നമുക്ക്‌ പാര്‍ക്കാം നല്ലവനായി

നല്ലത്‌ എന്ന വാക്ക്‌ ആവര്‍ത്തിച്ചു പറയുന്ന അജി ജോണിന്റെ ആദ്യ സിനിമ നല്ലവന്‍ ആയത്‌ ഛന്ദസ്സുറ്റൊരു കാവ്യനീതിയാണ്‌.
പാര്‍പ്പിടക്കൊതിയോട്‌ ചേര്‍ത്തുവെക്കുന്ന മനുഷ്യസ്വപ്നത്തിന്‌ വിയര്‍പ്പിന്റെ ഉപ്പുരുചിയാണ്‌. കെട്ടിടം വീടായും വീട്‌ കുടുംബമായും തീരുന്നതില്‍ ഒത്തിരിയുണ്ട്‌ പങ്കപ്പാടുകള്‍. പണത്തിന്റെ ചെറുതുരുത്തിലും വീട്‌ മോഹം വളരുന്നത്‌ ഭൂമിയോളം. കൂരകുത്താന്‍ കാശില്ലെങ്കിലും മണിമാളിക്കിനാവിന്‌ ആര്‍ക്കും ചേതമില്ലല്ലോ എന്ന സ്വകാര്യാഹങ്കാരം. ആശയോടൊപ്പം പ്രായോഗികമായി എത്ര കൂട്ടലും കിഴിക്കലും പെരുക്കലുമൊക്കെ കഴിഞ്ഞാവും ഒരു വീടുണ്ടാവുക. അതിനിടയില്‍ അമീബപോലെ രൂപരഹിതമായി വളരുന്ന ലോണും കടവും പലിശയും ടെന്‍ഷനും ഉറക്കക്കുറവും വിശപ്പില്ലായ്മയുമൊക്കെ വേറെ. തുടങ്ങുമ്പോഴുള്ള കണക്കുകള്‍ തീരുമ്പോള്‍ തെറ്റുന്നു. എന്നിട്ടും മണ്ണിനും ആകാശത്തിനുമിടയിലെ വീട്‌ സ്വര്‍ഗത്തിന്റെ മനസ്സിലെ അടിത്തറയില്‍ കല്ലും കമ്പിയും സിമന്റും ഓരോ നിമിഷവും ഒരുക്കിവെക്കുന്നുണ്ട്‌ മനുഷ്യന്‍. വീട്‌ വെച്ചവന്‌ അതിന്റെ പ്രശ്നം. വെക്കാത്തവന്‌ അങ്ങനേയും പ്രശ്നം. ഇടംവലം പ്രശ്നങ്ങള്‍ക്കിടയിലും വീടുപണിയെന്ന പിന്‍വിളി സ്നേഹത്തിന്റെ ഒഴിയാബാധയായിക്കൊണ്ടു നടക്കുന്നു പ്രത്യേകിച്ച്‌ മലയാളി.

വീട്ടുപ്രശ്നങ്ങളല്ലാതെ വീടുപണിക്കാര്യവുമായി ഒരു സിനിമ മലയാളത്തില്‍ അങ്ങനെ പരിചിതമല്ല. പത്മരാജന്റെ സിനിമയുണ്ട്‌; നമുക്ക്‌ പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. അതുപക്ഷെ, പ്രണയവും കാമവും പ്രതികാരവുമൊക്കെയുള്ള പ്രമേയമായിരുന്നു. മനുഷ്യ പാര്‍പ്പിന്റെ സുന്ദര സുരഭില മുന്തിരിത്തോപ്പുകളെക്കുറിച്ച്‌ സോളമന്റെ ഉത്തമഗീതം പറയുന്നുണ്ട്‌. അന്യര്‍ക്കുവേണ്ടി വീടു പണിയുമ്പോഴും സ്വന്തം വീട്‌ സ്വപ്നം മാത്രമായിത്തീര്‍ന്നവരുടെ കൂടി പ്രശ്നങ്ങളായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ മാളിക പണിയുന്നവര്‍ എന്ന ചിത്രം. ആദിമനരന്റെ ഗുഹാവാസം തൊട്ട്‌ സൈബര്‍യുഗ മനുഷ്യന്റെ വാസഗേഹ നിര്‍മാണത്തെക്കുറിച്ചുള്ള വാസര സ്വപ്നങ്ങള്‍ അപൂര്‍വമായെങ്കിലും ലോകസിനിമയിലുണ്ട്‌. മലയാള സിനിമയിലെ ഇത്തരത്തിലുള്ള പഴുതടക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്‌ അജി ജോണ്‍ സംവിധാനം ചെയ്ത നമുക്ക്‌ പാര്‍ക്കാന്‍. പറയുമ്പോള്‍ എന്തോ ബാക്കിയാകുന്ന ഈ പേരിലെ കൗതുകം വീടെന്ന്‌ അറിയാതെ ചേരുംപടി ചേര്‍ത്തുപോകും പ്രേക്ഷകന്‍.

