ബ്രസീലിനും ഒരു സ്വപ്നമുണ്ട്

അഞ്ച് ലോകകിരീടം, മൂന്ന് കോണ്‍ഫെഡറേഷന്‍ കപ്പ്, എട്ട് കോപ്പ അമേരിക്ക കിരീടം, രണ്ട് പാന്‍ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പ് എന്നിങ്ങനെ നിരവധി കിരീടങ്ങള്‍കൊണ്ട് അരങ്ങുവാണ ഒരു രാജ്യത്തിന് ഇനിയും സ്വന്തമാക്കാന്‍ കഴിയാത്ത ഒന്നുണ്ട്. ഒരു ഒളിമ്പിക്സ് സ്വര്‍ണ്ണം. രണ്ട് തവണ ഫൈനലില്‍ കടന്നിട്ടും വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന രാജ്യം. അതാണ് ഫുട്ബോളിനെ ജീവവായുവായി കരുതി പ്രണയിക്കുന്ന ബ്രസീല്‍.
ഈ കുറവുനികത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് മഞ്ഞപ്പട ലണ്ടന്‍ ടിക്കറ്റ് തരപ്പെടുത്തിയിട്ടുള്ളത്. കരുത്തുറ്റ താരനിരയുമായാണ് അവര്‍ ലണ്ടനില്‍ കന്നി സ്വര്‍ണ്ണം ലക്ഷ്യമിട്ട് ഇറങ്ങുന്നത്. സീരി ടീം എസി മിലാന്റെ താരമായ തിയാഗോ സില്‍വ നയിക്കുന്ന ടീമില്‍ യുവ സൂപ്പര്‍താരം സാന്റോസിന്റെ നെയ്മറും എസി മിലാന്റെ അലക്സാഡ്രെ പാറ്റോയും പോര്‍ട്ടോയുടെ ഹള്‍ക്കും ഇന്റര്‍മിലാന്റെ ലിയനാര്‍ഡോ ഡാമിയാവോ, റയല്‍മാഡ്രിഡിന്റെ പ്രതിരോധനിരയിലെ കരുത്തന്‍ മാഴ്സെലോ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റാഫേല്‍ ഡ സില്‍വ തുടങ്ങിയ പ്രഗത്ഭരാണ് അണിനിരക്കുന്നത്.
16 ടീമുകള്‍ പങ്കെടുക്കുന്ന ഒളിമ്പിക്സില്‍ ബ്രസീല്‍ ഗ്രൂപ്പ് സിയിലാണ്. ഈജിപ്റ്റ്, ബലാറസ്, ന്യൂസിലന്‍ഡ് എന്നീ ടീമുകളാണ് ബ്രസീലിനെക്കൂടാതെ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് എയില്‍ ബിട്ടന്‍, സെനഗല്‍, യുഎഇ, ഉറുഗ്വെ എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ മെക്സിക്കോ, ദക്ഷിണകൊറിയ, ഗാബണ്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ ടീമുകളും അണിനിരക്കും. ഗ്രൂപ്പ് ഡിയിലാണ് ലോക ചാമ്പ്യന്മാരായ സ്പെയിനിന്റെ സ്ഥാനം. ജപ്പാന്‍, ഹോണ്ടുറാസ്, മൊറോക്കോ എന്നീ രാജ്യങ്ങളും ഡിയിലുണ്ട്. ഓരോ പ്രവിശ്യയിലെയും മൂന്നു ടീമും ആതിഥേയരുമാണ് ഒളിമ്പിക്സിനു യോഗ്യത നേടിയിട്ടുള്ളത്.
ജൂലൈ 26ന് ഈജിപ്റ്റിനെതിരേയാണ് ബ്രസീലിന്റെ ആദ്യ മത്സരം. ഒളിമ്പിക്സില്‍ 1952 മുതല്‍ പങ്കെടുക്കുന്ന ബ്രസീലിന് ആകെ ലഭിച്ചിട്ടുള്ളത് നാലു മെഡലുകളാണ്. 1984, 88 വര്‍ഷങ്ങളില്‍ വെള്ളിമെഡല്‍ ലഭിച്ചതാണ് ഏറ്റവും വലിയ നേട്ടം. 1996ലും 2008ലും വെങ്കലവും ലഭിച്ചു. 1952 മുതല്‍ 76 വരെ പ്രഫഷണല്‍ താരങ്ങള്‍ക്ക് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുവാദമില്ലായിരുന്നു. 23 വയസില്‍ താഴെയുള്ള ജൂണിയര്‍ താരങ്ങള്‍ക്കായിരുന്നു ഒളിമ്പിക് ഫുട്ബോള്‍. അതുകൊണ്ടുതന്നെ പെലെ പോലുള്ള താരങ്ങള്‍ക്ക് ഒളിമ്പിക്സില്‍ പങ്കെടുക്കാനോ രാജ്യത്തിന് വേണ്ടി സ്വര്‍ണ്ണമെഡല്‍ നേടാനോ സാധിച്ചിട്ടില്ല. 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സ് മുതല്‍ ഈ നിയമത്തില്‍ ഭേദഗതിയുണ്ടായി. 23 വയസില്‍ താഴെയുള്ളവരെ കൂടാതെ അഞ്ചു പ്രഫഷണല്‍ താരങ്ങള്‍ക്കും പങ്കെടുക്കാമെന്നായി. ആദ്യ വര്‍ഷം തന്നെ ബ്രസീല്‍ രണ്ടാം സ്ഥാനത്തെത്തി.
