ഫുട്ബോള്‍: ജപ്പാനും ദക്ഷിണ കൊറിയയും സെമിയില്‍

ലണ്ടന്‍: പുരുഷ ഫുട്ബോളില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാനും ദക്ഷിണ കൊറിയയും സെമിയിലേക്ക് കുതിച്ചു. ജപ്പാന്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഈജിപ്റ്റിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ ദക്ഷിണ കൊറിയ ആതിഥേയരായ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കീഴടക്കിയാണ് സെമിയില്‍ പ്രവേശിച്ചത്. ഹോണ്ടുറാസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി ബ്രസീലും സെനഗലിനെ അധികസമയത്ത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മെക്സിക്കോയും അവസാന നാലില്‍ ഇടംപിടിച്ചിട്ടുണ്ട്.
സെമിയില്‍ ബ്രസീലിന്റെ എതിരാളി ദക്ഷിണ കൊറിയയും രണ്ടാം സെമിയില്‍ മെക്സിക്കോയുടെ എതിരാളി ജപ്പാനുമാണ്. നാളെയാണ് സെമിപോരാട്ടങ്ങള്‍.
ഒരൊറ്റ ദിവസം മാത്രം ആറ് സ്വര്‍ണം നേടിയതിന്റെ സന്തോഷം ബ്രിട്ടീഷ് ജനത ആഘോഷിക്കുന്നതിനിടയിലാണ് ഫുട്ബോള്‍ ടീം ദക്ഷിണ കൊറിയയോട് ഷൂട്ടൗട്ടില്‍ തോല്‍വി ഏറ്റുവാങ്ങിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. സ്ട്രൈക്കര്‍ ഡാനില്‍ സ്റ്ററിഡ്ജാണ് നിര്‍ണായക കിക്ക് പാഴാക്കി ടീമിന് പരാജയം സമ്മാനിച്ചത്. ആരണ്‍ രാംസെ, ടോം ക്ലെവേളി, ക്രെയ്ഗ് ഡോസണ്‍, ഋയാന്‍ ഗിഗസ് എന്നിവര്‍ ബ്രിട്ടനുവേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ അവസാനമായി സ്റ്ററിഡ്ജെടുത്ത കിക്ക് ഗോളി സങ്ഗ്രിയോങ്ങ് യുങ്ങ് തട്ടിയകറ്റുകയായിരുന്നു. ദക്ഷിണ കൊറിയക്കുവേണ്ടി ജാചൂല്‍ കൂ, സങ്ങ്ദോങ്ങ് ബെയ്ക്, സിയേഖൊ ക്വാങ്ങ്, ജോങ്ങ്‌വൂ പാര്‍ക്ക്, സങ്ങ് യ്‌വാങ്ങ് എന്നിവരാണ് ദക്ഷിണ കൊറിയയുടെ സ്കോറര്‍മാര്‍. 29-ാം മിനിറ്റില്‍ ഡോങ്ങ്‌വോന്‍ ജിയിലൂടെ ദക്ഷിണ കൊറിയയയാണ് ആദ്യം മുന്നിലെത്തിയത്. 36-ാം മിനിറ്റില്‍ ആരണ്‍ രാംസെ ഗോള്‍ മടക്കി.
രണ്ടു തവണ ലീഡ് വഴങ്ങിയശേഷം ലിയണാര്‍ഡൊ ഡാമിയോയുടെ ഇരട്ടഗോളിന്റെ ബലത്തിലാണ് ബ്രസീല്‍ ഹോണ്ടുറാസിന്റെ വെല്ലുവിളി മറികടന്ന് സെമിയിലേക്ക് കുതിച്ചത്. പന്ത്രണ്ടാം മിനിറ്റില്‍ മരിയോ മാര്‍ട്ടിനെസിലൂടെ ഹോണ്ടുറസാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 33-ാം മിനിറ്റില്‍ രണ്ടാം മഞ്ഞ കണ്ട് ഡിഫന്‍ഡര്‍ ക്രിസാന്റോ വില്‍മര്‍ പുറത്തായി ഹോണ്ടുറാസ് പത്തു പേരായി ചുരുങ്ങിയ ഉടനെയാണ് ഡാമിയോ ബ്രിസീലിന് സമനില നേടിക്കൊടുത്തത്. രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ മിഡ്ഫീല്‍ഡര്‍ റോജര്‍ എസ്പിനോസ ഹോണ്ടുറാസിനെ വീണ്ടും മുന്നിലെത്തിച്ചു. 50-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍ താരം നെയ്മറാണ് ബ്രസീല്‍ സമനില നേടിയത്. പിന്നീട് 60-ാം മിനിറ്റില്‍ ഡാമിയോ വിജയഗോള്‍ വലയിലാക്കി ബ്രസീലിന് വിജയം ഉറപ്പിക്കുകയും ചെയ്തു.
ഈജിപ്തിനെ ഏറെക്കുറെ അനായാസമായി തന്നെ കീഴടക്കിയാണ് ജപ്പാന്‍ മെക്സിക്കോയെ നേരിടാന്‍ യോഗ്യത നേടിയത്. ജപ്പാനുവേണ്ടി കെന്‍സുകെ നഗായി, മായ യോഷിദ, യുകി ഒട്സു എന്നിവര്‍ ലക്ഷ്യം കണ്ടു.
അത്യന്തം വാശിയേറിയ മത്സരത്തിന്റെ അധികസമയത്ത് നേടിയ രണ്ടു ഗോളിനാണ് മെക്സിക്കോ സെനഗലിനെ മറികടന്നത്. രണ്ടു ഗോളിന് മുന്നിട്ടുനിന്ന മെക്സിക്കോയെ അവസാനനിമിഷത്തെ ആവേശകരമായ തിരിച്ചുവരവു കൊണ്ട് പിടിച്ചു കെട്ടിയാണ് സെനഗല്‍ എക്സ്ട്രാ ടൈം ഗോളുകളില്‍ തോല്‍വി സമ്മതിച്ചത്.
Short URL: http://www.janmabhumidaily.com/jnb/?p=68228