മുംബൈ ആക്രമണം: ഭീകരര്‍ക്ക്‌ സിം കാര്‍ഡ്‌ നല്‍കിയത്‌ അബു സാര്‍

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പങ്കാളികളായ പത്ത്‌ ഭീകരര്‍ക്ക്‌ ഇന്ത്യയിലെ സിംകാര്‍ഡുകള്‍ നല്‍കിയത്‌ ജമ്മുകാശ്മീരിലെ ലഷ്ക്കറെ തൊയ്ബ ഭീകരന്‍ അബു സാര്‍ ആണെന്ന്‌ പുതിയ വെളിപ്പെടുത്തല്‍. ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനായ അബു ജുണ്ടാലാണ്‌ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട്‌ പറഞ്ഞത്‌. കേസില്‍ ഇപ്പോള്‍ വധശിക്ഷയ്ക്ക്‌ വിധിച്ചിട്ടുള്ള അജ്മല്‍ കസബ്‌ ഉള്‍പ്പെടെ പത്ത്‌ ഭീകരര്‍ക്കാണ്‌ സിം കാര്‍ഡ്‌ എത്തിച്ചു നല്‍കിയത്‌. കറാച്ചിയിലെ പരിശീലന ക്യാമ്പിലാണ്‌ സിംകാര്‍ഡ്‌ എത്തിച്ചു നല്‍കിയത്‌. മുംബൈ ആക്രമണത്തിനുവേണ്ടി ഇവിടെവെച്ചുതന്നെയാണ്‌ പത്ത്‌ ഭീകരരും പരിശീലനം നേടിയതെന്നും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട്‌ വ്യക്തമാക്കി.

മുക്താര്‍ അഹമ്മദ്‌ ഷെയ്ക്‌ ഉള്‍പ്പെടെ നാല്‌ പോലീസ്‌ ഉദ്യോഗസ്ഥരെ ജമ്മുകാശ്മീരില്‍ വെച്ച്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. ലഷ്ക്കര്‍ ഭീകരസംഘടനയുമായുള്ള ബന്ധത്തെത്തുടര്‍ന്ന്‌ ഇവരെ അറസ്റ്റ്‌ ചെയ്തതെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇവര്‍ തന്നെയാണ്‌ ലഷ്ക്കറിന്‌ 22 സിംകാര്‍ഡുകള്‍ സംഘടിപ്പിച്ച്‌ നല്‍കിയതെന്നും ഇതില്‍ ചിലത്‌ മാത്രമാണ്‌ മുംബൈ ഭീകരാക്രമണത്തിനുപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജമ്മുകാശ്മീരിലെ ലഷ്ക്കര്‍ ഭീകരനായ മുക്താര്‍ അഹമ്മദ്‌ ഷെയ്കിലൂടെയാണ്‌ സാര്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചത്‌. സാറും ഷെയ്ക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നുണ്ട്‌. സാറുമായി ജുണ്ടാലിന്‌ അടുത്ത ബന്ധമുണ്ട്‌. എന്നാല്‍ സാറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന കാര്യം ജുണ്ടാല്‍ വിസമ്മതിച്ചുവെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മുക്താര്‍ അഹമ്മദ്‌ ഷെയ്കിനെ 2008 ഡിസംബറില്‍ അറസ്റ്റ്‌ ചെയ്തിരുന്നു. ജമ്മുകാശ്മീരിലെ താഴ്‌വരകളില്‍ ഭീകരവാദപ്രവര്‍ത്തനങ്ങളെ സഹായിച്ചിരുന്നത്‌ ഇയാളാണ്‌. നിയമവിരുദ്ധമായ നടപടികളെത്തുടര്‍ന്നാണ്‌ മറ്റ്‌ മൂന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥരെ അറസ്റ്റ്‌ ചെയ്തത്‌.

മുംബൈ ഭീകരാക്രമണവേളയില്‍ ജമ്മുകാശ്മീരില്‍ ലഷ്ക്കറിന്‌ വേണ്ടി കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌ സാര്‍ ആണ്‌. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. സിം കാര്‍ഡ്‌ എത്തിച്ച്‌ നല്‍കുക എന്ന പരിമിതമായ ജോലി മാത്രമാണ്‌ ഇയാളില്‍ നിക്ഷിപ്തമായിരുന്നത്‌. ഇതിന്‌ മുന്‍പ്‌ നടന്ന ഒരന്വേഷണങ്ങളിലും സാറിന്റെ പേര്‌ ഉള്‍പ്പെട്ടിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

പാക്‌ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക്‌ മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നത്‌ സംബന്ധിച്ച്‌ ആവശ്യമായ തെളിവുകള്‍ ജുണ്ടാല്‍ നല്‍കിയിട്ടുണ്ട്‌.


Short URL: http://www.janmabhumidaily.com/jnb/?p=64452



Posted by admin on Jul 13 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011