വൈദ്യുതി മേഖല കടുത്ത പ്രതിസന്ധിയില്‍ – ആര്യാടന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഈ സീസണില്‍ മഴയുടെ ലഭ്യത 35 ശതമാനം കുറവാണ്. ഇതുതുടര്‍ന്നാല്‍ പവര്‍ക്കട്ട് ഉള്‍പ്പടെയുള്ള കടുത്ത നിയന്ത്രണ നടപടികള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.

ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാനം വെള്ളം കുറവാണ്‌. 1,200 മില്യണ്‍ യൂണിറ്റ്‌ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളത്തിന്റെ കുറവുണ്ട്‌. കാലവര്‍ഷം ചതിച്ചാല്‍ സര്‍ക്കാരിന്‌ വൈദ്യുതി നിയന്ത്രണം അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം പുറത്തു നിന്നും വൈദ്യുതി വാങ്ങിയതില്‍ 2,000 കോടി രൂപയുടെ നഷ്ടമാണ്‌ വൈദ്യുതി ബോര്‍ഡിനുണ്ടായിരിക്കുന്നത്‌. ഈ വര്‍ഷം പുറത്തു നിന്നും വൈദ്യുതി വാങ്ങാന്‍ 5,000 കോടി രൂപ വേണ്ടി വരുമെന്നും ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. വന്‍കിട ഉപഭോക്താക്കള്‍ക്കും പരസ്യബോര്‍ഡുകള്‍ക്കും മറ്റും കര്‍ശനമായ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും.

ആതിരപ്പിള്ളി ഉള്‍പ്പടെയുള്ള പദ്ധതികളെ പൈതൃക പ്രദേശത്തുള്‍പ്പെടുത്തരുതെന്ന് കേന്ദ്രത്തിനോട് അഭ്യര്‍ത്ഥിക്കും. എന്നാല്‍ അതിനെ പിന്തണയ്ക്കുന്ന ശാസ്ത്രീയ അടിത്തറ നമുക്കാവശ്യമാണെന്നും അതുകൊണ്ടാണ് കാലതാമസം നേരിടുന്നതെന്നും ആര്യാടന്‍ വ്യക്തമാക്കി.

മഴക്കാലത്ത്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡുകള്‍ വെട്ടിപ്പൊളിക്കരുതെന്ന്‌ നിര്‍ദേശം നല്‍കിയതായി പൊതുമരാമത്ത്‌ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്‌ ചോദ്യോത്തരവേളയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഏകോപനമുണ്ടാക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നത്‌ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സ്കൂളുകളിലെ ലാബുകളുടെ കാര്യക്ഷമത പരിശോധിച്ച്‌ ഉറപ്പുവരുത്തുമെന്ന്‌ ജലവിഭവമന്ത്രി പി.ജെ. ജോസഫ്‌ അറിയിച്ചു.

Short URL: http://www.janmabhumidaily.com/jnb/?p=64030



Posted by admin on Jul 9 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011