സംസ്ഥാനത്ത്‌ വീണ്ടും ക്ഷേത്ര കവര്‍ച്ച

ഇരിട്ടി: സംസ്ഥാനത്ത്‌ വീണ്ടും ക്ഷേത്ര കവര്‍ച്ച. ഇരിട്ടിക്കടുത്ത്‌ ആറളം ഏച്ചില്ലം മഹാവിഷ്ണു ക്ഷേത്രത്തിലാണ്‌ ഇന്നലെ രാത്രി കവര്‍ച്ച നടന്നത്‌. ശ്രീകോവില്‍ കുത്തിത്തുറന്ന്‌ അഞ്ചു കിലോ തൂക്കം വരുന്ന പഞ്ചലോഹ ബലിബിംബം മോഷ്ടാക്കള്‍ കവര്‍ന്നു.

നിത്യപൂജയുള്ള ക്ഷേത്രത്തില്‍ ഇന്നു പുലര്‍ച്ചെ അഞ്ചോടെ പൂജാരി കൃഷ്ണന്‍ നമ്പൂതിരി എത്തിയപ്പോഴാണ്‌ മോഷണം ശ്രദ്ധയില്‍പ്പെട്ടത്‌. ബലിബിംബത്തോടൊപ്പം ക്ഷേത്രത്തിലെ സ്വര്‍ണ പൊട്ടുകളും നഷ്ടപ്പെട്ടിട്ടുണ്ട്‌. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്‌.

വിവരമറിഞ്ഞ്‌ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ രാഹുല്‍ ആര്‍ നായര്‍, ഡിവൈഎസ്പി എം. പ്രദീപ്കുമാര്‍, സിഐമാരായ വി.വി. മനോജ്‌, കെ.എസ്‌. ഷാജി എന്നിവരും എസ്.പിയുടെ സ്ക്വാഡും സ്ഥലത്തെത്തി. ഇന്നലെ രാത്രി ഏഴോടെയാണ്‌ ക്ഷേത്രം അടച്ചത്‌. ചുറ്റമ്പലത്തിന്റെ പൂട്ടുപൊളിച്ച്‌ തിടപ്പള്ളിയില്‍ കയറി വാക്കത്തി ഉപയോഗിച്ചാണ്‌ ശ്രീകോവിലിന്റെ പൂട്ടു പൊളിച്ചതെന്ന്‌ സംശയിക്കുന്നു.

മോഷണത്തിന്‌ ഉപയോഗിച്ചതെന്നു കരുതുന്ന വാക്കത്തി ക്ഷേത്രത്തിനകത്തുനിന്ന്‌ പോലീസ്‌ കണ്ടെടുത്തു. ടെമ്പിള്‍ തെഫ്റ്റ്‌ സ്ക്വാഡ്‌, വിരലടയാള വിദഗ്ധര്‍, ഡോഗ്‌ സ്ക്വാഡ്‌ എന്നിവയും സ്ഥലത്തെത്തി പരിശോധന നടത്തി.

Short URL: http://www.janmabhumidaily.com/jnb/?p=63684



Posted by admin on Jul 6 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011