എന്‍.ഐ.നാരായണന്‍ അന്തരിച്ചു

കൊല്ലം: ആര്‍എസ്‌എസ്‌ തിരുവനന്തപുരം മുന്‍ വിഭാഗ്‌ സംഘചാലക്‌ ഡോ.എന്‍.ഐ.നാരായണന്‍ (93) അന്തരിച്ചു. വിദ്യാഭ്യാസ വിചക്ഷണന്‍, ചിന്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന അദ്ദേഹം ഹിന്ദു സാംസ്കാരിക സംഘടനകളുടെ മാര്‍ഗദര്‍ശിയായിരുന്നു. മാടന്‍നട കെ.ബി.നഗര്‍ 120ല്‍ അമൃതയിലായിരുന്നു താമസം. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. മരണസമയത്ത്‌ ഭാര്യയും മക്കളും സമീപത്തുണ്ടായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നതിനാല്‍ അദ്ദേഹം പൊതുപരിപാടികളില്‍ സജീവമായിരുന്നില്ല.

മൂവാറ്റുപുഴയിലാണ്‌ ജനനമെങ്കിലും കൊല്ലമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രം. കൊല്ലം ശ്രീനാരായണ കോളേജില്‍ ഹിന്ദി അധ്യാപകനായിരുന്ന അദ്ദേഹം 1971 മുതല്‍ സംഘവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചു. പത്ത്‌ വര്‍ഷത്തിലേറെ കൊല്ലം ജില്ലാ സംഘചാലകിന്റെ ചുമതല വഹിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ ഉള്‍പ്പെടുന്ന വിഭാഗിന്റെ സംഘചാലകനായി രണ്ടര ദശാബ്ദക്കാലം പ്രവര്‍ത്തിച്ചിരുന്ന എന്‍.ഐ.നാരായണന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ കുറച്ചുകാലം മുമ്പാണ്‌ ചുമതലകളില്‍ നിന്നും ഒഴിവായത്‌. 1984ല്‍ ആശ്രാമം മൈതാനത്ത്‌ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ ബാലാസാഹേബ്‌ ദേവറസ്‌ പങ്കെടുത്ത പരിപാടിക്ക്‌ ശേഷമാണ്‌ അദ്ദേഹം വിഭാഗ്‌ സംഘചാലകനായി തെരഞ്ഞെടുക്കപ്പെടുന്നത്‌.

ആര്‍എസ്‌എസിന്‌ ജില്ലയില്‍ വേരോട്ടമുണ്ടാക്കാനും വളര്‍ച്ച നേടാനും നിര്‍ണായക പങ്കുവഹിച്ച അനുപമമായ വ്യക്തിത്വത്തിന്‌ ഉടമയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത്‌ പ്രവര്‍ത്തിക്കാനായിരുന്നു അദ്ദേഹം ഏറെ സമയവും നീക്കിവച്ചത്‌. ഭാവിഭാരതത്തിന്റെ സമ്പത്തായ കുരുന്നുകള്‍ക്ക്‌ രാഷ്ട്രത്തിന്റെ പാരമ്പര്യവും ആചാരങ്ങളും പകര്‍ന്നു നല്‍കാനായി നിരവധി രചനകള്‍ അദ്ദേഹം നടത്തുകയും അതിന്റെ പ്രചരണത്തിനായി നാടാകെ യാത്ര ചെയ്ത്‌ കുട്ടികള്‍ക്ക്‌ ക്ലാസുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്‌. ഭാരതീയ വിദ്യാനികേതന്‍, അമൃതഭാരതി എന്നിവയിലൂടെ ഭാരതീയ ചിന്താധാരകള്‍ക്ക്‌ വിദ്യാഭ്യാസരംഗത്ത്‌ വേരോട്ടം നല്‍കിയ അദ്ദേഹം ഉപനിഷത്ത്‌ വിദ്യാഭവന്‍, ബാലസാഹിതിപ്രകാശന്‍, ഗീതാസ്വാധ്യായ സമിതി തുടങ്ങി നിരവധി സംഘടനകളുടെ വഴികാട്ടിയുമായിരുന്നു. കൊല്ലം പുതിയകാവ്‌ ഭഗവതി ക്ഷേത്രത്തിന്റെ ആദ്യത്തെ പ്രസിഡന്റ്‌ കൂടിയാണ്‌. സംഘബന്ധുക്കളുടെയും പൗരപ്രമുഖരുടെയും സാന്നിധ്യത്തില്‍ ഇന്നലെ വൈകിട്ട്‌ ആറിന്‌ പോളയത്തോട്‌ ശ്മശാനത്തിലായിരുന്നു സംസ്കാരം.

