ബാഡ്മിന്റണ്‍: കശ്യപിന് ജയം; ദിജു-ജ്വാല തോറ്റു

ലണ്ടന്‍: തിരിച്ചടികള്‍ക്കൊടുവില്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ ലണ്ടനില്‍ ആദ്യജയം. പുരുഷന്മാരുടെ ബാഡ്മിന്റണില്‍ പി. കശ്യപാണ് ഇന്ത്യയ്ക്ക് ആദ്യവിജയത്തിന്റെ മധുരം സമ്മാനിച്ചത്. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തിന്റെ യുഹാന്‍ താനിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കശ്യപ് തോല്‍പിച്ചത്. സ്കോര്‍: 21-14, 21-12. ആദ്യ സെറ്റ് 21 മിനിറ്റുകൊണ്ടും രണ്ടാം സെറ്റ് 14 മിനിറ്റ് കൊണ്ടുമാണ് കശ്യപ് അനായാസമായി സ്വന്തമാക്കിയത്.
എന്നാല്‍, ബാഡ്മിന്റണില്‍ ഇന്ത്യയുടെ തുടക്കം തിരിച്ചടിയോടെയായിരുന്നു. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന മിക്സഡ് ഡബിള്‍സില്‍ വി.ദിജുവിനും ജ്വാല ഗുട്ടയ്ക്കും അപ്രതീക്ഷിത തോല്‍വി പിണഞ്ഞു. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഇന്തോനേഷ്യയുടെ ടോന്റോവി അഹമ്മദ്ലിലിയാന നാത്സിര്‍ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്കോര്‍ 16-21, 12-21. മത്സരം 27 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിലും ദിജുവും ജ്വാലയും ഇന്തോനേഷ്യന്‍ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അടുത്ത മത്സരത്തില്‍ ഡെന്‍മാര്‍ക്കിന്റെ തോമസ് ലേബോണ്‍-കാമല്ല റൈറ്റര്‍ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി നേരിടുക. ഗ്രൂപ്പില്‍ നിന്ന് ആദ്യമെത്തുന്ന രണ്ടു ടീമുകള്‍ മാത്രമേ ക്വാര്‍ട്ടറിന് യോഗ്യത നേടൂ.
സിംഗിള്‍സില്‍ താനിനെതിരെ സര്‍വീസുകളില്‍ നിന്നാണ് കശ്യപ് കൂടുതല്‍ പോയിന്റുകള്‍ വാരിയത്. ഒന്നാം ഗെയിമില്‍ പന്ത്രണ്ടും രണ്ടാം ഗെയിമില്‍ പതിനാലും പോയിന്റാണ് കശ്യപ് സര്‍വീസുകളില്‍ നിന്ന് നേടിയത്. ഈ വര്‍ഷം നടന്ന ഇന്ത്യന്‍ ഓപ്പണില്‍ കശ്യപ് യുവാഹെ തോല്‍പിച്ചപ്പോള്‍ ഓസ്ട്രിയന്‍ ഇന്റര്‍നാഷണല്‍ ചാലഞ്ചില്‍ യുഹാനായിരുന്നു കശ്യപിനെതിരെ വിജയം.
Short URL: http://www.janmabhumidaily.com/jnb/?p=66872