ജയില്‍രാജന്‍

കണ്ണൂര്‍: തളിപ്പറമ്പ്‌ അരിയിലിലെ എംഎസ്‌എഫ്‌ പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ ഇന്നലെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ജയരാജനെ കോടതി 14 വരെ റിമാന്റ്‌ ചെയ്തു. തുടര്‍ന്ന്‌ ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.

കൊലപാതകം നടക്കുമെന്നറിയാമായിരുന്നിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ശിക്ഷാ നിയമം 118 പ്രകാരമാണ്‌ ജയരാജനെ അറസ്റ്റ്‌ ചെയ്തത്‌. കേസില്‍ 38-ാ‍ം പ്രതിയായി പേര്‌ ചേര്‍ക്കപ്പെട്ട ജയരാജനെ നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വീണ്ടും ചോദ്യം ചെയ്യാനായി സിഐ ഓഫീസില്‍ വിളിച്ചു വരുത്തിയ ശേഷമാണ്‌ അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ യു.പ്രേമന്‍ ജയരാജന്റെ അറസ്റ്റ്‌ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്‌.

രാവിലെ 11 മണിയോടെ ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്നും നേതാക്കള്‍ക്കൊപ്പം സിഐ ഓഫീസിലേക്ക്‌ പ്രകടനമായാണ്‌ ജയരാജന്‍ എത്തിയത്‌. സിപിഎം നേതാക്കളായ പി.കെ.ശ്രീമതി, എം.വി.ജയരാജന്‍, കെ.കെ.രാഗേഷ്‌, കെ.പി.സഹദേവന്‍, എംഎല്‍എമാരായ ജെയിംസ്‌ മാത്യു, കെ.കെ.നാരായണന്‍, ടി.കൃഷ്ണന്‍ തുടങ്ങി നിരവധി നേതാക്കള്‍ ജയരാജനോടൊപ്പമുണ്ടായിരുന്നു. കൂടാതെ അഭിഭാഷകരായ നിക്കോളാസ്‌ ജോസഫ്‌, വി.പി.ശശിധരന്‍, പി.കെ.അന്‍വര്‍ എന്നിവരും ഉണ്ടായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 20 നാണ്‌ കണ്ണപുരം കീഴറയില്‍ വെച്ച്‌ പട്ടുവം അരിയിലിലെ എംഎസ്‌എഫ്‌ പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്‌. അരിയിലില്‍ മുസ്ലീം ലീഗ്‌ അക്രമത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്ന പി.ജയരാജന്‍, ടി.വി.രാജേഷ്‌ എംഎല്‍എ എന്നിവര്‍ക്ക്‌ നേരെ ലീഗ്‌ പ്രവര്‍ത്തകര്‍ അരിയിലില്‍ വെച്ച്‌ അക്രമമഴിച്ചുവിടുകയും തുടര്‍ന്ന്‌ പരിക്കേറ്റ ഇരുവരും തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. ഇരുവരും ആശുപത്രിയില്‍ വെച്ച്‌ ഗൂഢാലോചന നടത്തിയതായുള്ള മൊഴികള്‍ പിടിയിലായ പ്രതികളില്‍ നിന്ന്‌ ലഭിച്ചതിനെ തുടര്‍ന്നാണ്‌ ജയരാജനെ ചോദ്യം ചെയ്തതും ഇപ്പോള്‍ അറസ്റ്റ്‌ ചെയ്തതും. ജയരാജനെ അറസ്റ്റ്‌ ചെയ്ത്‌ എസ്‌.പിയുടെ നേതൃത്വത്തില്‍ പോലീസ്‌ വാഹനത്തില്‍ കയറ്റുന്നതിനിടയില്‍ സിഐ ഓഫീസ്‌ പരിസരത്ത്‌ തടിച്ചു കൂടിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസ്‌ വാഹനങ്ങള്‍ക്കും പോലീസിനും നേരെ കല്ലേറും അക്രമവും നടത്തി. കോടതിക്ക്‌ മുന്നിലും ഏറെനേരം സംഘര്‍ഷാവസ്ഥ നിലനിന്നു. കോടതിക്ക്‌ മുന്നില്‍ തടിച്ചുകൂടിയവരെ അകറ്റുന്നതിനായി പോലീസ്‌ രണ്ടു തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. അറസ്റ്റിന്‍ തുടര്‍ന്ന്‌ ജില്ലയില്‍ ഉടനീളം സിപിഎമ്മുകാര്‍ അക്രമമഴിച്ചുവിട്ടു. ജില്ലയിലെ സിഐ ഓഫീസുകളിലേക്ക്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ പല സ്ഥലത്തും അക്രമാസക്തമായി. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ നിരവധി കോണ്‍ഗ്രസ്‌, ലീഗ്‌ ഓഫീസുകളും പോലീസ്‌, സര്‍ക്കാര്‍ വാഹനങ്ങളും ഓഫീസുകളും ആക്രമിക്കപ്പെട്ടു. ജില്ലയില്‍ വ്യാപകമായ അക്രമം നടന്ന പശ്ചാത്തലത്തില്‍ ഇന്നലെ ഉച്ചയോടെ ജില്ലയില്‍ പോലീസ്‌ ആക്ട്‌ അനുസരിച്ച്‌ രണ്ടു ദിവസത്തേക്ക്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഷുക്കൂര്‍ വധക്കേസില്‍ ടി.വി.രാജേഷ്‌ എംഎല്‍എയെ 39-ാ‍ം പ്രതിയായി പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്‌. ഇയാളുടെ അറസ്റ്റും ഉടനുണ്ടാകുമെന്ന്‌ സൂചനയുണ്ട്‌. അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ സിപിഎം സംസ്ഥാന വ്യാപകമായി ഇന്ന്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്തിട്ടുണ്ട്‌.

