ആധിപത്യം ഉറപ്പിക്കാന്‍ ചൈന; പിടിച്ചെടുക്കാന്‍ അമേരിക്ക
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് കൊടിയുയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ചൈന ബീജിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുമോ അതോ അമേരിക്ക തങ്ങളുടെ അധീശത്വം തിരിച്ചുപിടിക്കുമോ എന്നതിനാണ്. എന്തായാലും ഒരുകാര്യം ഉറപ്പാണ്. ഒളിമ്പിക്സിലെ പോരാട്ടങ്ങള്‍ക്ക് ഇത്തവണ വീറും വാശിയും കൂടും.
കഴിഞ്ഞ ബീജിംഗ് ഒളിംപിക്സില്‍ 51 സ്വര്‍ണവും 21 വെള്ളിയും 28 വെങ്കലവുമടക്കം 100 മെഡലുകള്‍ സ്വന്തമാക്കിയാണ് മെഡല്‍വേട്ടയില്‍ ചരിത്രത്തിലാദ്യമായി ചൈന ഒന്നാം സ്ഥാനത്തെത്തിയത്. അമേരിക്ക 36 സ്വര്‍ണ്ണവും 38 വെള്ളിയും 36 വെങ്കലവുമടക്കം 110 മെഡലുകള്‍ നേടി. എന്നാല്‍ സ്വര്‍ണ്ണവേട്ടയില്‍ ഏറെ മുന്നിലായത് ചൈനക്ക് ഒന്നാം സ്ഥാനം സമ്മാനിച്ചു. കഴിഞ്ഞ ഒളിമ്പിക്സില്‍ ട്രാക്കില്‍ നിന്നേറ്റ തിരിച്ചടിയാണ് അമേരിക്കക്ക് വിനയായത്. സ്പ്രിന്റ് ഇനങ്ങളില്‍ കുത്തക നിലനിര്‍ത്തിയിരുന്ന അമേരിക്കന്‍ അത്ലറ്റുകള്‍ ജമൈക്കയുടെ കടന്നുകയറ്റത്തില്‍ പകച്ചുപോയി എന്നത് യാഥാര്‍ത്ഥ്യം.
ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ രാജ്യമെന്ന ബഹുമതി പക്ഷേ അമേരിക്കക്കാണ്. ആധുനിക ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഇതുവരെയായി 930 സ്വര്‍ണ്ണമെഡലുകളാണ് അമേരിക്ക സ്വന്തമാക്കിയിട്ടുള്ളത്. 729 വെള്ളി മെഡലുകളും 637 വെങ്കല മെഡലുകളും അവര്‍ നേടി. ആകെ 2296 മെഡലുകളാണ് അമേരിക്കയുടെ ഒളിമ്പിക്സില്‍ നിന്നുള്ള സമ്പാദ്യം. ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒരു ഒളിമ്പിക്സില്‍ മാത്രമാണ് അമേരിക്ക പങ്കെടുക്കാതിരുന്നിട്ടുള്ളത്. 1980-ലെ മോസ്കോ ഒളിമ്പിക്സില്‍.
1932-ല്‍ ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സിലാണ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന പേരില്‍ ആദ്യമായി പങ്കെടുത്തത്. പിന്നീട് 36, 48 ഒളിമ്പിക്സുകളിലും പങ്കെടുത്തു. 1960-ലെ റോം ഒളിമ്പിക്സിലാണ് റിപ്പബ്ലിക്ക് ഓഫ് ചൈന ആദ്യമായി ഒരു മെഡല്‍ നേടുന്നത്. ഡെക്കാത്തലണില്‍ വെള്ളി മെഡല്‍ നേടിയ യാങ്ങ് ചുന്‍ ക്വാങ്ങ് ആണ് ആദ്യ ഒളിമ്പിക് മെഡല്‍ ജേതാവ്. പിന്നീട് 1956-80വരെയുള്ള ഒളിമ്പിക്സില്‍ പല രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ചൈന പങ്കെടുത്തില്ല. ദീര്‍ഘനാളത്തെ ഈ വിടവിന് ശേഷം 1984-ലെ ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സില്‍ ചൈനീസ് താരങ്ങള്‍ ചരിത്രം സൃഷ്ടിച്ചു. 