തൊടുപുഴ പുളിയാക്കല്‍ കുടുംബാംഗമായ ലക്ഷ്മിയാണ്‌ ഭാര്യ. മക്കള്‍: വിജയലക്ഷ്മി (റിട്ട. പ്രൊഫസര്‍, ശിവകാശി), രാജന്‍ബാബു (പരേതന്‍), സുഭാഷ്‌ (സയന്റിസ്റ്റ്‌, സെസ്‌, തിരുവനന്തപുരം), ജയ (ഷാര്‍പ്‌ ഡിജിറ്റല്‍ ലാബ്‌, കൊട്ടിയം). മരുമക്കള്‍: ശശിധരന്‍ (റിട്ട.പ്രൊഫസര്‍, ശിവകാശി), ലൈല, ഉഷ, യശോധരന്‍ (ബിസിനസ്‌, ദുബായ്‌).

ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പി.ഇ.ബി.മേനോന്‍, ക്ഷേത്രീയ കാര്യകാരിസദസ്യന്‍ എ.ആര്‍.മോഹനന്‍, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, വിദ്യാനികേതന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എസ്‌.രാമചന്ദ്രന്‍, സംസ്ഥാന കാര്യദര്‍ശി എ.ഗോപിനാഥ്‌, വിശ്വസംസ്കൃത പ്രതിഷ്ഠാന്‍ വൈസ്പ്രസിഡന്റ്‌ വി.ജെ.ശ്രീകുമാര്‍, അമൃതാനന്ദമയീ മഠത്തിലെ സ്വാമി തുരിയാമൃതപുരി, പി.പി.മുകുന്ദന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശന്‍, വിഭാഗ്‌ കാര്യവാഹ്‌ രാജന്‍ കരൂര്‍, വിഭാഗ്‌ പ്രചാരക്‌ എ.വിനോദ്‌, വിഭാഗ്‌ സംഘചാലക്‌ ജി.ശിവരാമന്‍, വിഭാഗ്‌ സമ്പര്‍ക്ക പ്രമുഖ്‌ പ്രതാപന്‍ തുടങ്ങിയവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. ജന്മഭൂമിക്കുവേണ്ടി തിരുവനന്തപുരം യൂണിറ്റ്‌ മാനേജര്‍ ടി.വി.പ്രസാദ്‌ ബാബു പുഷ്പചക്രം സമര്‍പ്പിച്ചു.

പ്രാന്ത സഹകാര്യവാഹ്‌ അഡ്വ.എന്‍.ശങ്കര്‍റാം, സഹസേവാപ്രമുഖ്‌ സി.സി.ശെല്‍വന്‍, ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ്‌.ശ്യാംകുമാര്‍, ഗ്രാമീണ ജില്ലാ കാര്യവാഹ്‌ എ.വിജയന്‍, അമൃതഭാരതി ഉപാദ്ധ്യക്ഷന്‍ കെ.രാധാകൃഷ്ണന്‍, പൊതു കാര്യദര്‍ശി എം.കെ.സതീശന്‍, ട്രഷറര്‍ പി.സുഭാഷ്‌ ബാബു, ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ ശിവജി സുദര്‍ശന്‍, ബിജെപി ജില്ലാ പ്രസിഡന്റ്‌ വയയ്ക്കല്‍ മധു, മഹാനഗര്‍ സംഘചാലക്‌ എം.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും അന്ത്യോപചാരമര്‍പ്പിച്ചു.



Short URL: http://www.janmabhumidaily.com/jnb/?p=63728



Posted by admin on Jul 6 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011