മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം അജ്ഞാത യുവതി പങ്കെടുത്തതില്‍ ദുരൂഹത

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ കായികമേളയില്‍ രാജ്യത്തിന്റെ പതാകയേന്താന്‍ കഴിയുക എന്നത് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവമാണ്. എന്നാല്‍ മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയ സുശീല്‍കുമാറിനൊപ്പം ഒരു അജ്ഞാത യുവതി നടന്നുനീങ്ങിയത് ദുരൂഹതയുണര്‍ത്തി.
വെള്ളിയാഴ്ച ലണ്ടന്‍ ഒളിമ്പിക്സിന് തിരിതെളിഞ്ഞപ്പോള്‍ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത് ബീജിംഗ് ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് സുശീല്‍കുമാറായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ മഞ്ഞ സാരിയിലും സ്യൂട്ടിലും അണിനിരന്നപ്പോള്‍ ഒരാള്‍ മാത്രം വ്യത്യസ്തയായി. സുശീല്‍കുമാറിനൊപ്പം നടന്ന ഒരു സുന്ദരി. അവള്‍ ആരാണെന്ന് ആര്‍ക്കുമറിയില്ല. അതേസമയം മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്ത യുവതി ആരാണെന്ന് അറിയാതെ ഇന്ത്യന്‍ സംഘാടകരും ആശയക്കുഴപ്പത്തിലായി.
ചുവന്ന ഷര്‍ട്ടും നീല ജീന്‍സുമണിഞ്ഞാണ് യുവതി മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. ഇന്ത്യന്‍ സംഘത്തിനൊപ്പം അനുമതിയില്ലാതെ യുവതി അനുഗമിച്ച സംഭവത്തില്‍ ഇന്ത്യന്‍ സംഘത്തലവന്‍ പി.കെ. മുരളീധരന്‍ രാജ അതൃപ്തി രേഖപ്പെടുത്തി.
ഈ സംഭവം സംഘാടക സമിതിയുമായി ചര്‍ച്ച ചെയ്യാനിരിക്കുകയാണ് ഇന്ത്യ. അവള്‍ ആരാണെന്നുകൂടെ അറിയില്ല. എന്തിനാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യക്കാര്‍ക്കൊപ്പം പങ്കെടുത്തതെന്നും ആര്‍ക്കുമറിയില്ല. അത്ലറ്റുകള്‍ക്കൊപ്പം മാര്‍ച്ച് പാസ്റ്റില്‍ യുവതി പങ്കെടുത്തത് നാണക്കേടായെന്ന് രാജ അഭിപ്രായപ്പെട്ടു.
ട്രാക്കില്‍ എത്തുന്നതുവരെ മാത്രമേ യുവതി കൂടെയുണ്ടാകൂ എന്ന് സംഘാടക സമിതി അറിയിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് പാസ്റ്റ് പൂര്‍ത്തിയാകുന്നതുവരെ അവര്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. യുവതിയുടെ കൂടെയുണ്ടായിരുന്ന പുരുഷന്‍ മാര്‍ച്ച് ട്രാക്കിലെത്തിയതോടെ പിന്മാറുകയും ചെയ്തിരുന്നു.
ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാനിരിക്കുകയാണ് ഇന്ത്യന്‍ സംഘം. അത്ലറ്റുകള്‍ക്കും ഔദ്യോഗിക സംഘാംഗങ്ങള്‍ക്കും മാത്രമുള്ളതാണ് മാര്‍ച്ച് പാസ്റ്റ്. ഉദ്ഘാടന ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഇന്ത്യന്‍ മാധ്യമ പ്രതിനിധികളും ഈ സംഭവത്തെത്തുടര്‍ന്ന് ആശയക്കുഴപ്പത്തിലായി. 10 സെക്കന്റ് മാത്രമുണ്ടായിരുന്ന ഇന്ത്യന്‍ മാര്‍ച്ച് പാസ്റ്റിന്റെ ടിവി കവറേജില്‍ എല്ലാവരുടേയും ശ്രദ്ധ ഈ അജ്ഞാത സുന്ദരിയിലായിരുന്നു.
Short URL: http://www.janmabhumidaily.com/jnb/?p=66868