15 സ്വര്‍ണ്ണവും എട്ട് വെള്ളിയും 9 വെങ്കലവുമടക്കം 32 മെഡലുകള്‍ കരസ്ഥമാക്കി അവര്‍ നാലാം സ്ഥാനത്തെത്തി. എന്നാല്‍ 88ലെ സോള്‍ ഒളിമ്പിക്സില്‍ അവര്‍ 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 5 സ്വര്‍ണ്ണവും 11 വെള്ളിയും 12 വെങ്കലവും നേടാനേ ചൈനക്കാര്‍ക്ക് കഴിഞ്ഞുള്ളൂ. 1992-ലെ ബാഴ്സലോണ ഒളിമ്പിക്സില്‍ അവര്‍ 16, 22, 16 വീതം സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും കരസ്ഥമാക്കി വീണ്ടും നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിലും ഈ സ്ഥാനം നിലനിര്‍ത്തി. 16, 22, 12 വീതം സ്വര്‍ണ്ണവും വെള്ളിയും വെങ്കലവുമാണ് അവര്‍ സ്വന്തമാക്കിയത്. 2000ത്തില്‍ സിഡ്നിയിലാണ് ചൈനയുടെ വന്യമായ കുതിപ്പ് കണ്ടത്. 28 സ്വര്‍ണ്ണം നേടിയ അവര്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. 2004ല്‍ ഏതന്‍സില്‍ 32 സ്വര്‍ണ്ണവുമായി രണ്ടാം സ്ഥാനത്തും സ്വന്തം നാട്ടില്‍ നടന്ന കഴിഞ്ഞ ഒളിമ്പിക്സില്‍ 51 സ്വര്‍ണ്ണവുമായി അമേരിക്കയെ മലര്‍ത്തിയടിച്ച് ഒന്നാം സ്ഥാനക്കാരുമായി. ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഇതുവരെയായി 163 സ്വര്‍ണ്ണമെഡലുകളാണ് ചൈന നേടിയിട്ടുള്ളത്.
കൂടാതെ 117 വെള്ളിയും 105 വെങ്കലവും ചൈനീസ്താരങ്ങള്‍ പിടിച്ചെടുത്തു. ചൈന നേടിയ സ്വര്‍ണ്ണമെഡലുകളില്‍ കൂടുതലും ഡൈവിംഗില്‍ നിന്നും ജിംനാസ്റ്റിക്സില്‍ നിന്നും ഭാരദ്വഹനത്തില്‍ നിന്നുമാണ്. ഡൈവിങ്ങില്‍ 27 സ്വര്‍ണ്ണം നേടിയപ്പോള്‍ ജിംനാസ്റ്റിക്സിലും ഭാരദ്വഹനത്തില്‍ നിന്നുമായി 24 വീതം സ്വര്‍ണ്ണങ്ങള്‍ ചൈന കൈപ്പടിയിലൊതുക്കി. ടേബിള്‍ ടെന്നീസില്‍ നിന്ന് 20 സ്വര്‍ണ്ണവും ഷൂട്ടിംഗില്‍ നിന്ന് 19, ബാഡ്മിന്റണില്‍ നിന്ന് 11, ജൂഡോ 8, നീന്തല്‍ 7, അത്ലറ്റിക്സില്‍ നിന്ന് അഞ്ച് സ്വര്‍ണ്ണം എന്നിങ്ങനെ ഒളിമ്പിക്സിലെ ഒട്ടുമിക്ക ഇനങ്ങളില്‍ നിന്നും ചൈന സ്വര്‍ണ്ണം നേടിയിട്ടുണ്ട്. സൈക്കിളിംഗ്, ബാസ്ക്കറ്റ്ബോള്‍, ഹോക്കി, ഫുട്ബോള്‍, സോഫ്റ്റ്ബോള്‍, ഹാന്‍ഡ്ബോള്‍, സിംക്രണൈസ്ഡ് സ്വിമ്മിങ്ങ് എന്നീ ഇനങ്ങളില്‍ നിന്ന് ചൈനക്ക് സ്വര്‍ണം നേടാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ തവണത്തെ ആധിപത്യം നിലനിര്‍ത്താന്‍ 396 താരങ്ങളാണ് ലണ്ടനില്‍ ചൈനക്ക് വേണ്ടി ഇറങ്ങുന്നത്. ഇവര്‍ക്ക് പിന്തുണയേകി 225 ഒഫീഷ്യലുകളും ലണ്ടനിലെത്തും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ തീരെ ചെറിയ സംഘത്തെയാണ് ചൈന അയക്കുന്നത്. 639 താരങ്ങളാണ് കഴിഞ്ഞ ബീജിംഗ് ഒളിമ്പിക്സില്‍ ചൈനക്ക് വേണ്ടി മെഡല്‍വേട്ടക്കിറങ്ങിയിരുന്നത്.
