അര്‍ജന്റീനക്കും ബ്രസീലിനും ജയം; ഹോളണ്ടിന്‌ തോല്‍വി

ലണ്ടന്‍: രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ലോക ഫുട്ബോളിലെ കരുത്തരായ ബ്രസീലിനും ഇംഗ്ലണ്ടിനും അര്‍ജന്റീനക്കും സ്പെയിനിനും പോര്‍ച്ചുഗലിനും വിജയം സ്വന്തമായപ്പോള്‍ കരുത്തരായ ജര്‍മ്മനിക്കും ഇറ്റലിക്കും ഹോളണ്ടിനും പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
ജര്‍മ്മനി ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയോടാണ്‌ ദയനീയ പരാജയം ഏറ്റുവാങ്ങിയതെങ്കില്‍ ഇറ്റലി ഇംഗ്ലണ്ടിന്റെ കരുത്തിന്‌ മുന്നിലാണ്‌ അടിയറവ്‌ പറഞ്ഞത്‌. നിലവിലെ ലോക-യൂറോ ചാമ്പ്യന്മാരായ സ്പെയിന്‍ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ പ്യൂര്‍ട്ടോറിക്കയെ കീഴടക്കി.

സൂപ്പര്‍ പോരാട്ടത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി പെനാല്‍റ്റി നഷ്ടപ്പെടുത്തിയിട്ടും ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്കാണ്‌ അര്‍ജന്റീന ജര്‍മ്മനിയെ കീഴടക്കിയത്‌. മറ്റു സൗഹൃദമത്സരങ്ങളില്‍ ഹോളണ്ടിനെ ബെല്‍ജിയം ഞെട്ടിച്ചപ്പോള്‍ (4-2) കഴിഞ്ഞ യൂറോകപ്പിലെ തോല്‍വിക്ക്‌ ഇംഗ്ലണ്ട്‌ ഇറ്റലിയോട്‌ കണക്കുതീര്‍ത്തു (2-1). സ്വീഡനെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ കീഴടക്കി ബ്രസീല്‍ ഒളിമ്പിക്‌ ഫൈനലിലെ തോല്‍വിയുടെ ഞെട്ടലില്‍ നിന്ന്‌ തിരിച്ചുവന്നു. ഫാബിയോ കപ്പല്ലോയുടെ കീഴില്‍ ആദ്യമായി ബൂട്ടണിഞ്ഞ റഷ്യയും ഫ്രാന്‍സും ഉറുഗ്വെയുമെല്ലാം സമനില കൊണ്ട്‌ തൃപ്തിപ്പെടേണ്ടിവന്നു.

ജര്‍മ്മനിക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനക്കായിരുന്നു സമ്പൂര്‍ണ്ണാധിപത്യം. എന്നാല്‍ 32-ാ‍ം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനാല്‍റ്റി പാഴാക്കുന്നത്‌ ഞെട്ടലോടെയാണ്‌ സ്റ്റേഡിയം തിങ്ങിനിറഞ്ഞ ആരാധകര്‍ കണ്ടത്‌. ഇതിന്‌ തൊട്ടുപുമുമ്പ്‌ 30-ാ‍ം മിനിറ്റില്‍ ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ റോണ്‍ റോബര്‍ സിയെലെര്‍ക്ക്‌ ചുവപ്പു കണ്ട്‌ പുറത്തുപോകേണ്ടിവന്നതോടെ മത്സരത്തില്‍ അര്‍ജന്റീന മാനസികമായ ആധിപത്യം നേടി. ഹോസ്‌ ഏസ്റ്റൊസോസയെ പിടച്ചു തള്ളിയിട്ടതിന്‌ കിട്ടിയ ശിക്ഷായായിരുന്നു അത്‌. പകരക്കാരനായി ബാറിനുകീഴെയെത്തിയ മാര്‍ക്‌ ആന്ദ്രെ ടര്‍ സ്റ്റെഗനാകട്ടെ മെസ്സിയുടെ കിക്ക്‌ പറന്നുവീണ്‌ രക്ഷപ്പെടുത്തി കൈയടി നേടുകയും ചെയ്തു. ഏഴ്‌ മിനിറ്റികം ഒരിക്കല്‍ക്കൂടി മെസ്സിയുടെ മാരകബൂട്ടില്‍ നിന്ന്‌ പന്ത്‌ റാഞ്ചി സ്റ്റെഗന്‍ ടീമിന്‌ പ്രതീക്ഷ നല്‍കി.

