വിജയകുമാറിലൂടെ വെള്ളിത്തിളക്കം
ലണ്ടന്‍: തിരിച്ചടികള്‍ക്കൊണ്ട് നട്ടംതിരിഞ്ഞ ഇന്ത്യക്ക് ഒളിമ്പിക്സില്‍നിന്നും ഒരു വെള്ളിത്തിളക്കം. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ സൈനികനായ വിജയ് കുമാറാണ് ഇന്ത്യയെ വെള്ളിത്തേരിലേറ്റിയത്. ഫൈനലില്‍ 30 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് വിജയകുമാര്‍ ചരിത്ര നേട്ടത്തിന് ഉടമയായത്. ലണ്ടന്‍ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. രണ്ടും ഷൂട്ടിംഗ് റേഞ്ചില്‍നിന്നും ഇന്ത്യ വെടിവെച്ചിടുകയായിരുന്നു. ഈ ഇനത്തില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയത് ക്യൂബയുടെ ലോറിസ് പൂപ്പോയാണ്. 34 പോയിന്റ് കരസ്ഥമാക്കിയാണ് ക്യൂബന്‍താരം റെക്കാര്‍ഡിട്ടത്. ചൈനീസ് താരം ഫെറ്റ് ഡിങ് വെങ്കലം കരസ്ഥമാക്കി.
മികച്ച പ്രകടനം കാഴ്ചവെച്ച വിജയകുമാര്‍ ഫൈനലില്‍ 5,4,4,3,4,4,4,2 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. അവസാന ഷോട്ടില്‍ രണ്ടെണ്ണം പാഴായത് ഇന്ത്യന്‍ താരത്തിന്റെ സ്കോര്‍ കുറച്ചു. ഇതുമൂലം രണ്ട് പോയിന്റ് മാത്രമാണ് വിജയകുമാറിന് നേടാനായത്. ഈ നഷ്ടം ഇന്ത്യന്‍ താരത്തിന് സുവര്‍ണ്ണനേട്ടത്തിലേക്കുള്ള വഴി തടയുകയായിരുന്നു.
50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഇനത്തില്‍ ഇന്ത്യയുടെ ജോയ്ദീപ് കര്‍മാകര്‍ വെങ്കലമെഡലിനരികെ എത്തി പുറത്തായതിനുശേഷമായിരുന്നു വിജയകുമാറിന്റെ പ്രകടനം. ഫൈനല്‍ റൗണ്ടില്‍ നാലാമതായാണ് കര്‍മാകര്‍ ഫിനിഷ് ചെയ്തത്. 699.1 പോയിന്റാണ് കര്‍മാകര്‍ നേടിയത്. വെങ്കല മെഡല്‍ നേടിയ സ്ലേവേനിയയുടെ രാജ്മണ്ട് ദെബേവെച്ചിന് 701 പോയിന്റ് മാത്രമാണ് നേടാനായത്. 1.9 പോയിന്റ് വ്യത്യാസത്തില്‍ കര്‍മാകറിന് വെങ്കലം നഷ്ടമാകുകയായിരുന്നു.
ബെലാറസിന്റെ സെര്‍ജി മാര്‍ട്ടിനോവ് ഈ ഇനത്തില്‍ ലോക റെക്കാര്‍ഡോടെ സ്വര്‍ണ്ണം നേടി. 705.5 പോയിന്റാണ് സെര്‍ജി നേടിയത്. ഈ വിഭാഗത്തിലെ വെള്ളി ബെല്‍ജിയം താരം ലയണല്‍ കോക്സ് നേടി.
Short URL: http://www.janmabhumidaily.com/jnb/?p=67908