സഹൃദയന്‍, സമാരാദ്ധ്യന്‍

സംസ്ക്കാര സമ്പന്നമായ ഒരു പുതുതലമുറയെ വളര്‍ത്തിയെടുക്കാന്‍ ആയുഷ്ക്കാലം പ്രവര്‍ത്തിച്ച ആചാര്യനായിരുന്നു ഡോ.എന്‍.ഐ.നാരായണന്‍ സാര്‍, കൊല്ലം ശ്രീനാരായണ കോളേജിലെ ഹിന്ദിവിഭാഗം തലവനായിരുന്ന അദ്ദേഹം, ഉദ്യോഗത്തില്‍നിന്ന്‌ വിരമിച്ചശേഷം രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെടുകയും ഭാരതീയമായ ഒരു വിദ്യാഭ്യാസ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ മുന്‍പന്തിയില്‍ വരികയും ചെയ്തു. ഈ ശ്രമത്തിന്റെ ഭാഗമായി, അഖിലഭാരതീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭാരതിയുടെ ഘടകമായി ഭാരതീയ വിദ്യാനികേതന്‍ എന്ന പ്രസ്ഥാനം രൂപീകരിക്കാനും മാതൃകാപരമായി പാലക്കാട്‌ ജില്ലയിലെ കല്ലേക്കാട്‌ വ്യാസവിദ്യാപീഠം സ്ഥാപിച്ചപ്പോള്‍ അതിന്റെ പിന്നിലെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഓരോ നടപടിയും നാരായണന്‍ സാറിന്റേതായിരുന്നു. സ്വാതന്ത്ര്യാനന്തരം തികച്ചും പാശ്ചാത്യമായ വിദ്യാഭ്യാസ പദ്ധതിയാണ്‌ സര്‍ക്കാര്‍ പിന്തുടരുന്നതെന്ന്‌ കണ്ടപ്പോള്‍ പ്രായവ്യത്യാസമെന്യേ മാതൃഭാഷ മാധ്യമമായ ഒരു സാംസ്ക്കാരിക വിദ്യാഭ്യാസ പദ്ധതിക്ക്‌ രൂപം കൊടുക്കുകയും കുട്ടികളുടെ സാംസ്ക്കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ സഹകരണത്തോടെ കൊച്ചി കേന്ദ്രമായി അമൃത ഭാരതീയ വിദ്യാപീഠം സ്ഥാപിക്കുന്നതിന്‌ നേതൃത്വം കൊടുക്കുകയും ചെയ്തത്‌ നാരായണന്‍ സാറാണ്‌.

പ്രായവ്യത്യാസമെന്യേ സ്വന്തം നിലവാരമനുസരിച്ച്‌ ആര്‍ക്കും നിശ്ചിത പാഠപുസ്തകങ്ങള്‍ പഠിച്ച്‌ പരീക്ഷ എഴുതി നമ്മുടെ സംസ്ക്കാരത്തിലും പാരമ്പര്യത്തിലും അടിസ്ഥാന അറിവ്‌ നേടാന്‍ കഴിയുമെന്ന്‌ കഴിഞ്ഞ 25 വര്‍ഷമായി നടത്തിവരുന്ന അമൃതഭാരതി വിദ്യാപീഠത്തിന്റെ പ്രവര്‍ത്തനം തെളിയിച്ചിട്ടുണ്ട്‌. ഇംഗ്ലീഷിനെ ആശ്രയിക്കാതെ വ്യക്തമായ വ്യവസ്ഥയില്‍ നടന്നുവരുന്ന ഒരു മാതൃഭാഷ മാധ്യമവിദ്യാഭ്യാസത്തിന്‌ അമൃതഭാരതി ഇന്നൊരു മാതൃകയാണ്‌. വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇന്ന്‌ സാംസ്ക്കാരിക വിദ്യാഭ്യാസം ലഭിച്ചുവരുന്നു.

വിവിധ രംഗങ്ങളില്‍ക്കൂടി കുട്ടികള്‍ക്ക്‌ സാംസ്ക്കാരികാവബോധം ലഭിക്കാനുതകുന്ന ഒട്ടനവധി പുസ്തകങ്ങളും ലേഖനങ്ങളും നാരായണന്‍ സാറിന്റെതായിട്ടുണ്ട്‌. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിഭാഗ്‌ സംഘചാലകനായി ചിരകാലം പ്രവര്‍ത്തിച്ച സാറിന്റെ സാമിപ്യവും സമ്പര്‍ക്കവും എനിക്ക്‌ വിലപ്പെട്ടതായിരുന്നു. ഒട്ടനവധി കാര്യങ്ങള്‍ പുതിയ തലമുറക്കുവേണ്ടി ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ച്‌ പലതും ചെയ്യാന്‍ എനിക്കവസരം കിട്ടിയിട്ടുണ്ട്‌. ആ കര്‍മങ്ങള്‍ വളരെയേറെ ചെയ്യാന്‍ ജഗദീശ്വരന്‍ അനുവദിച്ചുവെന്നത്‌ തന്നെ ഭാഗ്യമാണ്‌. മരണശയ്യയില്‍ കിടക്കുമ്പോഴും തന്റെ വിലപ്പെട്ട അറിവ്‌ അന്യര്‍ക്ക്‌ പകര്‍ന്നുകൊടുക്കാന്‍ അദ്ദേഹം തല്‍പ്പരനായിരുന്നു. ഇത്രയും നാള്‍ അദ്ദേഹത്തെ പരിചരിചരിക്കുകയും സഹധര്‍മം അനുഷ്ഠിക്കുകയും ചെയ്ത ശ്രീമതിയുടെയും മക്കളുടേയും ബന്ധുക്കളുടേയും ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്‌ പരമാത്മ പദപ്രാപ്തിക്കായി പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.

എം.എ.കൃഷ്ണന്‍


Short URL: http://www.janmabhumidaily.com/jnb/?p=63714



Posted by admin on Jul 6 2012. Filed under KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011