ആദ്യ പകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ജര്‍മ്മന്‍ താരം സമി ഖെദിരയുടെ സെല്‍ഫ്‌ ഗോളാണ്‌ അര്‍ജന്റീനയ്ക്ക്‌ ലീഡ്‌ സമ്മാനിച്ചത്‌. തുടര്‍ന്ന്‌ 52-ാ‍ം മിനിറ്റില്‍ മെസ്സി വല ചലിപ്പിച്ച്‌ ലീഡുയര്‍ത്തി. 73-ാ‍ം മിനിറ്റില്‍ ആഞ്ചല്‍ ഡി മരിയയുടെ വകയായിരുന്നു മൂന്നാം ഗോള്‍. പിന്നീട്‌ 81-ാ‍ം മിനിറ്റില്‍ ബനഡിക്ട്‌ ഹൊവെഡെസിലൂടെ ഒരു ഗോള്‍ മടക്കാനായത്‌ മാത്രമാണ്‌ ജര്‍മനിക്ക്‌ മത്സരത്തില്‍ ആശ്വസിക്കാനുണ്ടായിരുന്നത്‌. ആദ്യത്തെ അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ ഉക്രെയിനോട്‌ മൂന്ന്‌ ഗോള്‍ വഴങ്ങേണ്ടിവന്നതിന്റെ ക്ഷീണം മാറ്റാന്‍ ഇറങ്ങിയ ജര്‍മന്‍ ഗോളി സിയേലെറെയ്ക്ക്‌ രണ്ടാമത്തെ അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ ചുവപ്പുകാര്‍ഡ്‌ കാണേണ്ടിവന്നത്‌ വന്‍ തിരിച്ചടിയായി.

പതിനഞ്ച്‌ വര്‍ഷത്തിനുശേഷം നേടുന്ന ആദ്യ ജയമാണ്‌ ഇംഗ്ലണ്ട്‌ ഇറ്റലിക്കെതിരെ ആഘോഷിച്ചത്‌. ഒരു ഗോളിന്‌ പിന്നില്‍ നിന്ന ശേഷം അതിശക്തമായി തിരിച്ചടിച്ചാണ്‌ ഇംഗ്ലണ്ട്‌ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ജയം സ്വന്തമാക്കിയത്‌. പതിനഞ്ചാം മിനിറ്റില്‍ ഡാനിയേല ഡി റോസിയിലൂടെയാണ്‌ ഇറ്റലി ലീഡ്‌ നേടിയത്‌. എന്നാല്‍ പന്ത്രണ്ട്‌ മിനിറ്റിനുള്ളില്‍ തന്നെ ഇംഗ്ലണ്ട്‌ സമനില നേടി. ഫ്രാങ്ക്‌ ലംപാര്‍ഡിന്റെ കോര്‍ണറിന്‌ ഫില്‍ ജാഗിയെല്‍ക്ക തലവച്ചാണ്‌ ഗോള്‍ മടക്കിയത്‌. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന്‌ ഏതാണ്ട്‌ ഉറപ്പിച്ചിരിക്കുമ്പോഴാണ്‌ തീര്‍ത്തും അപ്രതീക്ഷിതമായി ജെര്‍മെയ്ന്‍ ഡിഫൊ വിജയഗോള്‍ നേടുന്നത്‌. കളി തീരാന്‍ പത്ത്‌ മിനിറ്റ്‌ ബാക്കിയുള്ളപ്പോള്‍ ഒരു പ്രത്യാക്രമണത്തിലൂടെ ജെയിംസ്‌ മില്‍നര്‍ 20 വാര അകലെനിന്ന്‌ കൊടുത്ത ഷോട്ടാണ്‌ ഡിഫോ വലയിലേയ്ക്ക്‌ വഴിതിരിച്ചുവിട്ടത്‌.