പി.ജയരാജനെ അറസ്റ്റ്‌ ചെയ്തതിനെ തുടര്‍ന്ന്‌ ജില്ലയില്‍ വ്യാപകമായി സിപിഎം അക്രമമഴിച്ചുവിട്ടു. കണ്ണൂര്‍ അടക്കമുള്ള വിവിധ ടൗണുകളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. കണ്ണൂര്‍ നഗരത്തില്‍ ജയരാജന്റെ അറസ്റ്റ്‌ രേഖപ്പെടുത്തി നിമിഷങ്ങള്‍ക്കുള്ളില്‍ സിഐ ഓഫീസിന്‌ പുറത്ത്‌ നിലയുറപ്പിച്ചിരുന്ന സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലേറും അക്രമവും നടത്തി. എസ്പിയുടെ വാഹനത്തിനും പോലീസ്‌ വാനുകള്‍ക്കും ചില സ്വകാര്യ വാഹനങ്ങള്‍ക്കും നേരെ കല്ലേറ്‌ നടന്നു. ജയരാജനുമായി സിഐ ഓഫീസ്‌ ഗേറ്റ്‌ കടക്കുകയായിരുന്ന ഡിവൈഎസ്പിയുടെ വാഹനം നേതാക്കളടക്കമുളളവര്‍ ചേര്‍ന്ന്‌ തടഞ്ഞു. പോലീസ്‌ ഏറെ പണിപ്പെട്ടാണ്‌ വാഹനം പുറത്തു കടത്തിയത്‌.

സിപിഎം നടത്തിയ എസ്‌.പി ഓഫീസ്‌ മാര്‍ച്ചിനോടനുബന്ധിച്ചുണ്ടായ അക്രമത്തിന്റെ ഫോട്ടോ എടുക്കുകയായിരുന്ന മാതൃഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ കുമാര്‍, കണ്ണൂര്‍ വിഷന്‍ ക്യാമറാമാന്‍ എന്നിവര്‍ക്ക്‌ പരിക്കേറ്റു.

ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി ജില്ലയില്‍ ഇന്നലെ വൈകുന്നേരം 4 മണി മുതല്‍ മറ്റൊരു ഉത്തരവുണ്ടാകും വരെ ജില്ലാ കളക്ടര്‍ 144(2) സിആര്‍പിസി പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌.

സ്വന്തം ലേഖകന്‍


Short URL: http://www.janmabhumidaily.com/jnb/?p=67572



Posted by admin on Aug 1 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011