ഇറ്റലിയെ സെമിയില്‍ പരാജയപ്പെടുത്തി ഫൈനലിലെത്തിയ ബ്രസീലിന് പക്ഷേ, ഫ്രാന്‍സിനോട് തോല്‍വിയായിരുന്നു ഫലം. 1988-ല്‍ സോളില്‍ നടന്ന ഒളിമ്പിക്സിലും വെള്ളി ലഭിച്ചു. അന്നു ഫൈനലില്‍ സോവിയറ്റ് യൂണിയനോട് 1-2നു ബ്രസീല്‍ പരാജയപ്പെട്ടു. ഏഴ് ഗോളുമായി പിന്നീട് സൂപ്പര്‍താരമായി ഉയര്‍ന്ന റൊമാരിയോ ടോപ് സ്കോററായി. 1992-ല്‍ യോഗ്യത ലഭിച്ചില്ല. 1996 അറ്റ്ലാന്റയിലെത്തിയപ്പോള്‍ ബ്രസീലിനു വെങ്കലം മാത്രമാണു ലഭിച്ചത്. ഈ ഒളിമ്പിക്സ് മുതല്‍ 23 വയസില്‍ താഴെയുള്ളവര്‍ക്കൊപ്പം മൂന്ന് പ്രായമേറിയ താരങ്ങളെ മാത്രമേ ഉള്‍പ്പെടുത്താവൂ എന്ന നിയമം പ്രാബല്യത്തില്‍ വന്നു. സെമിയില്‍ നൈജീരിയയോടു പരാജയപ്പെട്ട ബ്രസീല്‍, പോര്‍ച്ചുഗലിനെ 5-0ന് പരാജയപ്പെടുത്തി വെങ്കല മെഡല്‍ നേടി. 2000 സിഡ്നിയില്‍ ക്വാര്‍ട്ടറില്‍ സ്ലോവാക്യയോട് തോറ്റ് പുറത്തായി. എന്നാല്‍, 2004ല്‍ ബ്രസീലിനു യോഗ്യതനേടാന്‍പോലുമായില്ല. അതേസമയം, കഴിഞ്ഞ ബീജിംഗ് ഒളിമ്പിക്സില്‍ മികച്ച ടീമുമായാണ് ദുംഗയുടെ പരിശീലനത്തിന്‍ കീഴില്‍ ടീം ബെയ്ജിംഗിലെത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമനായി മുന്നേറിയ ബ്രസീലിന് പക്ഷേ, പരമ്പരാഗത വൈരികളായ അര്‍ജന്റീനയോട് സെമിയില്‍ പരാജയം രുചിക്കേണ്ടിവന്നു. ഫൗളുകള്‍കൊണ്ട് ശ്രദ്ധേയമായ മത്സരത്തില്‍ രണ്ട് ബ്രസീലിയന്‍ താരങ്ങള്‍ക്കു ചുവപ്പുകാര്‍ഡ് ലഭിച്ചു. പരാജയം 3-0നും. വെങ്കലമെഡല്‍ മത്സരത്തില്‍ ബല്‍ജിയത്തെ 3-0ന് പരാജയപ്പെടുത്തി ബീജിംഗ് വിട്ടു.
എന്തായാലും നെയ്മറുടെ നേതൃത്വത്തിലുള്ള ടീം സ്വര്‍ണം ആദ്യമായി നാട്ടിലെത്തിക്കുമെന്ന പുര്‍ണ്ണ വിശ്വാസത്തിലാണ് ബ്രസീലിയന്‍ ആരാധകര്‍.
അതേസമയം, ലാറ്റിനമേരിക്കയിലെ മറ്റൊരു ശക്തിയും നിലവിലെ സ്വര്‍ണ്ണമെഡല്‍ ജേതാക്കളുമായ അര്‍ജന്റീന ഇത്തവണ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയിട്ടില്ല എന്നത് കാല്‍പ്പന്തുകളി പ്രേമികളെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.
ബ്രസീല്‍, സ്പെയിന്‍, ബ്രിട്ടന്‍, മെക്സിക്കോ എന്നീ ടീമുകളാണ് ലണ്ടനില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ സീഡ് ചെയ്യപ്പെട്ടിരിക്കുന്നത്. അടുത്ത ലോകകപ്പിന് ഒരുങ്ങുന്ന ബ്രസീലിന് ഒളിമ്പിക് സ്വര്‍ണം ഊര്‍ജമേകുമെന്ന കാര്യത്തില്‍ സംശയമില്ല.
സ്പോര്‍ട്സ് ലേഖകന്‍
Short URL: http://www.janmabhumidaily.com/jnb/?p=64129