തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‌ വെടിയേറ്റു

തിരുവനന്തപുരം: തലസ്ഥാനത്ത്‌ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‌ വെടിയേറ്റു. കേരള യൂണിവേഴ്സിറ്റി ബിഎസ്സി എക്സാമിനേഷന്‍ വിഭാഗം സെക്ഷന്‍ ഓഫീസര്‍ നന്ദാവനം സ്വദേശി മനാഫി(47)നാണ്‌ വെടിയേറ്റത്‌. ഇന്നലെ രാത്രി 7.30ന്‌ ഗാര്‍ഡ്‌ റൂമിന്‌ സമീപം ടിക്കറ്റ്‌ റിസര്‍വേഷന്‍ കൗണ്ടറിലാണ്‌ സംഭവം. സ്റ്റേഷനിലെ ആര്‍പിഎഫ്‌ ഗാര്‍ഡ്‌ റൂമിലുണ്ടായിരുന്ന ഇശപ്പിയപ്പന്‍ എന്ന കോണ്‍സ്റ്റബിളിന്റെ തോക്കില്‍ നിന്നാണ്‌ വെടിയുതിര്‍ന്നത്‌. വെടിയുതിര്‍ത്ത 9 എം.എം തോക്ക്്‌ പോലീസ്‌ കണ്ടെടുത്തു. മനാഫിന്റെ അടിവയറിലൂടെ തുളച്ചുകയറിയ വെടിയുണ്ട പുറത്തുവന്ന നിലയിലാണ്‌. മനാഫിന്റെ ശരീരത്തില്‍ രണ്ടു മുറിവുകളുണ്ട്‌. വെടിയേറ്റുവീണ ഇയാള്‍ പത്തു മിനിറ്റോളം സ്ഥലത്തു കിടന്നു. ആശുപത്രിയിലേക്ക്‌ മാറ്റാന്‍ ആരും തയ്യാറായില്ലെന്ന്‌ ദൃക്‌സാക്ഷികള്‍ കുറ്റപ്പെടുത്തി. മറ്റ്‌ യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ്‌ മനാഫിനെ ആശുപത്രിയിലേക്ക്‌ മാറ്റാന്‍ തയ്യാറായത്‌.

ഡ്യൂട്ടിക്ക്‌ പോകുന്നതിന്‌ മുമ്പായി കോണ്‍സ്റ്റബിള്‍ തോക്ക്‌ വൃത്തിയാക്കുമ്പോഴാണ്‌ വെടിയുതിര്‍ന്നതെന്നാണ്‌ സൂചന. തോക്ക്‌ കൈകാര്യം ചെയ്യുന്ന ഗാര്‍ഡ്‌ തിരയില്ലെന്ന ധാരണയില്‍ തോക്ക്‌ കൈകാര്യം ചെയ്തതാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ സൂചന. മനാഫ്‌, ഭാര്യക്കൊപ്പം ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്യാനാണ്‌ റെയില്‍വേ സ്റ്റേഷനിലെത്തിയത്‌. ടിക്കറ്റ്‌ ബുക്ക്‌ ചെയ്തശേഷം പുറത്തേക്ക്‌ വരുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം കിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്ത്രക്രിയയ്ക്ക്‌ വിധേയനാക്കി.

സിറ്റി പോലീസ്‌ കമ്മീഷണര്‍ ടി.ജെ.ജോസ്‌, എ.സി.രാധാകൃഷ്ണന്‍ ആര്‍പിഎഫിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ്‌ നടത്തി. ഇശപ്പിയപ്പനുള്‍പ്പെടെ രണ്ടു കോണ്‍സ്റ്റബിള്‍മാരെ റെയില്‍വേ പോലീസ്‌ ചോദ്യം ചെയ്തു. വെടിയുതിര്‍ക്കാനിടയായ സാഹചര്യത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടക്കുന്നുണ്ട്‌. ഡ്യൂട്ടിയ്ക്ക്‌ പോവുന്നതിന്‌ മുന്നോടിയായി ഏഴരയോടെയാണ്‌ ആര്‍.പി.എഫ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ തോക്ക്‌ നല്‍കിയത്‌. തോക്ക്‌ ലോഡ്‌ ചെയ്യുന്നതിനിടെ അബദ്ധത്തിലുണ്ടായ സംഭവമാണെന്നാണ്‌ ആര്‍.പി.എഫ്‌ അധികൃതരുടെ വിശദീകരണം.

സ്വന്തം ലേഖകന്‍


Short URL: http://www.janmabhumidaily.com/jnb/?p=63720



Posted by admin on Jul 6 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011