വിന്‍ഡീസിന്‌ ജയം

കിങ്ങ്സ്റ്റണ്‍: ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിന ക്രിക്കറ്റ്‌ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന്‌ വിജയം. ഒമ്പത്‌ വിക്കറ്റിനാണ്‌ വിന്‍ഡീസ്‌ വിജയം സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ന്യൂസിലാന്റ്‌ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 190 റണ്‍സെടുത്തു. തുടര്‍ന്ന്‌ മറുപടി ബാറ്റിങ്ങ്‌ ആരംഭിച്ച വെസ്റ്റിന്‍ഡീസ്‌ 18 ഓവറില്‍ 91 റണ്‍സെടുത്തപ്പോള്‍ കളി മഴ തടസ്സപ്പെടുത്തി. തുടര്‍ന്ന്‌ ഡെക്ക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം വിജയലക്ഷ്യം 33 ഓവറില്‍ 135 റണ്‍സായി പുനര്‍നിര്‍ണ്ണയിച്ചു. 24.2 ഓവറില്‍ വിന്‍ഡീസ്‌ ഈ ലക്ഷ്യം മറികടന്നാണ്‌ ആദ്യ ഏകദിനത്തില്‍ വിജയം കരസ്ഥമാക്കിയത്‌. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്രിസ്‌ ഗെയിലിന്റെയും ഡ്വെയ്ന്‍ സ്മിത്തിന്റെയും അര്‍ദ്ധസെഞ്ച്വറിയുടെ കരുത്തിലാണ്‌ വിന്‍ഡീസ്‌ വിജയം നേടിയത്‌. ന്യൂസിലാന്റ്‌ നിരയില്‍ 60 റണ്‍സ്‌ നേടിയ ബ്രാഡ്ലി വാറ്റ്ലിങ്ങാണ്‌ മികച്ച പ്രകടനം നടത്തിയത്‌. നാല്‌ വിക്കറ്റ്‌ വീഴ്ത്തിയ വിന്‍ഡീസ്‌ ബൗളര്‍ ആന്ദ്രെ റസ്സലാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

ആദ്യം ബാറ്റ്‌ ചെയ്ത ന്യൂസിലാന്റിന്‌ തുടക്കംമുതല്‍ തന്നെ പിഴച്ചു. സ്കോര്‍ ബോര്‍ഡില്‍ വെറും മൂന്ന്‌ റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ്‌ വീണു. ഒരു റണ്‍സെടുത്ത ഗുപ്റ്റിലാണ്‌ ആദ്യം മടങ്ങിയത്‌. റസ്സലിന്റെ പന്തില്‍ സമിക്ക്‌ ക്യാച്ച്‌ നല്‍കിയാണ്‌ ഗുപ്റ്റില്‍ പവലിയനിലേക്ക്‌ മടങ്ങിയത്‌. സ്കോര്‍ 30-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും സന്ദര്‍ശകര്‍ക്ക്‌ നഷ്ടമായി. 12 റണ്‍സെടുത്ത ഫ്ലിന്‍ റസ്സലിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി പുറത്തായി. മൂന്ന്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും സന്ദര്‍ശകര്‍ക്ക്‌ മൂന്നാം വിക്കറ്റും നഷ്ടമായി. 14 റണ്‍സെടുത്ത നിക്കോളിനെ റസ്സലിന്റെ പന്തില്‍ സിമ്മണ്‍സിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ മടങ്ങിയത്‌. സ്കോര്‍ 48-ല്‍ നില്‍ക്കേ ഒരു റണ്‍സെടുത്ത ബ്രൗണ്‍ലിയും 71-ല്‍ വില്ല്യംസണും മടങ്ങി. മുന്‍നിര ബാറ്റ്സ്മാന്മാര്‍ വിക്കറ്റ്‌ കളഞ്ഞുകളിച്ചതാണ്‌ മികച്ച സ്കോര്‍ നേടുന്നതില്‍ നിന്ന്‌ ന്യൂസിലാന്റിനെ തടഞ്ഞത്‌. പിന്നീട്‌ വാറ്റ്ലിങ്ങും ജേക്കബ്‌ ഒറാമും ചേര്‍ന്ന്‌ കിവീസ്‌ സ്കോര്‍ 100 കടത്തിവിട്ടത്‌. എന്നാല്‍ സ്കോര്‍ 117-ല്‍ എത്തിയപ്പോള്‍ ഒറാമും പുറത്തായി. 32 റണ്‍സെടുത്ത ഒറാമിനെ രാംപാല്‍ ക്ലീന്‍ബൗള്‍ഡാക്കി. പിന്നീട്‌ വാറ്റ്ലിങ്ങിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. വാലറ്റക്കാരെ കൂട്ടുപിടിച്ച്‌ വാറ്റ്ലിങ്‌ കിവീസ്‌ സ്കോര്‍ 173-ല്‍ എത്തിച്ചു. ഇതിനിടെ എല്ലിസും മില്‍സും പുറത്തായിരുന്നു. 48-ാ‍ം ഓവറിലെ അവസാന പന്തില്‍ സ്കോര്‍ 173-ല്‍ നില്‍ക്കേ വാറ്റ്ലിങ്ങും പുറത്തായി. 10 ഓവറില്‍ 45 റണ്‍സ്‌ വഴങ്ങി നാല്‌ മുന്‍നിരക്കാരെ പുറത്താക്കിയ ആന്ദ്രെ റസ്സലാണ്‌ കിവീസ്‌ ബാറ്റിങ്ങ്‌ നിരയെ തകര്‍ക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്‌. നരേയ്നും രാംപാലും രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്ത്തി.

