ആന്ധ്രയില്‍ ട്രെയിനിന് തീപിടിച്ച് 47 പേര്‍ മരിച്ചു

ഹൈദരാബാദ്‌: ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്ത്‌ ട്രെയിനിനു തീപിടിച്ചു 47 പേര്‍ മരിച്ചു. ചെന്നൈ – ന്യൂദല്‍ഹി തമിഴ്‌നാട്‌ എക്സ്‌പ്രസിലെ എസ്‌ 11 കോച്ചിനാണ്‌ തീപിടിച്ചത്‌. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. നിരവധി പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു തീ പിടുത്തം.

അപകടമുണ്ടാകുമ്പോള്‍ യാത്രക്കാരില്‍ മിക്കവരും നല്ല ഉറക്കത്തിലായിരുന്നു. ട്രെയിനിലെ ടോയ്‌ലറ്റിന് സമീപത്തുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിനു കാരണമെന്ന്‌ കരുതുന്നു. അഗ്നിബാധയില്‍ ഗുരുതരമായി പൊള്ളലേറ്റ നിരവധി പേരെ നെല്ലൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റെയില്‍വേ അഡീഷണല്‍ ഡിജി അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ ആശുപത്രിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

72 യാത്രക്കാരാണ്‌ തീപിടിച്ച ബോഗിലിലുണ്ടായിരുന്നത്‌. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. ഫയര്‍ഫോഴ്സും റെയില്‍വേ സുരക്ഷ സേനയുമായുമാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌. അപകടമുണ്ടായ ശേഷം നിരവധി യാത്രക്കാര്‍ പുറത്തിറങ്ങാനാകാതെ കോച്ചിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇതാണ്‌ മരണസംഖ്യ ഉയര്‍ത്തിയത്‌. നെല്ലൂര്‍ റെയില്‍വേ ഡപ്യൂട്ടി സ്റ്റേഷന്‍ മാസ്റ്ററാണ്‌ ട്രെയിനിന്റെ തീപിടുത്തം ആദ്യം കാണുന്നത്‌. ഉടന്‍തന്നെ ട്രെയിനില്‍ നിന്നു യാത്രക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തീ അതിവേഗം പടരുകയായിരുന്നു.

ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍: 0861 2331477, 0861 2576924. തീവണ്ടിയപകടത്തിന്‌ ഇരയായവരുടെ ആശ്രിതര്‍ക്ക്‌ റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ അഞ്ച്‌ ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക്‌ ഒരു ലക്ഷം രൂപയുമാണ്‌ ലഭിക്കുക. നിസാര പരിക്കേറ്റവര്‍ക്ക്‌ 25,000 രൂപയും നല്‍കും.

Short URL: http://www.janmabhumidaily.com/jnb/?p=67071



Posted by admin on Jul 30 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011