്ങളില്‍ പോലും സ്വന്തം സിംഹാസനം വിട്ടൊഴിയേണ്ടി വന്നിട്ടുള്ള ഡെല്‍ ബോസ്കിനു ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാള്‍ എന്ന സ്ഥാനത്തിലേക്കുള്ള ചുവടുറപ്പിക്കല്‍ ആകുകയാണ് സ്പെയിന്റെ യുറോയിലെ തുടര്‍ കിരീടധാരണം.
2008 ല്‍ ലൂയിസ് അരഗോണസില്‍ നിന്നും സ്പെയിന്റെ കടിഞ്ഞാണ്‍ ഏല്‍ക്കുമ്പോള്‍ വംശീയമായി ചേരി തിരിഞ്ഞു നില്‍ക്കുന്ന സ്വഭാവം കാട്ടുന്ന ഒരു ടീമിനെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കി മാറ്റുക എന്ന ദുഷ്കരമായ ഒരു ഉത്തരവാദിത്തമാണ് ഡെല്‍ ബോസ്ക്കില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. അപ്പോള്‍ രണ്ടുവട്ടം റയല്‍ മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ കോച്ച് മാത്രമായിരുന്നു ഡെല്‍ബോസ്ക്. 2008-ല്‍ നിന്നും 2012-ലെ യൂറോ കപ്പ് വിജയത്തിലേയ്ക്ക് സ്പെയിന്‍ എത്തി നില്‍ക്കുമ്പോള്‍ ലോകകപ്പും യൂറോകപ്പും ചാമ്പ്യന്‍സ് ലീഗും നേടിയ ആദ്യ കോച്ച് എന്ന ബഹുമതിയിലേയ്ക്കാണ് ഡെല്‍ബോസ്ക് ഉയര്‍ന്നിരിക്കുന്നത്. പരിശീലകന്‍ എന്ന നിലയില്‍ ഇതുവരെ ആര്‍ക്കും സാധിക്കാനാകാത്ത നേട്ടം എത്തിപ്പിടിച്ചപ്പോഴും ഡെല്‍ബോസ്ക് അരഗോണസിനെപ്പോലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാത്ത ഒരാള്‍ അല്ല എന്നതാണ് ഈ പരിശീലകന്റെ സവിശേഷത.നോ സ്ട്രൈക്കര്‍ പ്ലാനുമായി യൂറോയ്ക്ക് ഇറങ്ങിയ ഡെല്‍ബോസ്കിന് സ്പെയിന്‍ കിരീടം നിലനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ പരിശീലക പദവിയില്‍ നിന്നും ഇറങ്ങിപ്പോകേണ്ടിവരുന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. സ്പെയിന്‍ കളിക്കുന്നത് മനം മടുപ്പിക്കുന്ന ഫുട്ബോള്‍ ആണെന്ന് ആരാധകര്‍ ആര്‍ത്തുവിളിക്കുമ്പോഴും തന്റെ ഗെയിം പ്ലാനില്‍നിന്നും മാറാതെ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ഡെല്‍ബോസ്കിനായതിന്റെ ഫലമാണ് സ്പെയിന്റെ തുടര്‍ച്ചയായുള്ള കിരീട നേട്ടം.
ദേശീയ ടീമിന്റെ കോച്ചിംഗ് കുപ്പായത്തിലേയ്ക്ക് എത്തുമ്പോള്‍ അരഗോണസ് എന്ന വന്ദ്യവയോധികന്റെ നിഴലില്‍ നിന്നും കുതറി മാറുക എന്ന വെല്ലുവിളിയാണ് ഡെല്‍ബോസ്കിനെ കാത്തുനിന്നത്. പ്രത്യേകിച്ചും ഞാന്‍ ഒരു കറ്റാലന്‍ ആണ് എന്ന് ഊറ്റം കൊള്ളുന്ന ജെറാദ് പിക്കിനെപ്പോലുള്ള കളിക്കാരുടെ വംശീയം ആയ ഈഗോകള്‍ ടീമില്‍ നിലനില്‍ക്കുമ്പോള്‍. സ്പാനിഷ് ലീഗില്‍ ബാര്‍സലോണ എന്നും റയല്‍ മാഡ്രിഡ് എന്നും ചേരി തിരിഞ്ഞു പോരടിക്കുന്നവരെ ഒരു കുടക്കീഴില്‍ കെട്ടുറപ്പോടെ നിര്‍ത്താന്‍ ഡെല്‍ ബോസ്ക്കിനെ സഹായിച്ചത് റയലില്‍ ഗലസിറ്റോസ് എന്ന് അറിയപ്പെട്ട സിദാനും ഫിഗോയും റൊണാള്‍ഡോയും റൗളും റോബര്‍ട്ടോ കാര്‍ലോസും എല്ലാം അടങ്ങിയ വിഖ്യാത നിരയെ ഈഗോകള്‍ ഇല്ലാതെ ഒത്തിണക്കിക്കൊണ്ടുപോയ അനുഭവപരിചയമാണ്. പുതുമുഖ പരിശീലകന്‍ എന്ന നിലയില്‍ ഒന്‍പത് അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയിച്ച ബ്രസീലിന്റെ ജോള്‍ സന്താനയുടെ റെക്കോഡ് പതിമൂന്നാക്കി മാറ്റിക്കൊണ്ടാണ് ഡെല്‍ബോസ്ക് സ്പാനിഷ് കോച്ച് എന്ന നിലയില്‍ അരങ്ങേറിയത്. 2009-ലെ കോണ്‍ഫെഡറേഷന്‍ കാപ്പില്‍ സെമിഫൈനലില്‍ സ്പെയിന്‍ അമേരിക്കയോട് തോറ്റമ്പിയപ്പോള്‍ ഡെല്‍ബോസ്കിന്റെ കോച്ചിംഗ് കുപ്പായത്തിലെ മധുവിധുവും അവസാനിച്ചു. 2003-ല്‍ റയലിനെ സ്പാനിഷ് ലീഗ് ജേതാക്കളാക്കിയതിന്റെ തൊട്ടുപിന്നാലെ സാന്റിയാഗോ ബെര്‍ണബൂവില്‍നിന്നും ഡെല്‍ബോസ്കിനെ പടിയിറക്കി വിട്ടതിന്റെ തുടര്‍ച്ച ഏത് നിമിഷവും അരങ്ങേറുമെന്ന നിലയിലാണ് ലോകകപ്പ് വന്നത്. ദക്ഷിണാഫ്രിക്കയില്‍ സ്പെയിന്റെ പേരിലുള്ള ആദ്യ ലോക കിരീടവും യൂറോപ്പിന് പുറത്ത് ഒരു യൂറോപ്യന്‍ രാജ്യം നേടുന്ന ആദ്യ ലോകകപ്പും സ്വന്തമാക്കിയാണ് ബോസ്ക് ടീമുമായി ആഫ്രിക്ക വിട്ടത്.