ടീമിന്റെ വലിപ്പം കുറച്ചതിന് വേറേയും കാരണമുണ്ട്. ആതിഥേയരെന്ന നിലയ്ക്ക് എല്ലായിനങ്ങളിലും മത്സരിച്ച ചൈനക്ക് ലണ്ടനിലേക്ക് പലതിനും യോഗ്യത നേടാനായിട്ടില്ല. പുരുഷന്മാരുടെ ഫുട്ബോളിലും വോളിബോളിലും ചൈനീസ് ടീമുകളില്ല. അത്ലറ്റിക്സിലും ചൈനീസ് പ്രാതിനിധ്യം കുറവാണ്. പുരുഷ വിഭാഗത്തില്‍ 400 മുതല്‍ മുകളിലേക്കുള്ള ഒരിനങ്ങളിലും ആരും യോഗ്യത നേടിയിട്ടില്ല. ഡിസ്കസ് ത്രോ, ഹാമര്‍ ത്രോ എന്നിവയ്ക്കും പ്രാതിനിധ്യമില്ല. വനിതാ വിഭാഗത്തില്‍ 200 മുതല്‍ക്ക് മുകളിലോട്ടുള്ള ഇനങ്ങളിലും താരങ്ങളില്ല. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇപ്പോഴും വഴിതുറന്നുകൊടുത്തിട്ടില്ലാത്ത ടേബിള്‍ ടെന്നീസ്, ബാഡ്മിന്‍റണ്‍, ഡൈവിങ്, ഷൂട്ടിങ്, ജിംനാസ്റ്റിക്സ്, വെയ്റ്റ്ലിഫ്റ്റിങ്, ജൂഡോ എന്നീയിനങ്ങളിലെ മേധാവിത്തമാണ് ഇക്കുറിയും ചൈനയെ മുന്‍പന്തിയില്‍ നിര്‍ത്തുക. ബീജിംഗില്‍ ജിംനാസ്റ്റിക്സില്‍ 11ഉം വെയ്റ്റ്ലിഫ്റ്റിങ്ങില്‍ എട്ടും ഡൈവിങ്ങില്‍ ഏഴും ഷൂട്ടിങ്ങില്‍ അഞ്ചും ടേബിള്‍ടെന്നീസില്‍ നാലും ബാഡ്മിന്‍റണ്‍, ജൂഡോ എന്നിവയില്‍ മൂന്ന് വീതവും സ്വര്‍ണം ചൈന നേടിയിരുന്നു. ഈ ഏഴിനങ്ങളില്‍നിന്ന് മാത്രം 41 സ്വര്‍ണം നേടി അമേരിക്കയെ (36 സ്വര്‍ണം) പിന്തള്ളാന്‍ ചൈനക്ക് സാധിക്കുകയും ചെയ്തു. ബീജിംഗില്‍ സ്വര്‍ണം നേടിയ 29 താരങ്ങള്‍ ഇത്തവണയും ടീമിലുണ്ട്.
ഇക്കുറി സ്വിമ്മിങ്ങിലും അത്ലറ്റിക്സിലും ചൈന കണ്ണുവെക്കുന്നു. ബീജിംഗില്‍ നീന്തലില്‍നിന്ന് ചൈനക്ക് കിട്ടിയത് ഒരു സ്വര്‍ണമായിരുന്നു. എന്നാല്‍, ഇക്കുറി പുരുഷ വിഭാഗത്തില്‍ സുന്‍ യാങ്ങ് വിസ്മയം തീര്‍ക്കുമെന്ന് ചൈന കരുതുന്നു. ഓസ്ട്രേലിയക്കാരന്‍ ഗ്രാനൃ ഹാക്കറ്റിന്റെ ദശാബ്ദം പഴക്കമുള്ള 1500 മീറ്റര്‍ റെക്കോഡ് തകര്‍ത്ത സുന്‍ യാങ്ങ് 400, 800, 1500 മീറ്ററുകളില്‍ ലോക ഒന്നാം നമ്പര്‍ താരമാണ്.
ട്രാക്കില്‍ ലിയു സിയാങ്ങാണ് ഇപ്പോഴും ചൈനയുടെ പ്രതീക്ഷ. 110 മീറ്റര്‍ ഹര്‍ഡില്‍സിലെ മുന്‍ ചാമ്പ്യനായ ലിയു ബീജിംഗില്‍ ഹീറ്റ്സിനിടെ പരിക്കേറ്റ് പിന്മാറുകയായിരുന്നു. അടുത്തിടെ ലോകറെക്കോഡിനൊപ്പമെത്തിയ പ്രകടനം കാഴ്ചവെച്ച ലിയു, ലണ്ടനില്‍ കൊടുങ്കാറ്റാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടെന്നീസില്‍ ഗ്രാന്‍സ്ലാം ചാമ്പ്യനായ ലീ നായിലും ചൈനയ്ക്ക് ഏറേ പ്രതീക്ഷയുണ്ട്. അങ്ങനെയായാല്‍ ഇക്കുറിയും ചൈനീസ് താരങ്ങള്‍ ഒളിമ്പിക്സില്‍ വെന്നിക്കൊടിപാറിക്കുമെന്ന് ഉറപ്പാണ്.