നിരവധി പേരുകളുടെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉറപ്പിച്ചതായിരുന്നു നമുക്ക്‌ പാര്‍ക്കാന്‍. പത്മരാജന്‍ സിനിമയോടുള്ള ആദരവുകൂടി ഈ പേരുവിളിക്ക്‌ എന്നിലെ അഭിനിവേശത്തിനുണ്ടെന്ന്‌ സവിനയം അജി ജോണ്‍. ഒപ്പം പത്മരാജന്‍ സിനിമയെ ഒരുതരത്തിലും കളങ്കമുണ്ടാക്കിയിട്ടില്ല എന്ന അഭിമാനവും.

സ്വപ്നത്തേക്കാള്‍ റിയാലിറ്റിയാണ്‌ വീടെന്ന്‌ അജി പറയുന്നു. അല്ലെങ്കില്‍ റിയാലിറ്റി എന്ന സ്വപ്നം. ഉള്ളതിനേക്കാള്‍ മോഹിക്കുകയും പണിയുമ്പോള്‍ ഒതുങ്ങുന്നതിനേക്കാള്‍ വളരുന്നതുമാണ്‌ പുരപണി. പത്തുലക്ഷം ഇല്ലാത്തവന്‍ ഒരു കോടിയുടെ വീട്‌ ആഗ്രഹിക്കുമ്പോള്‍ പ്രശ്നം തുടങ്ങുന്നു. സിനിമയുടെ കേന്ദ്രപ്രമേയവും സന്ദേശവും ഇതുതന്നെ. ആസൂത്രണം കൈവിട്ടുപോകുന്ന സൂത്രമായിത്തീരുന്നതിന്റെ പൊല്ലാപ്പുകള്‍. അനൂപ്‌ മേനോന്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ വെറ്ററിനറി ഡോക്ടറുടെ വീടുപണിയെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ പ്രായോഗികതയില്‍നിന്നും വഴുതിപ്പോകുന്നു. സാമാന്യം ഭേദപ്പെട്ടൊരു വീട്‌ അയാള്‍ക്ക്‌ വെക്കാം. അതൊരു വസ്തുതയാണ്‌. പക്ഷേ എല്ലാവരേയുംപോലെ ഉള്ളതിനേക്കാള്‍ സ്വപ്നം വളരുമ്പോള്‍ റിയാലിറ്റി തകരുന്നു.

ഒരുപരിധി കഴിഞ്ഞ്‌ താഴേക്കിറങ്ങാനും മുകളിലേക്ക്‌ പോകാനും കഴിയാത്ത മധ്യവര്‍ത്തി ജീവിതത്തിന്റെ പ്രതിസന്ധി കൂടിയാണ്‌ വീട്‌ നിര്‍മാണ പ്രശ്നങ്ങളിലൂടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. എന്നാല്‍ ഇത്തരം പരിതോവസ്ഥകള്‍ രാജീവ്‌ മേനോനെന്ന മൃഗ ഡോക്ടര്‍ ഭാര്യയും മക്കളുമായി പങ്കുവെക്കാതെ തനിയെ ചുമക്കുകയാണ്‌. കുടുംബം വീതിച്ചെടുക്കേണ്ട ആശങ്കകള്‍ തരിമ്പും അറിയിക്കാതെ വ്യക്തി ദുഃഖത്തിലേക്കൊതുക്കുകയാണ്‌ രാജീവ്‌. നമുക്ക്‌ പാര്‍ക്കാന്‍ മലയാള സിനിമയാണെങ്കിലും വീട്‌ നിര്‍മിതി എന്ന സാര്‍വലൗകികത്വം ഇതിനൊരു ആഗോള ഭാഷ സമ്മാനിക്കുന്നുണ്ട്‌. അമേരിക്ക ഉള്‍പ്പെടെയുള്ള ഒന്നാംതരം രാജ്യങ്ങളിലെ വന്‍കിട ബാങ്കുകള്‍ പൊളിഞ്ഞത്‌ വീട്‌ ലോണിന്റെ കാര്യത്തിലാണെന്നുകൂടി ഇവിടെ ചേര്‍ത്തു വായിക്കണം. അങ്ങനെയെങ്കില്‍ അത്‌ വാങ്ങിയവന്റെ ഗതിയെന്താകും. സിനിമയുടെ വിജയപരാജയത്തെക്കാള്‍ അതിനോടുള്ള പ്രതിബദ്ധതാണ്‌ കാര്യമെന്ന സംവിധായകന്റെ വിശ്വാസത്തോട്‌ പ്രേക്ഷകനും യോജിക്കാം.

