സുവര്‍ണ്ണനേട്ടത്തിന്‌ ദീപിക


കൊല്‍ക്കത്ത: ഒളിമ്പിക്‌ സ്വര്‍ണ്ണമെഡല്‍ അമ്പെയ്തിടാന്‍ ദീപികാകുമാരി തയ്യാറെടുത്തു കഴിഞ്ഞു. ലണ്ടന്‍ ഗെയിംസ്‌ ഭയപ്പെടേണ്ട ഒന്നല്ലെന്നും തനിക്ക്‌ മികച്ച പ്രതീക്ഷയാണുള്ളതെന്നും പതിനെട്ട്കാരിയായ റാഞ്ചിതാരം പറയുന്നു. ലണ്ടനിലേക്ക്‌ തിരിക്കും മുമ്പ്‌ കൊല്‍ക്കത്തയിലെ സായ്ട്രെയിനിംഗ്‌ ഗ്രൗണ്ടില്‍ കഠിനപരിശീലനത്തിലാണ്‌ ദീപിക.
ചെറിയ പ്രായത്തില്‍ തന്നെ അര്‍ച്ചറിയുടെ ഉയരങ്ങള്‍ കീഴടക്കിയത്‌ കഴിവുകൊണ്ടുമാത്രമല്ല ഏതവസരത്തിലും ശാന്തയായി ഇരിക്കാനുള്ള പ്രത്യേക മാനസികാവസ്ഥയുള്ളതുകൊണ്ടുകൂടിയാണെന്ന്‌ പറയേണ്ടിവരും. ഇന്ത്യന്‍ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ സ്വന്തം നാട്ടുകാരിയാണ്‌ ദീപിക. ഇരുതാരങ്ങളും താരങ്ങളുടെ സ്വഭാവങ്ങള്‍ തമ്മിലും സമാനതകളുണ്ട്‌. കളിക്കളത്തില്‍ ക്യാപ്റ്റന്‍ കൂള്‍ ആയാണ്‌ ധോണി അറിയപ്പെടുന്നത്‌. സമ്മര്‍ദ്ദഘട്ടങ്ങളില്‍ പോലും ശാന്തത കൈവിടാത്ത നായകന്‍. ഈ മികവാണ്‌ ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കിയതും. അതുപോലെ തന്നെയാണ്‌ ദീപികയും. ഏതവസരത്തിലും ശാന്തത കൈവിടുന്നില്ല. ഈ വര്‍ഷം റാഞ്ചിയില്‍ ദീപിക ധോണിയെ കണ്ടുമുട്ടിയിരുന്നു. മഹത്തായ വ്യക്തിത്വത്തിനുടമയാണ്‌ ധോണി. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ അതു വ്യക്തമാക്കുന്നു. ഒരു സംസ്ഥാനക്കാരായതില്‍ അഭിമാനിക്കുന്നുവെന്നും ദീപിക പറഞ്ഞു. ഒരു സ്പോര്‍ട്സ്താരത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം ഒളിമ്പിക്‌ മെഡല്‍ നേടുക എന്നുള്ളതാണ്‌. ഇത്‌ ഇക്കുറി സാധ്യമാകുമെന്ന്‌ തന്നെ ആര്‍ച്ചറിയിലെ കൗമാര പ്രതിഭ കരുതുന്നു. ഒളിമ്പിക്‌ അരികെ എത്തിയിട്ടും അതിന്റെ സമ്മര്‍ദ്ദമൊന്നും ദീപികയുടെ മുഖത്ത്‌ ഉണ്ടായിരുന്നില്ല. എന്താണിതിന്റെ രഹസ്യമെന്നതിന്‌ ദീപികയ്ക്ക്‌ വ്യക്തമായ ഉത്തരമുണ്ടായിരുന്നു. ‘ഒളിമ്പിക്‌ എന്നു പറയുന്നത്‌ ഭയപ്പെടുത്തുന്ന ഒരു പ്രേതമല്ല. എനിക്ക്‌ മികച്ച ആത്മവിശ്വാസമാണുള്ളത്‌’. കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ ഇരട്ടസ്വര്‍ണ്ണമെഡല്‍ ജേതാവ്‌ പറഞ്ഞു. മഹേന്ദ്രസിംഗ്‌ ധോണിയുമായി താരതമ്യം ചെയ്യുന്നതിനെ മാത്രം ദീപിക എതിര്‍ക്കുന്നു. ക്രിക്കറ്റും ആര്‍ച്ചറിയും വിഭിന്നമായ രണ്ട്‌ കായിക ഇനങ്ങളാണ്‌. ലോകകപ്പ്‌ നേടുക എന്നതാണ്‌ ഒരു ക്രിക്കറ്റ്‌ ടീമിന്റെ ഏറ്റവും വലിയലക്ഷ്യം. എന്നാല്‍ ഞങ്ങളുടെ ലക്ഷ്യം ഒളിമ്പിക്‌ മെഡലാണ്‌.
ലണ്ടനില്‍ തനിക്ക്‌ വെല്ലുവിളിയാകാന്‍ സാധ്യതയുള്ളത്‌ കാറ്റാണെന്ന്‌ ദീപിക വിലയിരുത്തുന്നു. കാറ്റിന്റെ ഗതി മത്സരഗതിയെബാധിക്കുമെന്ന സൂചന ഇതില്‍ വ്യക്തമാകുന്നു. തന്റെ ജീവിതത്തില്‍ പുതുമ നിലനിര്‍ത്തുന്നതും ലക്ഷ്യത്തിനായി പ്രേരണ നല്‍കുന്നതും നല്ല ഉറക്കവും പ്രാര്‍ത്ഥനയുമാണെന്ന്‌ ദീപിക കരുതുന്നു. പരിശീലനത്തിന്റെ സ്ഥാനം അതുകഴിഞ്ഞാണ്‌. ദിവസവും എട്ടുമണിക്കൂറോളമാണ്‌ റാഞ്ചിതാരം പരിശീലനം നടത്തുന്നത്‌. ഉന്നം പിഴക്കാത്ത ഈ യുവതാരം ആവനാഴിയിലെ നിറയെ ശരങ്ങളുമായി വില്ലുകുലയ്ക്കുകയാണ്‌. ലണ്ടനില്‍ സുവര്‍ണ്ണനേട്ടം കൈവരിക്കാമെന്ന ശുഭപ്രതീക്ഷയോടെ.

Short URL: http://www.janmabhumidaily.com/jnb/?p=64881



Posted by admin on Jul 16 2012. Filed under KAYIKAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011