പ്രപഞ്ചരഹസ്യം തേടാന്‍ നടരാജ കടാക്ഷവും

ന്യൂദല്‍ഹി: പ്രഞ്ചോല്‍പ്പത്തിയുടെ രഹസ്യം തേടി തലപുകയ്ക്കുന്ന യൂറോപ്യന്‍ അണുഗവേഷണ സംഘടന (സേണ്‍)യിലെ ശാസ്ത്രജ്ഞര്‍ക്ക്‌ പ്രചോദനവും അനുഗ്രഹവും ചൊരിയുന്നത്‌ സാക്ഷാല്‍ നടരാജ ഭഗവാന്‍.

സൃഷ്ടിയുടെയും സംഹാരത്തിന്റെയും മൂര്‍ത്തിമദ്ഭാവമായ ശിവഭഗവാന്റെ പ്രപഞ്ചനൃത്തത്തെ അനുസ്മരിക്കുന്ന കൂറ്റന്‍ നടരാജവിഗ്രഹമാണ്‌ ജെയിനെവയിലെ സിഇആര്‍എന്‍ (യൂറോപ്യന്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ ഇന്‍ പാര്‍ട്ടിക്കിള്‍ ഫിസിക്സ്‌) ആസ്ഥാനത്ത്‌ ശാസ്ത്രജ്ഞരെ വരവേല്‍ക്കുന്നത്‌. 2004 ജൂണ്‍ 18 നാണ്‌ വിഖ്യാതമായ നടരാജവിഗ്രഹം സേണില്‍ അനാവരണം ചെയ്തത്‌. ഇന്ത്യയുമായി ഗവേഷണകേന്ദ്രത്തിനുള്ള ദീര്‍ഘകാല സഹകരണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ സമ്മാനിച്ചതാണ്‌ രണ്ട്‌ മീറ്റര്‍ ഉയരമുള്ള നടരാജ വിഗ്രഹം. സേണിലെ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്ന കണികാ ഭൗതികത്തിന്റെ ഉള്ളറകളിലെ അടിസ്ഥാന കണികകളെ വേര്‍പെടുത്തി ദൈവകണത്തെ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ ഭഗവാന്‍ ശിവന്റെ പ്രപഞ്ചനൃത്തത്തോട്‌ പ്രതീകവല്‍ക്കരിച്ചുകൊണ്ടാണ്‌ ശിവനടരാജ വിഗ്രഹം ഇന്ത്യ സമ്മാനിച്ചത്‌.

ഭഗവാന്‍ ശിവന്റെ നൃത്തവും സൂക്ഷ്മാണുക്കളുടെ ചലനവും ആദ്യം ചര്‍ച്ചാവിഷയമാക്കിയത്‌ ഫ്രിടോഫ്‌ കാപ്ര എന്ന ഗവേഷകനാണ്‌. 1972 ല്‍ ‘മെയിന്‍ കറന്റ്സ്‌ ഇന്‍ മോഡേണ്‍ തോട്ട്സി’ല്‍ പ്രസിദ്ധീകരിച്ച ‘ശിവനൃത്തം, ആധുനിക ഊര്‍ജതന്ത്രത്തിന്റെ വെളിച്ചത്തില്‍ ദ്രവ്യത്തെക്കുറിച്ചുള്ള ഹിന്ദു കാഴ്ചപ്പാട്‌’ എന്ന ലേഖനത്തിലാണ്‌ ഈ താരതമ്യം. കാപ്രയുടെ അന്താരാഷ്ട്ര ബെസ്റ്റ്‌ സെല്ലറായ ‘ദ്‌ ടാവൊ ഓഫ്‌ ഫിസിക്സി’ലെ മുഖ്യ പരാമര്‍ശവിഷയവും ശിവന്റെ പ്രപഞ്ചനൃത്തം തന്നെ. 1975 ല്‍ ആദ്യം പ്രസിദ്ധീകരിച്ച ഈ പുസ്തകം 40 ലേറെ എഡിഷനുകളോടെ ലോകമെങ്ങും ഇന്നും പ്രചാരത്തിലുണ്ട്‌.

സേണിലെ നടരാജവിഗ്രഹത്തിന്‌ തൊട്ടടുത്ത്‌ സ്ഥാപിച്ചിരിക്കുന്ന ഫലകത്തില്‍ പ്രപഞ്ചനൃത്തത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്നു. ഒപ്പം ‘ടാവൊ ഓഫ്‌ ഫിസിക്സിലെ ഒട്ടേറെ ഉദ്ധരണികളും. സൃഷ്ടിയുടെയും സംഹാരത്തിന്റെയും താളം കാലങ്ങളുടെയും എല്ലാ ജീവജാലങ്ങളുടെയും ജനന-മരണ ചക്രം മാത്രമല്ലെന്ന്‌ ആധുനിക ഊര്‍ജതന്ത്രം കാട്ടിത്തരുന്നതായി അടുത്തയിടെ ഫ്രിടോഫ്‌ കാപ്ര വിശദീകരിച്ചിരുന്നു. എന്നാല്‍ ഇത്‌ അജൈവ പദാര്‍ത്ഥങ്ങളുടെ സത്ത കൂടിയാണത്രേ. അതുകൊണ്ട്‌ ആധുനിക ഊര്‍ജതന്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ശിവന്റെ നൃത്തം സൂക്ഷ്മാണുപദാര്‍ത്ഥങ്ങളുടെ നൃത്തം തന്നെയാണെന്നാണ്‌ കാപ്ര പറയുന്നത്‌. അദ്ദേഹം തുടരുന്നു നൂറുകണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുതന്നെ നൃത്തഭാവത്തിലുള്ള ശിവഭഗവാന്റെ ചിത്രങ്ങള്‍ മനോഹരമായി ഓടില്‍ സൃഷ്ടിക്കാന്‍ ഇന്ത്യയിലെ കലാകാരന്മാര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഇക്കാലത്ത്‌, അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്‌ പ്രപഞ്ചനൃത്തത്തിന്റെ ശൈലി ശാസ്ത്രജ്ഞര്‍ ചിത്രീകരിക്കുന്നത്‌. അതിനാല്‍, പൗരാണിക ശാസ്ത്രത്തെയും മതകലയെയും ആധുനിക ശാസ്ത്രത്തെയും പ്രപഞ്ചനൃത്തം ഇണക്കിച്ചേര്‍ക്കുന്നതായി കണക്കാക്കാമെന്ന്‌ ഫ്രിടോഫ്‌ കാപ്ര ചൂണ്ടിക്കാട്ടുന്നു.

പ്രപഞ്ചോല്‍പത്തിയുടെ രഹസ്യം തേടി അലയുന്ന ശാസ്ത്രലോകം ദൈവകണമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഹിഗ്സ്ബോസോണുകളുടെ സാന്നിധ്യത്തിന്‌ അടുത്തെത്തിയതായി അടുത്തിടെ വാര്‍ത്ത വന്നിരുന്നു.


Short URL: http://www.janmabhumidaily.com/jnb/?p=63726



Posted by admin on Jul 6 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011