സുനില്‍ ഛേത്രി സ്പോര്‍ട്ടിങ്ങ്‌ ലിസ്ബണില്‍

ന്യൂദല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പോര്‍ച്ചുഗീസ്‌ ക്ലബ്ബായ സ്പോര്‍ട്ടിങ്ങ്‌ ലിസ്ബണിലേക്ക്‌. സ്പോര്‍ട്ടിങ്‌ ലിസ്ബണിന്റെ ബി ടീമുമായി രണ്ടു വര്‍ഷത്തെ കരാറിലാണ്‌ ഛേത്രി ഒപ്പിട്ടത്‌. പോര്‍ച്ചുഗീസ്‌ രണ്ടാം ഡിവിഷന്‍ ലീഗിലാണ്‌ ടീം കളിക്കുന്നത്‌. മോഹന്‍ ബഗാന്‍ താരമായ സുനില്‍ ഛേത്രിയുടെ കഴിഞ്ഞ സീസണിലെ പ്രകടനം നിരാശപ്പെടുത്തിയിരുന്നു. അഞ്ച്‌ ഗോളുകള്‍ മാത്രമാണ്‌ നേടിയത്‌. ഇന്ത്യന്‍ ടീമിന്‌ വേണ്ടി 58 കളികളില്‍ നിന്നായി 33 ഗോളുകള്‍ സുനില്‍ ഛേത്രി സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്‌.

ലോക പ്രശസ്ത ഫുട്ബോള്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ മിഡ്ഫീല്‍ഡര്‍ നാനി, പോര്‍ച്ചുഗലിന്റെ ഇതിഹാസ താരങ്ങളില്‍ ഒരാളും മുന്‍ ലോക ഫുട്ബോളറുമായ ലൂയി ഫിഗോയെയുമെല്ലാം സംഭാവന ചെയ്ത കളിത്തൊട്ടിലാണ്‌ സ്പോര്‍ട്ടിംഗ്‌.

ടീമിന്റെ റിസര്‍വ്വ്‌ പട്ടികയിലാണ്‌ ഇന്ത്യയിലെ കിടയറ്റ സ്ട്രൈക്കര്‍മാരില്‍ ഒരാളായ ഛേത്രിയെ കരാര്‍ ചെയ്തിരിക്കുന്നത്‌. ഛേത്രിയുമായി കരാറില്‍ ഏര്‍പ്പെട്ടെന്ന്‌ ക്ലബ്ബ്‌ അവരുടെ വെബ്സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്‌. അവിടെ തനിക്ക്‌ എന്താണ്‌ നേടാനുള്ളതെന്ന്‌ അറിയില്ലെന്നും ഭാവി ജീവിതത്തില്‍ ഒരിക്കലും ഖേദം തോന്നാതിരിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യുമെന്നും ഛേത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തേ സ്കോട്ടിഷ്‌ ക്ലബ്ബുകളായ ക്വീന്‍സ്‌ പാര്‍ക്ക്‌ റേഞ്ചേഴ്സ്‌, ഗ്ലാസ്ഗോ റേഞ്ചേഴ്സ്‌ ക്ലബ്ബുകളുടെ ട്രയല്‍സില്‍ പങ്കെടുത്തിട്ടുള്ള താരമാണ്‌ ഛേത്രി.

പോര്‍ച്ചുഗലിലെ കളിയിടങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള സ്പോര്‍ട്ടിംഗ്‌ ലിസ്ബണ്‍ ഇന്ത്യയില്‍ ഫുട്ബോള്‍ വികസനത്തിന്‌ വേണ്ടി അനേകം പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

ഇന്ത്യയില്‍ ക്രിക്കറ്റിന്റെ പ്രചാരത്തില്‍ ഇടിവ്‌ വരുന്നതും ഫുട്ബോളിന്‌ ആരാധകര്‍ ഏറുന്നതും ശ്രദ്ധയോടെയാണ്‌ യൂറോപ്യന്‍ ക്ലബ്ബുകള്‍ നോക്കിക്കാണുന്നത്‌. ഇന്ത്യയിലെ വിപണിയില്‍ മുന്‍തൂക്കം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ പല ക്ലബ്ബുകളും ഫുട്ബോള്‍ വികസന പരിപാടികള്‍ തുടങ്ങിയിട്ടുണ്ട്‌. ഇംഗ്ലണ്ടിലെ പ്രമുഖരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജര്‍മ്മന്‍ ക്ലബ്ബ്‌ ബയേണും ഇന്ത്യന്‍ കുട്ടികളിലേക്ക്‌ സാകൂതം നോക്കുന്നുണ്ട്‌. ലിസ്ബെനിലെ അനുഭവ പാഠങ്ങള്‍ ഛേത്രിയ്ക്കൊപ്പം ഇന്ത്യന്‍ ഫുട്ബോളിനേയും സമ്പന്നമാക്കും.


Short URL: http://www.janmabhumidaily.com/jnb/?p=63565



Posted by admin on Jul 5 2012. Filed under FOOTBALL. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011