ലൈലാഖാന്റെ കൊലപാതകം ബാര്‍ബിക്യൂ പാര്‍ട്ടിക്കിടയിലെന്ന്‌

മുംബൈ: പാക്‌ സ്വദേശിയും ബോളിവുഡ്‌ നടിയുമായ ലൈല ഖാനെയും ബന്ധുക്കളേയും കൊലപ്പെടുത്തിയത്‌ ഫാം ഹൗസില്‍ നടന്ന ബാര്‍ബിക്യൂ പാര്‍ട്ടിക്കിടെയാണെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു. നാസിക്‌ ജില്ലയിലെ ജഗത്പുരിയിലെ ഫാംഹൗസില്‍ കൊലപാതകത്തിന്‌ ഉപയോഗിച്ച ആയുധങ്ങള്‍ ക്രൈംബ്രാഞ്ച്‌ സംഘം കണ്ടെടുത്തു. ഇരുമ്പുവടിയും രണ്ടു കത്തികളുമാണ്‌ കണ്ടെടുത്തത്‌. സംഭവദിവസം ഗാനമേളയും നൃത്തവും ഉള്‍പ്പെടെയുള്ളവ പാര്‍ട്ടിക്കായി ഒരുക്കിയിരുന്നു. പാര്‍ട്ടിക്കുശേഷം അവരവരുടെ മുറികളിലേക്ക്‌ കുടുംബാംഗങ്ങള്‍ പോയി. ഇതിനുശേഷമാണ്‌ കൊലപാതകങ്ങള്‍ നടന്നതെന്നും പോലീസ്‌ പറഞ്ഞു.

നാസിക്കിലെ ഫാം ഹൗസില്‍ നടത്തിയ തെരച്ചിലില്‍ ആറ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. 12 അടി നീളവും എട്ട്‌ അടിവീതിയും ആറടി ആഴവുമുള്ള കുഴികളിലാണ്‌ മൂന്നുപേരുടേയും മൃതദേഹങ്ങള്‍ മറവു ചെയ്തിരുന്നത്‌. മൃതദേഹങ്ങള്‍ കിടക്കയും തലയിണയും ഉപയോഗിച്ച്‌ മൂടിയിരുന്നു. വന്യമൃഗങ്ങള്‍ കുഴി മാന്താതിരിക്കാന്‍ വലിയ കല്ലുകളും മുകളില്‍ വെച്ചിട്ടുണ്ടായിരുന്നു. മറ്റു മൃതദേഹങ്ങളും ഇതേ രീതിയിലാണ്‌ മറവ്‌ ചെയ്തിരുന്നതെന്നും പോലീസ്‌ അറിയിച്ചു. അവശിഷ്ടങ്ങളില്‍ നാമമാത്രമായ വസ്ത്രങ്ങളെ ഉണ്ടായിരുന്നുള്ളൂ. കൂടാതെ ആഭരണങ്ങള്‍ ധരിച്ച നിലയിലുമായിരുന്നു.

ഒരു മൃതദേഹം പുരുഷന്റേതാണെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇത്‌ ലൈല ഖാന്റെ സഹോദരന്‍ ഇമ്രാന്റേതാണെന്നാണ്‌ പോലീസ്‌ നിഗമനം. മറ്റുള്ളവ സ്ത്രീകളുടേതാണ്‌. മൃതദേഹങ്ങള്‍ ലൈലാ ഖാന്റേയും ബന്ധുക്കളുടേയും ആണോയെന്ന്‌ സ്ഥിരീകരിക്കാന്‍ ഫോറന്‍സിക്‌ പരിശോധന നടത്തും. ഇതിനായി പിതാവ്‌ നദീര്‍ പട്ടേലിന്റെ ഡിഎന്‍എ സാംപിള്‍ ശേഖരിക്കും. മെയ്‌ 29നാണ്‌ ലൈലഖാന്‍, അമ്മ സെലീന ബീഗം, സഹോദരി ഉള്‍പ്പെടെയുള്ളവരെ കാണാതായത്‌.


Short URL: http://www.janmabhumidaily.com/jnb/?p=64372



Posted by admin on Jul 12 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011