ഷുക്കൂര്‍ വധം: രാജേഷിനെ ചോദ്യം ചെയ്തു; ജയരാജനെ ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യും

കണ്ണൂര്‍: ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ്‌ എംഎല്‍എയെ ചോദ്യം ചെയ്തു. രാവിലെ 11 ന്‌ കണ്ണൂര്‍ ടൗണ്‍ സിഐ ഓഫീസില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ ആദ്യമായാണ് രാജേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. നിയമസഭ നടക്കുന്നതിനാല്‍ രാജേഷിന്റെ ആവശ്യപ്രകാരം നേരത്തേ ചോദ്യം ചെയ്യല്‍ മാറ്റിവച്ചിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട്‌ 75 ഓളം ചോദ്യങ്ങള്‍ പോലീസ്‌ തയാറാക്കിയിരുന്നു. ഇതനുസരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ നേരത്തെ രണ്ടുതവണ ചോദ്യം ചെയ്യുമ്പോള്‍ തയാറാക്കിയിരുന്ന ചോദ്യങ്ങളും പോലീസ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. എസ്‌പി രാഹുല്‍ ആര്‍. നായര്‍, കണ്ണൂര്‍ ഡിവൈഎസ്‌പി പി. സുകുമാരന്‍, സിഐ യു. പ്രേമന്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ്‌ രാജേഷിനെ ചോദ്യം ചെയ്തത്‌.

ഷുക്കൂര്‍ വധക്കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് കണ്ണൂര്‍ എസ്‌പി രാഹുല്‍ എസ് നായര്‍ പറഞ്ഞു‍. സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ വീണ്ടും ചോദ്യംചെയ്യുമെന്നും അന്വേഷണസംഘം അറിയിച്ചു. കണ്ണൂര്‍ സി.ഐ ഓഫീസില്‍ വച്ച് മറ്റന്നാളാണ് ചോദ്യംചെയ്യുക.

അറിയാവുന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞതായി രാജേഷ്‌ ചോദ്യം ചെയ്യലിന്‌ ശേഷം പ്രതികരിച്ചു. എല്ലാവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുപോലെയേ തന്നെയും വിളിപ്പിച്ചുള്ളൂവെന്നും രാജേഷ്‌ കൂട്ടിച്ചേര്‍ത്തു. രാജേഷിനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോലീസ്‌ സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കണ്ണൂര്‍ നഗരത്തിലും ചോദ്യം ചെയ്യുന്ന സിഐ ഓഫീസ്‌ പരിസരത്തും സായുധ പോലീസിനെയും വിന്യസിച്ചിരുന്നു.

പട്ടുവം അരിയിലില്‍ പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരേ ആക്രമണമുണ്ടായതിനു പിന്നാലെയാണു ഷുക്കൂര്‍ കൊല്ലപ്പെട്ടത്‌. നേതാക്കളെ ആക്രമിച്ചതിനു പ്രതികാരമായി ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പോലീസിന്റെ കണ്ടെത്തല്‍. തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയിലാണു ഗൂഢാലോചന നടന്നതെന്നും പോലീസ്‌ പറയുന്നു.

Short URL: http://www.janmabhumidaily.com/jnb/?p=67150



Posted by admin on Jul 30 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011