അമേരിക്കയാകട്ടെ കഴിഞ്ഞ തവണ കൈവിട്ടുപോയ ഒന്നാം സ്ഥാനം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ലണ്ടനിലെത്തുന്നത്. ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ അമേരിക്ക നേടിയ 930 മെഡലുകളില്‍ പകുതിയിലേറെയും അത്ലറ്റിക്സില്‍ നിന്നും നീന്തല്‍ക്കുളത്തില്‍ നിന്നുമാണ്. അത്ലറ്റിക്സില്‍ നിന്ന് 311 സ്വര്‍ണ്ണവും നീന്തല്‍ക്കുളത്തില്‍ നിന്ന് 214 സ്വര്‍ണ്ണവുമാണ് അമേരിക്കന്‍ താരങ്ങള്‍ വാരിക്കൂട്ടിയത്. എന്നാല്‍ കഴിഞ്ഞ തവണ ട്രാക്ക് കൈവിട്ടതാണ് അമേരിക്കക്ക് തിരിച്ചടിയായത്. ഏറെക്കാലം കുത്തകയാക്കിവെച്ചിരുന്ന പുരുഷ-വനിതാ സ്പ്രിന്റ് ഇനത്തില്‍ അമേരിക്കന്‍ താരങ്ങളെ കാഴ്ചക്കാരാക്കി ജമൈക്കന്‍ താരങ്ങള്‍ സ്വര്‍ണ്ണവും കൊണ്ട് പോയത് അവര്‍ക്ക് വന്‍ തിരിച്ചടിയാണ് സമ്മാനിച്ചത്. 7 സ്വര്‍ണ്ണമാണ് കഴിഞ്ഞ ബീജിംഗ് ഒളിമ്പിക്സില്‍ അമേരിക്കക്ക് ട്രാക്കില്‍ നിന്ന് നേടാനായത്. നീന്തലില്‍ 12 സ്വര്‍ണ്ണം നേടിയിരുന്നു. ഇതില്‍ എട്ടും മൈക്കല്‍ ഫെല്‍പ്സ് നേടിയതാണ്. ഇത്തവണയും ഫെല്‍പ്സ് രംഗത്തുണ്ട്. ഏഴ് ഇനങ്ങളിലാണ് ഫെല്‍പ്സ് നീന്തല്‍ക്കുളത്തിലെ വിസ്മയമാകാന്‍ ഒരുങ്ങുന്നത്. ഇതിനകം 14 സ്വര്‍ണം ഉള്‍പ്പെടെ 16 മെഡല്‍ സ്വന്തം ശേഖരത്തിലുള്ള ഫെല്‍പ്സിന് ഒളിമ്പിക്സിലെ എക്കാലത്തെയും മെഡല്‍വേട്ടക്കാരനാകാന്‍ മൂന്ന് മെഡലുകള്‍ കൂടി മതി. സോവിയറ്റ് ജിംനാസ്റ്റ് ലാറിസ ലാത്തിനിനയുടെ പേരിലാണ് 18 മെഡലുകളുടെ റെക്കോഡ്.
ഒളിമ്പിക് കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന അമേരിക്കന്‍ സംഘത്തില്‍ ഇക്കുറി 530 പേരാണുള്ളത്. 269 വനിതകളും 261 പുരുഷന്മാരുമാണ് അമേരിക്കന്‍ സംഘത്തിലുള്ളത്. ആദ്യമായാണ് അമേരിക്കന്‍ ഒളിമ്പിക് സംഘത്തില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ അംഗങ്ങളാകുന്നത്. ആതിഥേയരായ ബ്രിട്ടന്റെ 542 അംഗ സംഘം കഴിഞ്ഞാല്‍ ഒളിമ്പിക്സിനെത്തുന്ന ഏറ്റവും വലിയ ടീമും അമേരിക്കയാണ്. എന്തായാലും ഒന്നാം സ്ഥാനത്തിന് വേണ്ടി ചൈനയും തങ്ങളുടെ അധീശത്വം വീണ്ടെടുക്കാന്‍ അമേരിക്കയും ഇറങ്ങുന്നതോടെ പോരാട്ടം ഉദ്വേഗജനകമാകുമെന്ന് തീര്‍ച്ച.
Short URL: http://www.janmabhumidaily.com/jnb/?p=64386