നെല്ലിയാമ്പതി യുഡിഎഫിന്‌ കീറാമുട്ടി

തിരുവനന്തപുരം : വനംമന്ത്രി ഗണേഷ്കുമാറും ഗവ. ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്ജും തമ്മിലുള്ള തര്‍ക്കം യുഡിഎഫിലെ മറ്റ്‌ നേതാക്കുളം ഏറ്റുപിടിച്ചു. ഇത്‌ മുന്നണിയില്‍ പുതിയ പ്രതിസന്ധിയാണ്‌ സൃഷ്ടിക്കുന്നത്‌. ചീഫ്‌ വിപ്പിനെ സ്വന്തം പാര്‍ട്ടി സെക്രട്ടറി ആന്റണി രാജു തന്നെ തള്ളിപ്പറയുകയും ചെയ്തു. നെല്ലിയാമ്പതി എസ്റ്റേറ്റിന്റെ പാട്ടകാലാവധിയാണ്‌ പ്രശ്നം. കാലാവധി കഴിഞ്ഞതിനാല്‍ എസ്റ്റേറ്റ്‌ ഏറ്റെടുക്കാനുള്ള ശ്രമമാണ്‌ പി.സി ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്‌. വനം മന്ത്രിയും ചീഫ്‌ വിപ്പും കഴിഞ്ഞ ദിവസം നിയമസഭക്കകത്തും പുറത്തും ഈ പ്രശ്നത്തില്‍ പരസ്യമായ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ചീഫ്‌ വിപ്പ്‌ മന്ത്രിയെ അധിക്ഷേപിച്ചതിനെ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുഖ്യമന്ത്രിയാകട്ടെ ഇരുവരെയും ന്യായീകരിക്കാനാണ്‌ ശ്രമിച്ചത്‌.

അതേസയമം യുഡിഎഫ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചനാകട്ടെ മന്ത്രിയെ കുറ്റപ്പെടുത്തുന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. നെല്ലിയാമ്പതി എസ്റ്റേറ്റ്‌ പ്രശ്നം പഠിക്കാന്‍ യുഡിഎഫ്‌ ഉപസമിതിയ നിശ്ചയിച്ചത്‌ താനറിഞ്ഞിട്ടില്ലെന്ന്‌ മന്ത്രി ഗണേഷ്കുമാര്‍ പറഞ്ഞിരുന്നു. അത്‌ ശരിയായിരിക്കാമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഗണേഷ്കുമാറിനെ അറിയിച്ചിരുന്നു എന്നാണ്‌ തങ്കച്ചന്‍ പറയുന്നത്‌. ഏതായാലും ഗണേശനും ജോര്‍ജ്ജും പറയുന്ന കാര്യങ്ങളെല്ലാം ശരിയാകാനിടയില്ല. ആരെങ്കിലും ഒരാള്‍ കാപട്യം കാണിക്കുന്നു. സത്യാവസ്ഥ അറിയുന്നത്‌ മുഖ്യമന്ത്രിക്കാണ്‌. അതാരാണെന്ന്‌ പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കുന്നുമില്ല. ഭരണമുന്നണിയിലെ തര്‍ക്കം മുതലാക്കാനുള്ള ശ്രമം പ്രതിപക്ഷം ആരംഭിക്കുകയും ചെയ്തു.

ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജിനെതിരെ അവകാശലംഘനത്തിന്‌ സിപിഐയിലെ വി എസ്‌ സുനില്‍കുമാര്‍ നോട്ടീസ്‌ നല്‍കി കഴിഞ്ഞു. നെല്ലിയാമ്പതി എസ്റ്റേറ്റ്‌ പ്രശ്നത്തില്‍ ചൊവ്വാഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം വനം മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ സ്പോണ്‍സര്‍ ചെയ്തതാണെന്ന്‌ ജോര്‍ജ്‌ ആരോപിച്ചതിനെതിരെയാണ്‌ അവകാശലംഘനത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. കെ.എം. മാണി ആവശ്യപ്പെട്ടാല്‍ ചീഫ്‌ വിപ്പ്സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന്‌ പി.സി. ജോര്‍ജ്‌ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടി ചെയര്‍മാനും വിലക്കിയതിനാലാണ്‌ ഗണേഷ്‌ കുമാറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താത്തതെന്നും ജോര്‍ജ്‌ പറഞ്ഞിരുന്നു. കൊലപാതകങ്ങളും കൊലവിളികളും മൂലം അലങ്കോലപ്പെട്ടു നില്‍ക്കുന്ന പ്രതിപക്ഷത്തിന്‌ ഉത്തേജനം നല്‍കാന്‍ പറ്റുന്ന വിഷയമാക്കി എസ്റ്റേറ്റ്‌ പ്രശ്നം മാറ്റാനാണ്‌ ശ്രമം.

പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ അംഗമായി യുഡിഎഫ്‌ ഒരു കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ ഈ തീരുമാനമെടുത്ത മുന്നണിയോഗത്തില്‍ മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ പങ്കെടുത്തിരുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതുകൊണ്ടാണ്‌ കമ്മറ്റി രൂപീകരിച്ചത്‌ സംബന്ധിച്ച്‌ പത്രവാര്‍ത്തകളിലൂടെയുള്ള അറിവുമാത്രമെയുള്ളുവെന്ന്‌ മന്ത്രി നിയമസഭയില്‍ പറഞ്ഞത്‌. കമ്മറ്റി യോഗം ചേരുകയോ ഇതുസംബന്ധിച്ച എന്തെങ്കിലും വിശദാംശങ്ങള്‍ മന്ത്രിയില്‍നിന്നും ആരായുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച്‌ മന്ത്രിയുടെ നിലപാടും പി.സി.ജോര്‍ജ്‌ പറഞ്ഞതും ശരിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നെല്ലിയാമ്പതി എസ്റ്റേറ്റ്‌ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്‌ വകുപ്പുമന്ത്രിയും ചീഫ്‌ വിപ്പും തമ്മിലുണ്ടായ വാക്പോര്‌ സംബന്ധിച്ച്‌ പ്രതിപക്ഷം ഉന്നയിച്ച ക്രമപ്രശ്നത്തിന്‌ മറുപടി പറയുകയായിരുന്നു ഉമ്മന്‍ചാണ്ടി.

കര്‍ഷകരുടെ പ്രശ്നങ്ങള്‍ നിവേദനത്തിലൂടെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്‌ പി.സി. ജോര്‍ജ്‌ ചെയ്തത്‌. തൊഴിലാളികളുടെ പ്രശ്നങ്ങളാണ്‌ വി.ചെന്താമരാക്ഷന്‍ ഉന്നയിച്ചത്‌. ഇതു രണ്ടിലും പ്രശ്നമില്ല. ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കേണ്ടത്‌ സര്‍ക്കാരാണ്‌. ഇല്ലാത്ത പ്രശ്നങ്ങള്‍ ഊതിവീര്‍പ്പിക്കാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നത്‌. കഴിഞ്ഞദിവസം സഭയില്‍ ഇതുസംബന്ധിച്ച്‌ വ്യത്യസ്ത അഭിപ്രായം ഉണ്ടായി എന്നത്‌ ശരിയാണ്‌. അത്‌ തങ്ങള്‍ തന്നെ തീര്‍ത്തോളാം. ഞങ്ങള്‍ക്ക്‌ വലിയ പ്രശ്നങ്ങളൊന്നുമില്ല. ഇത്‌ ഞങ്ങളുടെ ആഭ്യന്തരപ്രശ്നമാണ്‌. വല്ലപ്പോഴും വീണുകിട്ടുന്ന ഇത്തരംപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അവസരം ഞങ്ങള്‍ക്കുതന്നെ തരണം. നിങ്ങള്‍ക്കു പ്രശ്നങ്ങള്‍ പോരെങ്കില്‍ ഇതല്ലാതെ വേറെ വല്ലതും നോക്കണമെന്ന്‌ പ്രതിപക്ഷത്തോടു മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ക്രമപ്രശ്നം സ്പീക്കര്‍ തള്ളി.

ഭരണമുന്നണിയുടെ ആഭ്യന്തരപ്രശ്നമെന്ന രീതിയില്‍ പ്രശ്നത്തെ വ്യാഖ്യാനിച്ചത്‌ ശരിയല്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. നിങ്ങള്‍ക്ക്‌ തമ്മില്‍ത്തല്ലുകയോ തല്ലാതിരിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യാം. അതിന്‌ ഞങ്ങള്‍ എതിരല്ല. ഇത്തരം പ്രശ്നങ്ങള്‍ സഭയില്‍ കൊണ്ടുവന്നിട്ട്‌ അലക്കുന്നതാണ്‌ പ്രശ്നം. വാര്‍ത്താസമ്മേളനം നടത്തി മന്ത്രിയെ ഭീഷണിപ്പെടുത്തുകയും പ്രതിപക്ഷത്തെ അവഹേളിക്കുകയും ചെയ്യുന്നരീതിയില്‍ എന്തും പറയാനുള്ള അവകാശം ചീഫ്‌ വിപ്പിന്‌ നല്‍കിയിട്ടുണ്ടോയെന്നും വി.എസ്‌. ചോദിച്ചു. പാട്ടക്കാലാവധി കഴിഞ്ഞ സ്വകാര്യ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച്‌ മന്ത്രിയും ചീഫ്‌ വിപ്പും പ്രകടിപ്പിച്ച വ്യത്യസ്തനിലപാടുകളില്‍ അവ്യക്തതയുണ്ടെന്നും ഇതിന്റെ സത്യാവസ്ഥ വ്യക്തമാക്കണമെന്നും വിഷയം ഉന്നയിച്ചുകൊണ്ട്‌ വി.എസ്‌. ആവശ്യപ്പെട്ടു.

സ്വന്തം ലേഖകന്‍


Short URL: http://www.janmabhumidaily.com/jnb/?p=64323



Posted by admin on Jul 11 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011