പെലെയുടെ സാന്നിധ്യത്തില്‍ ശരിക്കും ഒളിമ്പിക്സ്‌ ഫൈനലിലെ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന്‌ കരകയറാന്‍ സഹായിക്കുന്ന വിജയം തന്നെയാണ്‌ ബ്രസീല്‍ സ്വീഡനെതിരെ നേടിയത്‌. 32-ാ‍ം മിനിറ്റില്‍ ലിയാന്‍ഡ്രൊ ഡാമിയോയിലൂടെയാണ്‌ ബ്രസീല്‍ ആദ്യം ലീഡ്‌ നേടിയത്‌. പിന്നീട്‌ പകരക്കാരന്‍ പാറ്റൊ 85-ാ‍ം മിനിറ്റില്‍ ലീഡുയര്‍ത്തി. അവസാന നിമിഷം ലഭിച്ച ഒരു പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ പാറ്റോ തന്നെ പട്ടിക തികയ്ക്കുകയും ചെയ്തു.
ബ്രസ്സല്‍സില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ഹോളണ്ടിനെതിരെ ബെല്‍ജിയം ചരിത്രവിജയമാണ്‌ സ്വന്തമാക്കിയത്‌. രണ്ടിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ബെല്‍ജിയം വിജയിച്ച മത്സരത്തില്‍ വിജയശില്‍പി വിംഗറായ ഡ്രിസ്‌ മെര്‍ട്ടെസാണ്‌. ഒരു ഗോള്‍ നേടുകയും രണ്ടെണ്ണത്തിന്‌ വഴി തുറന്നുകൊടുക്കുകയും ചെയ്തത്‌ ഈ വിംഗറാണ്‌. ആദ്യപകുതിയുടെ 20-ാ‍ം മിനിറ്റില്‍ ക്രിസ്റ്റിയന്‍ ബെന്‍ടെകെയുടെ ഗോളിലൂടെ ആദ്യ മുന്നിലെത്തിയത്‌ ആതിഥേയര്‍ തന്നെ. എന്നാല്‍ 54-ാ‍ം മിനിറ്റില്‍ ലൂസിയാനോ നര്‍സിങ്ങിന്റെയും 55-ാ‍ം മിനിറ്റില്‍ ക്ലാസ്‌ യാന്‍ ഹണ്ട്ലറുടെയും മിന്നുന്ന രണ്ട്‌ ഗോളുകളിലിടെ ഡച്ച്പട മുന്നിലെത്തി.

പക്ഷേ, ഓറഞ്ച്‌ പടയെ കാത്ത്‌ വലിയ ദുരന്തം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. റൊമേലു ലുകാകുവും യാന്‍ വെര്‍ടോന്‍ഗെന്നും മാര്‍ട്ടെസും ചേര്‍ന്ന്‌ അഞ്ച്‌ മിനിറ്റിനിടെ മൂന്ന്‌ ഗോള്‍കൂടി ഡച്ച്‌വലയില്‍ നിക്ഷേപിച്ച്‌ ഞെട്ടിക്കുന്ന അട്ടിമറിവിജയം സ്വന്തമാക്കി. ഡച്ച്‌ ടീമിന്‌ മാത്രമല്ല, പുതിയ കോച്ച്‌ ലൂയി വാന്‍ഗാലിനും രണ്ടാം വരവിലെ തന്റെ ആദ്യ മത്സരത്തില്‍ കനത്ത ആഘാതമായി ഈ അപ്രതീക്ഷിത തോല്‍വി. 2002ലായിരുന്നു ഇതിന്‌ മുന്‍പ്‌ വാന്‍ഗാല്‍ ഡച്ച്ടീമിനെ പരിശീലിപ്പിച്ചത്‌.

മറ്റൊരു മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ പോര്‍ച്ചുഗല്‍ പനാമയെ കീഴടക്കി. 30-ാ‍ം മിനിറ്റില്‍ നെല്‍സണ്‍ ഒലിവേരയും 51-ാ‍ം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ്‌ പോര്‍ച്ചുഗലിന്‌ വേണ്ടി ഗോളുകള്‍ നേടിയത്‌.

മറ്റ്‌ പ്രധാന മത്സരങ്ങളില്‍ ദക്ഷിണ കൊറിയ സാംബിയയെയും (2-1) സ്കോര്‍ട്ട്ലന്‍ഡ്‌ ഓസ്ട്രേലിയയെയും (3-1) സ്ലോവേനിയ മൂന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ റുമാനിയയെയും സ്കോട്ട്ലന്റ്‌ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ ആസ്ട്രേലിയയെയും സ്വിറ്റ്സര്‍ലന്റ്‌ രണ്ടിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ക്രൊയേഷ്യയെയും ആസ്ട്രിയ 2-0ന്‌ തുര്‍ക്കിയെയും ഗ്രീസ്‌ 2-3ന്‌ നോര്‍വേയെയും തോല്‍പിച്ചപ്പോള്‍ ഡെന്മാര്‍ക്ക്‌ സ്ലൊവാക്യയോട്‌ തോറ്റു (1-3). ഫ്രാന്‍സും ഉറുഗ്വെയും തമ്മില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചപ്പോള്‍ ജപ്പാനും വെനസ്വലേയും ചൈനയും ഘാനയും തമ്മില്‍ നടന്ന മത്സരം ഓരോ ഗോളടിച്ച്‌ സമനിലയില്‍ കലാശിച്ചു.


Short URL: http://www.janmabhumidaily.com/jnb/?p=68810



Posted by admin on Aug 16 2012. Filed under FOOTBALL. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011