സിനിമ പാഷനാണ്‌ അജിജോണിന്‌. പെരുമഴയത്ത്‌ ക്യൂവില്‍നിന്ന്‌ ടിക്കേറ്റ്ടുത്ത്‌ സിനിമ കാണുന്നതിലെ സമര്‍പ്പണം. കോഴിക്കോട്ടേക്ക്‌ പോകാന്‍ തുടങ്ങുമ്പോള്‍ തിരുവനന്തപുരത്തേക്ക്‌ പിടിച്ചുവലിക്കുംപോലെയാണ്‌ സിനിമ. സിനിമാക്കാരനാകാന്‍ വിധിക്കപ്പെട്ടവനെന്ന തോന്നല്‍ ചെറുപ്പത്തിലെ ഉണ്ടായിരുന്നു. ജീവിതത്തെക്കാളുപരി ജീവനോടൊപ്പം വളര്‍ന്നതായിരിക്കണം. എഞ്ചിനീയറായി സൗകര്യമുള്ളൊരു ജീവിതം വഴിതുറക്കെത്തന്ന തൊട്ടപ്പുറത്തൊരു വാതില്‍ സിനിമയിലേക്കായത്‌ അതുകൊണ്ടാവണം. വീട്ടുകാരെ പറഞ്ഞ്‌ സാന്ത്വനിപ്പിച്ച്‌ സാവധാനം സിനിമയിലേക്ക്‌ കടക്കുകയായിരുന്നു.

സ്ഥലമളന്ന്‌ കുറ്റിയടി തൊട്ട്‌ അവസാന ചായം തേക്കല്‍ വരെയുള്ള വീടുപണിപോലെ സിനിമയുടെ എല്ലാ മേഖലയും കൈവച്ചാണ്‌ പോന്നത്‌. പ്രീപ്രൊഡക്ഷനിലും പോസ്റ്റ്‌ പ്രൊഡക്ഷനിലും ജോലി ചെയ്തിട്ടുണ്ട്‌. ടിവി മീഡിയയിലാണ്‌ പിച്ചവെച്ച്‌ നടന്നുറച്ചത്‌. നില്‍ക്കുന്ന മേഖല പൂര്‍ണമായും അറിയേണ്ടത്‌ ആവശ്യമാണ്‌. സ്വയം ബോധ്യപ്പെടണം. മേശ ഉണ്ടാക്കണമെങ്കില്‍ നല്ല തച്ചനാകണം. പണിയുടെ മെക്കാനിസം അറിയണം. അടിസ്ഥാനപരമായി എഡിറ്ററാണ്‌. കുറെക്കാലം കെഎസ്‌എഫ്ഡിസിയിലും അമൃതയിലും പിന്നീട്‌ ഫ്രീലാന്‍സായി.

ആദ്യസിനിമ നല്ലവന്‍. ജയസൂര്യ നായകന്‍. പാലക്കാട്‌ ബോര്‍ഡറില്‍ നടക്കുന്ന കഥ. അതുകൊണ്ട്‌ തമിഴ്ച്ചുവ കൂടുതലുണ്ടായിരുന്നു. അറിയാതെ ചെയ്തുപോയ തെറ്റിനൊപ്പം ചങ്ങലക്കണ്ണിപോലെ വന്നെത്തുന്ന കുറ്റങ്ങള്‍ ഏല്‍ക്കേണ്ടിവന്നൊരാളുടെ കഥ. തമിഴിലായിരുന്നെങ്കില്‍ ഒരുപക്ഷെ ഹിറ്റാകുമായിരുന്ന സിനിമ.
നല്ലവന്‍ ഇറങ്ങി മൂന്നുമാസത്തിനുശേഷം നമുക്ക്‌ പാര്‍ക്കാന്റെ കഥ കേള്‍ക്കുന്നു. ഒന്നരവര്‍ഷം അതും മനസ്സിലിട്ട്‌ നടന്നു. കൂട്ടായി ചര്‍ച്ച ചെയ്തു. അന്നവും ഉറക്കവും അതുതന്നെ ആയ നാളുകള്‍. നല്ലൊരു നിര്‍മാതാവിന്റെ പൂര്‍ണ സഹകരണം. തിരക്കഥാകൃത്തുക്കളും ക്യാമറാമാനും പഴയ പരിചയക്കാര്‍ തന്നെ.
മനസ്സറിയുന്നവരുടെ കൂട്ടായ്മ. സിനിമാപ്പേരുപോലെ തന്നെ എല്ലാവരും കൂടി പാര്‍ത്തു ചെയ്ത ചിത്രം. ഇതിനും പുറമെ നടന്‍ അനൂപ്‌ ക്രിയേറ്റീവായ സഹകരണം. രാജീവ്‌ മേനോന്‍ എന്ന കഥാപാത്രത്തിന്റെ ആത്മാവിഷ്ക്കാരം അനൂപില്‍ ഭദ്രമായിരുന്നു. ഒരുപക്ഷെ അദ്ദേഹത്തിന്‌ കിട്ടിയ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന്‌.

