ബിന്ദ്രയും നരംഗും ഇന്നിറങ്ങുന്നു

ലണ്ടന്‍: ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് നിറമേകിക്കൊണ്ട് ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്രയും ഗഗന്‍ നരംഗും ഇന്ന് മത്സരിക്കാനിറങ്ങുന്നു. തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സ് മെഡലാണ് ബിന്ദ്ര ലക്ഷ്യമിടുന്നത്. എന്തുതന്നെയായാലും 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് പ്രതീക്ഷകള്‍ ഏറെയാണ്. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടിക്കൊണ്ട് 2008 ല്‍ ബിന്ദ്രയാണ് ഇന്ത്യന്‍ വരവറിയിച്ചിരുന്നത്. ഇക്കുറിയും മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിന്ദ്ര. പഴയകാല പ്രകടനങ്ങളിലേക്കുമാത്രം നോക്കിയതുകൊണ്ട് കാര്യമില്ലെന്നാണ് ബിന്ദ്രയുടെ അഭിപ്രായം. ബീജിംഗില്‍ പുറത്തെടുത്ത പ്രകടനം മാത്രം ചിന്തിച്ചിരുന്നതുകൊണ്ട് കാര്യമില്ല. രണ്ടു മണിക്കൂര്‍ നീണ്ട മത്സരത്തിലാണ് അന്ന് സ്വര്‍ണ്ണം നേടാനായത് – ബിന്ദ്ര പറയുന്നു. ഇത് ബിന്ദ്രയുടെ നാലാം ഒളിമ്പിക്സാണ്.
മറുവശത്ത് നിരാശയുമായാണ് ഗഗന്‍ നരംഗ് ഒരുങ്ങുന്നത്. ഇതിനു മുമ്പ് നടന്ന രണ്ട് ഒളിമ്പിക്സുകളില്‍ തിളങ്ങുന്നതിന് നരംഗിന് കഴിഞ്ഞിരുന്നില്ല. ലോക ചാപ്യന്‍ഷിപ്പിലും ഐഎസ്‌എസ്‌എഫ് ലോകകപ്പിലും, കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യാഡിലും മികച്ച പ്രകടനം നടത്തി നിരവധി മെഡലുകള്‍ നേടിയ താരമാണ് ഗഗന്‍ നരംഗ്. എന്നാല്‍ ഒളിമ്പിക് മെഡല്‍ ഇന്നും അകലെയാണ്. ഇതിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് നരംഗ് ഇന്ന് മത്സരിക്കാനിറങ്ങുക.
2004-ല്‍ ഏഥന്‍സ് ഒളിമ്പിക്സിലും 2008 ലെ ബീജിംഗ് മേളയിലും തനിക്ക് നിരാശയായിരുന്നു ഫലമെന്ന് നരംഗ് പറയുന്നു. മൂന്നാം തവണയായ ഇക്കുറി ലണ്ടനില്‍ തനിക്ക് മെഡല്‍ നേടാനാകുമെന്ന് നരംഗ് പ്രത്യാശിക്കുന്നു. ചൈനയുടെ ഷു ക്വിനാനില്‍നിന്നും ഇന്ത്യയുടെ രണ്ട് ഷൂട്ടര്‍മാരും കനത്തവെല്ലുവിളി നേരിടുമെന്നുറപ്പാണ്. ക്വിനാനിനെ പരാജയപ്പെടുത്തിയാണ് ബിന്ദ്ര ബീജിംഗില്‍ സ്വര്‍ണം നേടിയിരുന്നത്. 10 മീറ്റര്‍ കൂടാതെ നരംഗ് 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍, 50 മീറ്റര്‍ റൈഫിള്‍ പൊസിഷന്‍ വിഭാഗത്തിലും മത്സരിക്കുന്നുണ്ട്. ഒരു മെഡല്‍ നേടാനുള്ള നരംഗിന്റെ മോഹങ്ങള്‍ക്ക് നിരവധി അവസരങ്ങളാണ് ഇക്കുറിയുള്ളത്.
Short URL: http://www.janmabhumidaily.com/jnb/?p=67049