മൂലമ്പിളളി പുനരധിവാസം: ഭവനവായ്പ പ്രശ്നം ലീഡ്‌ ബാങ്കുമായി ചര്‍ച്ചചെയ്ത്‌ തീര്‍ക്കുമെന്ന്‌ കളക്ടര്‍

കൊച്ചി: വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട്‌ പുനരധിവാസ ഭൂമി ലഭിച്ചവര്‍ക്ക്‌ ബാങ്കുകള്‍ ഭവന വായ്പ അനുവദിക്കുന്നില്ലെന്ന പ്രശ്നം ജില്ലാ ലീഡ്‌ ബാങ്കുമായി ചര്‍ച്ച ചെയ്ത്‌ പരിഹരിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌ പറഞ്ഞു. കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ ക്യാമ്പ്‌ ഓഫീസില്‍ ചേര്‍ന്ന പുനരധിവാസ പദ്ധതി അവലോകന യോഗത്തില്‍ പ്രതിനിധികള്‍ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
പുനരധിവാസ പദ്ധതിയില്‍ ഭൂമി ലഭിച്ചവര്‍ക്ക്‌ 25 വര്‍ഷത്തേക്കു കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയിലാണ്‌ ഭൂമി നല്‍കിയിട്ടുളളത്‌. ഇത്‌ ഈടായി സ്വീകരിച്ച്‌ ഭവന വായ്പ നല്‍കണമെന്ന്‌ ലീഡ്‌ ബാങ്കായ യൂണിയന്‍ ബാങ്ക്‌ രേഖാമൂലം മറ്റു ബാങ്കുകള്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നതാണ്‌. എന്നാല്‍ ഒരു ബാങ്കും ഇതംഗീകരിച്ച്‌ വായ്പ നല്‍കുന്നില്ലെന്നും ഇതുമൂലം പെയിലിങ്‌ കഴിഞ്ഞ പലവീടുകളുടെയും നിര്‍മാണം മുടങ്ങിയതായും പരാതി ഉയര്‍ന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന്‌ കളക്ടര്‍ വ്യക്തമാക്കി.
മൂലമ്പിളളി പാക്കേജിലുളളതും വിവിധ പുനരധിവാസ കേന്ദ്രങ്ങളിലായി വീട്‌ നിര്‍മിക്കുന്നതിന്‌ പെര്‍മിറ്റ്‌ എടുത്തവരുമായ 14 പേര്‍ക്ക്‌ കൂടി പെയിലിങ്‌ ചാര്‍ജായി 75000 രൂപ വീതം അനുവദിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതില്‍ മൂന്നു പേര്‍ കൊച്ചി നഗരസഭാതിര്‍ത്തിയിലും ബാക്കിയുളളവര്‍ തൃക്കാക്കര നഗരസഭ പരിധിയിലുളള പുനരധിവാസ ഭൂമിയിലുമാണ്‌ വീടു വയ്ക്കുന്നത്‌. ഇതു സംബന്ധിച്ച്‌ കഴിഞ്ഞ ജൂണ്‍ ആറിന്‌ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
മൂലമ്പിളളിയിലെ പുനരധിവാസഭൂമിയിലേക്കുളള റോഡിന്റെ നിര്‍മാണം 10 ദിവസത്തിനകം പൂര്‍ത്തീകരിക്കും. നിലവിലുളള റോഡ്‌ ദേശീയപാതയില്‍ നിന്ന്‌ കുത്തനെ ആണ്‌. ഇതുമൂലം വീടുപണിക്കുളള സാധനങ്ങളും മറ്റും ഇറക്കാന്‍ ബുദ്ധിമുട്ട്‌ നേരിടുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. കുത്തനെയുളള ഇറക്കം ലഘൂകരിക്കുന്നതിനായി മൂന്നുലക്ഷം രൂപയുടെ പദ്ധതി പൊതുമരാമത്ത്‌ വകുപ്പ്‌ സമര്‍പ്പിച്ചത്‌ അംഗീകരിച്ച ജില്ലാ കളക്ടര്‍ സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ചു.
മൂലമ്പിളളി പാക്കേജിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും ഇതിനകം നടപ്പാക്കിയതായി യോഗം വിലയിരുത്തി. തര്‍ക്കമുളള രണ്ടു മൂന്നു കേസുകളില്‍ നയപരമായ തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ അടിയന്തര തീരുമാനത്തിന്‌ ശ്രമിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. കൂടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക്‌ ഭാവിയില്‍ ജോലിയുള്‍പ്പെടെയുളള കാര്യങ്ങളില്‍ മുന്‍ഗണന ലഭിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ടവരെന്ന്‌ തെളിയിക്കുന്ന സാക്ഷ്യപത്രം നല്‍കണമെന്ന്‌ യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇക്കാര്യത്തിലും ഉടന്‍ തീരുമാനമെടുക്കാമെന്ന്‌ ജില്ലാ കളക്ടര്‍ വ്യക്തമാക്കി. യോഗത്തില്‍ സമതിയംഗങ്ങളായ സി.ആര്‍.നീലകണ്ഠന്‍, റജികുമാര്‍, ഫ്രാന്‍സിസ്‌ കളത്തുങ്കല്‍, കുരുവിള മാത്യൂസ്‌, എല്‍.എ ഡപ്യൂട്ടി കളക്ടര്‍ മോഹന്‍ദാസ്‌ പിളള തുടങ്ങിയവര്‍ പങ്കെടുത്തു.

Short URL: http://www.janmabhumidaily.com/jnb/?p=68578



Posted by admin on Aug 8 2012. Filed under ERNAKULAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011