ഡേവിഡ് വില്ലയുടെ പരിക്കും ടോറസിന്റെ മങ്ങിയ ഫോമും സൃഷ്ടിച്ച വെല്ലുവിളി സ്പെയിന്‍ എങ്ങനെ മറികടക്കുമെന്ന് എതിരാളികള്‍ തല പുകച്ചു നില്‍ക്കുമ്പോഴാണ് ക്ലബ് ഫുട്ബോളില്‍ എപ്പോഴും ശത്രുപക്ഷത്ത് മാത്രം നിര്‍ത്തിയിട്ടുള്ള ബാഴ്സലോണയുടെ തന്ത്രം ബോസ്ക് കടമെടുത്തത്. അപ്പോഴും മെസി എന്ന അതുല്യനായ താരത്തെ മുന്‍നിര്‍ത്തി ബാഴ്സ മെനഞ്ഞ തന്ത്രം സ്പാനിഷ് ദേശീയ ടീമില്‍ മെസിയില്ലാതെ എങ്ങനെ ഡെല്‍ബോസ്ക് പ്രയോഗിക്കുമെന്ന സംശയം നിലനിന്നു. ലോകകപ്പില്‍ പലപ്പോഴും പകരക്കാരന്റെ റോളില്‍ കളിച്ച സെസ് ഫാബ്രിഗാസില്‍ വിശ്വാസം അര്‍പ്പിച്ച് ടോറസിനെ പുറത്തുനിര്‍ത്തിയ ബോസ്കിന്റെ തന്ത്രം ആദ്യ റൗണ്ടില്‍ അത്ര വിജയിച്ചതായി പറയാനൊക്കില്ല.
സ്പെയിന്റെ മികച്ച വിജയം വന്ന അയര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ ടോറസ് കളിച്ചപ്പോഴാണ് ടീം ഗോളുകള്‍ അടിച്ചുകൂട്ടിയത് എന്നത് നോണ്‍ സ്ട്രൈക്കര്‍ പ്ലാനിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ചുള്ള സംശയങ്ങള്‍ ഉണര്‍ത്തി. സെമി ഫൈനലില്‍ പോര്‍ച്ചുഗലിനെ മറികടന്ന് ഫൈനല്‍ ബെര്‍ത്ത് നേടുമ്പോഴും സ്പെയിന്റെ കേളീ ശൈലിയെ സംബന്ധിച്ചുള്ള സംശയങ്ങള്‍ ലോകത്തെമ്പാടുമുള്ള ആരാധകരുടെ മനസില്‍ നിറഞ്ഞുനിന്നിരുന്നു. ഇറ്റലിയെ മുക്കി സ്പെയിന്‍ കിരീട ജേതാക്കളായതോടെ വിമര്‍ശനങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ് ഡെല്‍ബോസ്ക് എന്ന 63കാരന്‍. റയല്‍ മാഡ്രിഡ് കോച്ചായിരുന്നപ്പോള്‍ 186 മത്സരങ്ങളില്‍ 104-ലും ടീമിന് വിജയം മാത്രം സമ്മാനിക്കുകയും രണ്ട് സ്പാനിഷ് ലീഗ് കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ഒരു യൂറോപ്യന്‍ സൂപ്പര്‍ കപ്പും ഒരു സ്പാനിഷ് സൂപ്പര്‍ കപ്പും ഉള്‍പ്പെടെ എട്ട് കിരീടങ്ങള്‍ ബെര്‍ണബൂവിലേയ്ക്ക് എത്തിക്കുകയും ചെയ്ത സൂപ്പര്‍ താരങ്ങളുടെ പരിശീലകന്‍ ഇനി ചരിത്രത്തിലെ മികച്ച പരിശീലകരുടെ പട്ടികയിലേയ്ക്കാണ് നടന്ന് കയറുക.
എ.പി. അനീഷ്
Short URL: http://www.janmabhumidaily.com/jnb/?p=63426