ബ്രറ്റ്‌ ലീ വിരമിച്ചു

സിഡ്നി: ഓസ്ട്രേലിയന്‍ പേസ്‌ ബൗളിങ്‌ ഇതിഹാസം ബ്രറ്റ്‌ ലീ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചു. നേരത്തെ ടെസ്റ്റ്‌ മല്‍സരങ്ങളില്‍ നിന്ന്‌ വിരമിച്ചിരുന്ന ലീ ട്വിറ്ററിലൂടെയാണ്‌ ഏകദിന, ട്വന്റി 20 മല്‍സരങ്ങളില്‍ നിന്നും വിരമിക്കുകയാണെന്ന്്‌ അറിയിച്ചത്‌. എന്നാല്‍ ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കാനാണ്‌ ബ്രറ്റ്‌ ലീയുടെ തീരുമാനം. പരിക്ക്‌ മൂലം ഇംഗ്ലണ്ട്‌ പര്യടനത്തിനിടെ ബ്രറ്റ്‌ ലീ നാട്ടിലേക്ക്‌ മടങ്ങിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്‌. പാക്കിസ്ഥാനെതിരെ 2000-ല്‍ ബ്രിസ്ബെനിലാണ്‌ ബ്രറ്റ്‌ ലീ ആദ്യ ഏകദിനം കളിച്ചത്‌. അടുത്തിടെ അവസാനിച്ച ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട്‌ പര്യടനത്തിലെ നാലാം ഏകദിനത്തിലാണ്‌ അവസാനമായി ബ്രറ്റ്‌ ലീ കളിച്ചത്‌. ഈ മത്സരത്തിനിടെയാണ്‌ ലീക്ക്‌ പരിക്കേറ്റത്‌.

രാജ്യാന്തര ക്രിക്കറ്റിനോടുവിടപറയാന്‍ സമയമായിരിക്കുന്നു. ഇതുവരെ ലഭിച്ച സ്നേഹത്തിനും പിന്തുണക്കും ആരാധകരോട്‌ കടപ്പെട്ടിരിക്കുന്നു. വിരമിക്കാന്‍ ശരിയായ സമയം ഇതാണ്‌. ഇന്ന്‌ ജൂലൈ 13, കരിയറിലെ 13 വര്‍ഷങ്ങള്‍… എല്ലാം ഒത്തുവന്നിരിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട്‌ ലീ ട്വിറ്ററില്‍ കുറിച്ചു. ട്വിന്റി 20 ലോകകപ്പിലെങ്കിലും കളിക്കണമെന്ന്‌ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പരിക്ക്‌ എല്ലായ്പ്പോഴും വില്ലനാകുകയാണ്‌. അതുകൊണ്ട്‌ വിമരിക്കുന്നത്‌ തന്നെയാണ്‌ ഉത്തമമെന്ന്‌ തോന്നിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതല്‍ വിക്കേറ്റ്ടുത്ത താരമെന്ന റെക്കോര്‍ഡിന്‌ ഒരു വിക്കറ്റകലെ നില്‍ക്കെയാണ്‌ രാജ്യാന്തര ക്രിക്കറ്റ്‌ കരിയറിനോട്‌ ബ്രെറ്റ്‌ ലീ വിടപറഞ്ഞത്‌. ഗ്ലെന്‍ മക്ഗ്രാത്തിന്റെ പേരിലാണ്‌ റെക്കോര്‍ഡ്‌. 220 ഏകദിനമല്‍സരങ്ങളില്‍ നിന്ന്‌ 380 വിക്കറ്റും, 25 ട്വന്റി 20 മല്‍സരങ്ങളില്‍ നിന്ന്‌ 28 വിക്കറ്റും ലീ നേടിയിട്ടുണ്ട്‌. രണ്ട്‌ വര്‍ഷം മുന്‍പ്‌ ടെസ്റ്റ്‌ ക്രിക്കറ്റിനോട്‌ വിടപറയുമ്പോള്‍ 310 വിക്കറ്റുകള്‍ ലീ സ്വന്തം പേരിലാക്കിയിരുന്നു.
ഏകദിന, ട്വന്റി 20 മല്‍സരങ്ങളോട്‌ വിടപറഞ്ഞെങ്കിലും ഓസ്ട്രേലിയന്‍ ലീഗിലും ഐപിഎല്ലിലും കളി തുടരും. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിന്റെ താരമാണ്‌.

150 കി.മീറ്ററിലധികം വേഗതയില്‍ ബാറ്റ്സ്മാന്‍മാരുടെ മുട്ടിടിപ്പിക്കുന്ന പന്തുകളായിരുന്നു ലീയെ വേറിട്ട്‌ നിര്‍ത്തിയത്‌. പാക്‌ പേസര്‍ ഷോയബ്‌ അക്തര്‍ മാത്രമാണ്‌ വേഗതയില്‍ ലീയെ കടത്തിവെട്ടിയത്‌. 2005ല്‍ ഏകദിന മല്‍സരങ്ങളില്‍ സ്ഥിരമായി ബീമര്‍ എറിഞ്ഞതിന്‌ വലിയ വിമര്‍ശനം നേരിട്ടു. കരിയറിന്റെ തുടക്കത്തില്‍ ബോളിങ്‌ ആക്ഷന്‍ വിവാദമുയര്‍ത്തിയെങ്കിലും അനായാസം അതിജീവിച്ചു. ഫീല്‍ഡിങ്ങില്‍ ശരാശരിക്കും മുകളില്‍ പ്രകടനം കാഴ്ചവച്ച ബ്രറ്റ്‌ ലീ ബാറ്റുകൊണ്ടും ഓസ്ട്രേലിയക്ക്‌ പല വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്‌. പരിക്ക്‌ മൂലം പല തവണ കളത്തിന്‌ പുറത്തിരുന്ന ലീക്ക്‌ ഒടുവില്‍ പരിക്ക്‌ തന്നെ കളിമതിയാക്കാനും കാരണമായി. മക്ഗ്രാത്തും ഷെയ്ന്‍ വോണും വിടപറഞ്ഞപ്പോള്‍ അനാഥമായ ഓസീസ്‌ ബോളിങ്‌ നിരയെ മുന്നില്‍നിന്ന്‌ നയിച്ച ബ്രറ്റ്‌ ലീ കളിക്കളത്തോട്‌ വിടപറയുന്നതോടെ ആ സ്ഥാനം വീണ്ടും ശൂന്യമാവുകയാണ്‌.



Short URL: http://www.janmabhumidaily.com/jnb/?p=64497



Posted by admin on Jul 13 2012. Filed under CRICKET. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011