നല്ലൊരു വര്‍ക്ഷോപ്പ്‌ ഈ ചിത്രത്തിന്‌ പിന്നില്‍ ഉണ്ടായിരുന്നു. സുഖകരമായ അസ്വാസ്ഥ്യങ്ങളും സമ്മര്‍ദ്ദങ്ങളുമൊക്കെ ആത്മസമര്‍പ്പണത്തിന്റെ ഭാഗമായി ഉണ്ടായി. സിനിമയ്ക്കുള്ളില്‍ ഹൃദയമെടുത്തു വെച്ചപോലൊരു ലയനമായിരുന്നു. അതുകൊണ്ടാവണം സിനിമ റിലീസ്‌ ചെയ്തിട്ടും അതിന്റെ ഹാങ്ങ്‌ ഓവര്‍ വിടാത്തത്‌. പലരും വിളിച്ചു. ഇപ്പഴും വിളിക്കുന്നുണ്ട്‌. വീട്‌ വെച്ചവരും വെക്കുന്നവരും അതാഗ്രഹിക്കുന്നവരും.

ജീവിതത്തിലും സിനിമയിലും പാകത വന്നൊരു മാറ്റച്ചിന്തയുണ്ട്‌ ഈ മുപ്പത്തിരണ്ടുകാരന്‌. ഇത്തിരികൊണ്ട്‌ ഒരുപാട്‌ ജീവിച്ചതിന്റെ പക്വത കാണാം നമുക്ക്‌ പാര്‍ക്കാനിലെ പ്രമേയത്തിന്‌. സിനിമയെ ഒരു പ്രത്യേക ചട്ടക്കൂടിലൊതുക്കാന്‍ അജിയില്ല. വ്യത്യസ്ത പ്രമേയം. അതിന്‌ അതിന്റേതായ രീതി.

മൂന്നാമത്തെ പടം ഒരു ക്രൈം ത്രില്ലറാണ്‌. കോമഡിയുടെ മേമ്പൊടിയില്‍ വ്യത്യസ്തമായൊരു കഥയും ട്രീറ്റ്മെന്റും. അതിന്റെ പണി തുടങ്ങിവെച്ചു. അതിനിടയില്‍ കുടുംബത്തിരക്കു വേറെയും. കൊല്ലം അഞ്ചലിലുള്ള ജോണിന്റെയും കുഞ്ഞമ്മ ജോണിന്റേയും മകനാണ്‌ അജി ജോണ്‍. പപ്പയും മമ്മിയും അനുജത്തിയും അഞ്ചലില്‍ തന്നെ. ഭാര്യ ദീപയും ഒന്നാം ക്ലാസുകാരന്‍ മകന്‍ ആര്യനുമായി അജിജോണ്‍ തിരുവനന്തപുരത്ത്‌ താമസിക്കുന്നു.

മനസ്സിന്‌ മുഖം വെച്ചപോലെ സിനിമയുടെ ആവേശ ചര്‍ച്ചയില്‍ ചോര്‍ച്ചയില്ലാത്ത ഗൗരവത്തിനും ചിരി കൊണ്ടൊരു ലാളിത്യ ഭാഷയുണ്ട്‌ ഈ സംവിധായകന്‌. സിനിമയുടെ വര്‍ണപ്പകിട്ടിന്റെ കനിപ്പുകളില്ലാതെ ഉള്ളുതുറക്കാന്‍ ആത്മവിശ്വാസത്തിന്റെ ചെലവില്‍ ഇത്തരം ചെറുപ്പങ്ങള്‍ക്ക്‌ കഴിയുന്നത്‌ വിനയംകൊണ്ട്‌ ചെറുതാകുന്നതിന്റെ വലിപ്പം അറിയുന്നതിനാലാവണം. നാളത്തെ സിനിമയില്‍ സ്വന്തം ഇരിപ്പിടം വലിച്ചെടുത്തിരിക്കാനുള്ള യോഗ്യതയുടെ കാറ്റുപിടിക്കുന്നുണ്ട്‌ അജി ജോണ്‍ എന്ന പ്രതീക്ഷയുടെ പായ്ക്കപ്പലിന്‌.

സേവ്യര്‍ ജെ.

Short URL: http://www.janmabhumidaily.com/jnb/?p=64552



Posted by admin on Jul 14 2012. Filed under CINEMA NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011