191 റണ്‍സ്‌ എന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡിസിന്‌ തുടക്കത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും ക്രിസ്‌ ഗെയിലും ഡ്വെയ്ന്‍ സ്മിത്തും മികച്ച ഫോമിലേക്കുയര്‍ന്നു. സ്കോര്‍ 6-ല്‍ എത്തിയപ്പോള്‍ 12 പന്ത്‌ നേരിട്ട്‌ റണ്ണൊന്നുമെടുക്കാതെ സിമ്മണ്‍സ്‌ മില്‍സിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ വാറ്റ്ലിങ്ങിന്‌ ക്യാച്ച്‌ നല്‍കി മടങ്ങി. രണ്ടാം വിക്കറ്റില്‍ ഗെയ്‌ലിനൊപ്പം സ്മിത്ത്‌ ഒത്തുചേര്‍ന്നതോടെ കിവീസ്‌ ബൗളര്‍മാരുടെ പിടിയയഞ്ഞു. എന്നാല്‍ 18 ഒാ‍വറില്‍ വിന്‍ഡീസ്‌ സ്കോര്‍ 91 റണ്‍സില്‍ നില്‍ക്കേ മഴ എത്തി. പിന്നീട്‌ മഴമാറി കളി പുനരാരംഭിച്ചതോടെ ഡക്ക്‌ വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം വിന്‍ഡീസ്‌ ലക്ഷ്യം 33 ഓവറില്‍ 135 റണ്‍സായി പുനര്‍നിര്‍ണ്ണയിച്ചു. 63 റണ്‍സെടുത്ത ക്രിസ്‌ ഗെയിലിന്റെയും 65 റണ്‍സെടുത്ത സ്മിത്തിന്റെയും ഉജ്ജ്വല പ്രകടനത്തോടെ വിന്‍ഡീസ്‌ 24.2 ഓവറില്‍ 136 റണ്‍സ്‌ നേടി ലക്ഷ്യം മറികടന്നു.


Short URL: http://www.janmabhumidaily.com/jnb/?p=63701



Posted by admin on Jul 6 2012. Filed under CRICKET. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011