അമ്പെയ്ത്ത്‌: ഇന്ത്യക്ക്‌ നിരാശ


ലണ്ടന്‍: ഒളിമ്പിക്സില്‍ ഇന്ത്യക്ക്‌ മോശം തുടക്കം. ഉദ്ഘാടന ചടങ്ങ്‌ തുടങ്ങുന്നതിന്‌ മുമ്പായി നടന്ന അമ്പെയ്ത്ത്‌ റാങ്കിങ്‌ റൗണ്ടില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യ വ്യക്തിഗത, ടീം ഇനങ്ങളില്‍ നിരാശപ്പെടുത്തിയപ്പോള്‍ ദക്ഷിണ കൊറിയ ഈ ഇനങ്ങളില്‍ ലണ്ടനിലെ ആദ്യ റെക്കോഡ്‌ സ്വന്തമാക്കി. അതേസമയം വനിതാ വിഭാഗത്തിലും ഇന്ത്യക്ക്‌ തിരിച്ചടിയേറ്റു. വനിതാ വിഭാഗം വ്യക്തിഗത മത്സരത്തില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന ദീപിക കുമാരി എട്ടാം സ്ഥാനത്താണ്‌.
രണ്ടു റൗണ്ടുകളിലായി 662 പോയിന്റാണ്‌ ലോക ഒന്നാം നമ്പറായ ദീപക നേടിയത്‌. മെഡലിനായുള്ള മല്‍സരങ്ങള്‍ മറ്റന്നാള്‍ തുടങ്ങാനിരിക്കേ ആദ്യ റൗണ്ടില്‍ 327 പോയിന്റും രണ്ടാം റൗണ്ടില്‍ 335 പോയിന്റും ആയിരുന്നു ദീപികയുടെ നേട്ടം. 671 പോയിന്റ്‌ നേടിയ ദക്ഷിണ കൊറിയയുടെ ബൊ ബെയാണ്‌ ഒന്നാമത്‌. ദക്ഷിണ കൊറിയയുടെ തന്നെ ലീ സങ്ങ്‌ ജിന്‍ അതേ പോയിന്റ്‌ നേടിയ രണ്ടാമതെത്തി. ടീമിനത്തില്‍ മൊത്തം 1938 പോയിന്റ്‌ നേടിയ ഇന്ത്യ ഒന്‍പതാം സ്ഥാനത്താണ്‌.
മറ്റ്‌ ഇന്ത്യന്‍ താരങ്ങളായ ബൊബായ്‌ല ദേവി 651 പോയിന്റോടെ 22-ാ‍മതും ചെക്രോവൊലു 625 പോയിന്റോടെ 50-ാ‍ം സ്ഥാനത്തുമാണ്‌ എത്തിയത്‌.
പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ രണ്ടിനത്തിലും നിരാശ സമ്മാനിച്ച മല്‍സരത്തില്‍ വ്യക്തിഗത ഇനത്തില്‍ 31-ാ‍മനായ തരുണ്‍ദിപ്‌ റായിയാണ്‌ ഇന്ത്യാക്കാരില്‍ മുന്നിലെത്തിയത്‌. 72 ഷോട്ടുകളില്‍ നിന്നും 664 പോയിന്റ്‌ നേടി. 46-ാ‍ം സ്ഥാനത്തെത്തിയ രണ്ടാമന്‍ രാഹുല്‍ ബാനര്‍ജി 655 പോയിന്റും 53-ാ‍മനായ ജയന്താ താലുക്ദാര്‍ 650 പോയിന്റും നേടി. ടീം ഇനത്തില്‍ ഇന്ത്യ 12-ാ‍ം സ്ഥാനത്താണ്‌. റാങ്കിങ്‌ റൗണ്ടില്‍ മൊത്തം 1969 പോയിന്റോടെ ഏറ്റവും ഒടുവിലാണ്‌ ഇന്ത്യയുടെ സ്ഥാനം. എലിമിനേഷന്‍ റൗണ്ടില്‍ ജപ്പാനാണ്‌ ഇന്ത്യയുടെ എതിരാളി.

Short URL: http://www.janmabhumidaily.com/jnb/?p=66688



Posted by admin on Jul 27 2012. Filed under KAYIKAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011